സഹകരണസംഘങ്ങൾ പുറത്ത്, നെല്ല് സംഭരണം സപ്ലൈക്കോക്ക് തന്നെ
text_fieldsതിരുവനന്തപുരം: നെല്ല് സംഭരണം സഹകരണസംഘങ്ങൾ വഴി നടത്താനുള്ള നീക്കം സർക്കാറും സി.പി.എമ്മും ഉപേക്ഷിച്ചു. നെല്ല് സംഭരണത്തിനുള്ള നോഡൽ ഏജൻസിയായി സപ്ലൈകോ തുടരും. ഇതിനുള്ള അനുമതി ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗം സപ്ലൈകോക്ക് നൽകി. എസ്.ബി.ഐ, കാനറ, ഫെഡറൽ ബാങ്കുകൾ ഉൾപ്പെട്ട ബാങ്ക് കൺസോർട്യത്തിൽനിന്ന് നെല്ല് സംഭരണവകയിൽ വാങ്ങിയ 2500 കോടി രൂപ തിരികെ നൽകാതെ സഹകരണ സംഘങ്ങൾക്ക് നെല്ല് സംഭരിക്കാൻ കഴിയില്ലെന്ന ചീഫ് സെക്രട്ടറി ഡോ.വി. വേണുവിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇക്കാര്യത്തിൽ സപ്ലൈകോക്ക് അധിക ധനസഹായം നൽകാൻ കേരള ബാങ്കിനുള്ള പരിമിതിയും കൂടി കണക്കിലെടുത്ത് 2500 കോടിയും അടച്ച് തീർക്കുന്നതുവരെ സപ്ലൈകോയും ബാങ്കുകളുടെ കൺസോർട്യവും തമ്മിലുള്ള സാമ്പത്തിക ക്രമീകരണം തുടരാൻ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. സഹകരണ സംഘങ്ങൾ ശേഖരിക്കുന്ന നെല്ല് മില്ലുകൾക്ക് നൽകി അരിയാക്കി സപ്ലൈകോക്ക് നൽകാനും സപ്ലൈകോയുടെ ചുമതല അരി വിപണനത്തിൽ മാത്രം ഒതുക്കാനുമായിരുന്നു സി.പി.എമ്മിന്റെ തീരുമാനം. എന്നാൽ, ഈ നീക്കത്തെ സി.പി.ഐ മന്ത്രിമാർ എതിർത്തു.
നെല്ല് സംഭരണത്തിൽ വർഷങ്ങളോളം പാരമ്പര്യമുള്ള സപ്ലൈകോയെ തഴഞ്ഞ് സഹകരണസംഘങ്ങൾക്ക് നൽകുന്നത് കേന്ദ്രസർക്കാർ എതിർക്കുമെന്നും ഇതു കേന്ദ്ര ധനസഹായം ഇല്ലാതാക്കാനും ഓഡിറ്റ് വിമർശനങ്ങൾക്ക് ഇടവരുത്തുമെന്നും ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അടക്കം യോഗത്തിൽ അറിയിച്ചു. നെല്ല് സംഭരണത്തിൽ സപ്ലൈകോക്ക് വീഴ്ച സംഭവിച്ചിട്ടില്ല. 2011-2022 കാലയളവിലെ നെല്ല് സംഭരിച്ച വകയിൽ സപ്ലൈകോക്ക് സംസ്ഥാന സർക്കാർ നൽകാനുള്ളത് 1055 കോടിയാണ്. ഈ തുക നൽകാതെ സപ്ലൈകോയെ പ്രതിസ്ഥാനത്ത് നിർത്തുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് മന്ത്രിസഭ യോഗത്തിലും ഉപസമിതിയും സി.പി.ഐ മന്ത്രിമാർ സ്വീകരിച്ചത്.
നെല്ല് സംഭരണത്തിനായി ധനവകുപ്പ് അനുവദിച്ച 200 കോടി കൺസോർട്യത്തിന് നൽകും. കൂടാതെ, കേന്ദ്രത്തിൽനിന്ന് ലഭിക്കേണ്ട 642 കോടിയോളം രൂപ ലഭിക്കുന്ന മുറക്ക് കൺസോർട്യത്തിൽ അടക്കും. കർഷകർക്കുള്ള പണം സമയബന്ധിതമായി കൺസോർട്യം വിതരണം ചെയ്യുന്നുവെന്ന് സപ്ലൈകോ ഉറപ്പുവരുത്തണം . ഈ കാര്യങ്ങൾ സമയബന്ധിതമായി നടക്കുന്നെന്ന് വരുത്താൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സെക്രട്ടറിതല സമിതിയെ മന്ത്രിസഭയോഗം ചുമതലപ്പെടുത്തി. സപ്ലൈകോയിൽ നെല്ലുസംഭരണം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ എല്ലാ ഡെപ്യൂട്ടേഷൻ ഒഴിവുകളും സമയബന്ധിതമായി നികത്താനും കൃഷി വകുപ്പിന് മന്ത്രിസഭയോഗം നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.