കെ.എസ്.എഫ്.ഇയിലും പുറംവാതിൽ നിയമനം തകൃതി
text_fieldsതിരുവനന്തപുരം: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കുകുത്തിയാക്കി കെ.എസ്.എഫ്.ഇയിലും പുറംവാതിൽ നിയമനം തകൃതി. ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേക്കാണ് മാനദണ്ഡം പാലിക്കാതെ താൽക്കാലികക്കാരെ തിരുകിക്കയറ്റുന്നത്.
നിരവധി ഒഴിവുകളുണ്ടെങ്കിലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അറിയിക്കുന്നില്ലെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. യഥാസമയം ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ, മുന്നൂറിലധികം ഒഴിവുകൾ നിലനിൽക്കെയാണ് ഒക്ടോബറിൽ എൽ.ജി.എസിന്റെ പി.എസ്.സി റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചത്. എന്നാൽ, അതിനുശേഷം ഒഴിവുകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റിപ്പോർട്ട് ചെയ്യാതെയാണ് പുറംവാതിൽ വഴി ആളെടുക്കുന്നത്. പല ബ്രാഞ്ച് മാനേജർമാരും അവരുടെ ഇഷ്ടക്കാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുകയാണ്.
പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലില്ലെങ്കിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഒഴിവുകൾ അറിയിച്ച് താൽക്കാലിക നിയമനം നടത്തണമെന്നാണ് വ്യവസ്ഥ. കാലാകാലങ്ങളായി നടന്നുവന്നിരുന്ന ഈ രീതിയാണ് ഇപ്പോൾ അട്ടിമറിക്കപ്പെടുന്നത്. ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ താൽക്കാലികക്കാരായി ജോലിയിൽ കയറിയവരിൽ വിമുക്തഭടന്മാരുമുണ്ട്. പെൻഷനും മറ്റാനുകൂല്യങ്ങളും വാങ്ങുന്നവരെ ഇത്തരം തസ്തികയിൽ നിയമിക്കുന്നതിലും വലിയ അഴിമതിയുണ്ടെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.