കെ.എസ്.ഇ.ബി ഉപഭോക്താക്കൾക്ക് അധികബാധ്യത; സ്മാർട്ട് മീറ്റർ ടെൻഡർ റദ്ദാക്കുന്നു
text_fieldsപാലക്കാട്: സ്മാർട്ട് മീറ്റർ നടപ്പായാൽ സാധാരണക്കാർക്ക് 80 രൂപ അധികബാധ്യത വരുമെന്നതിനാൽ ടെൻഡർ റദ്ദാക്കാൻ കെ.എസ്.ഇ.ബിയോട് സംസ്ഥാന ഊർജവകുപ്പ് ആവശ്യപ്പെട്ടു. സാധാരണക്കാരെ ബാധിക്കാത്ത വിധം സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ മൂന്ന് മാസത്തിനകം ബദൽ മാർഗം കണ്ടെത്തി കേന്ദ്ര അംഗീകാരം ലഭ്യമാക്കാനും ഊർജവകുപ്പ് ജോയന്റ് സെക്രട്ടറി സി.എസ്. പ്രീതി ഉത്തരവിൽ ആവശ്യപ്പെട്ടു. 6500 രൂപ മീറ്ററിന് ലഭ്യമാക്കാൻ ടെൻഡർ ചെയ്തെങ്കിലും കുറഞ്ഞ ക്വാട്ട് വന്നത് പോളാരിസ് എന്ന കമ്പനിയുടെ 9000 രൂപയാണ്. ടെൻഡർ അംഗീകരിച്ചാൽ സംസ്ഥാനത്ത് 37 ലക്ഷം സ്മാർട്ട് മീറ്റർ സ്ഥാപിക്കുകയെന്നത് വൻബാധ്യതയാകും. പ്രതിമാസം 100 യൂനിറ്റിൽ താഴെ മാത്രം വൈദ്യുതി ഉപയോഗിക്കുന്നവർക്ക് 79.59 രൂപയുടെ അധികബാധ്യത നിരക്കിനത്തിൽ വരും. ഈ ബാധ്യത അടിച്ചേൽപ്പിച്ച് സ്മാർട്ട് മീറ്റർ നടപ്പാക്കാനാവില്ലെന്നാണ് അധികൃതർ കെ.എസ്.ഇ.ബിയെ അറിയിച്ചത്.
അതേസമയം, സാധാരണക്കാരെ ബാധിക്കാത്ത രീതിയിൽ സ്മാർട്ട് മീറ്റർ നടപ്പാക്കാനുള്ള സാധ്യത തേടാമെന്നാണ് സർക്കാർ നിലപാട്. സംഘടനകളുടെ സമ്മർദത്തെത്തുടർന്ന് ഉപേക്ഷിച്ചാൽ സ്മാർട്ട് മീറ്റർ ഉൾപ്പെടുന്ന ആർ.ഡി.എസ്.എസ് (റീവാമ്പ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്കീം) പദ്ധതിയിൽ രണ്ട് ഘട്ടമായി ലഭിക്കുമായിരുന്ന 20,000 കോടിയിലേറെ രൂപ സംസ്ഥാനത്തിന് നഷ്ടമായേക്കുമെന്ന ആശങ്കയുള്ളതിനാലാണിത്. സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കാൻ ജൂലൈ 15 മുതൽ മൂന്ന് മാസത്തെ സാവകാശം ചോദിച്ച് കേന്ദ്ര ഊർജമന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ടെന്ന് കെ.എസ്.ഇ.ബിയെ ഊർജ വകുപ്പ് അറിയിച്ചു. ഇതുസംബന്ധിച്ച മറുപടി ലഭിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു.
ടോട്ടക്സ് മാതൃകയിൽ (കരാർ കമ്പനി ചെലവ് മുഴുവൻ വഹിക്കുകയും പിന്നീട് തിരിച്ച് ഈടാക്കുകയും ചെയ്യുന്ന നടത്തിപ്പ്) സ്വകാര്യകമ്പനികളെ ഏൽപിക്കുന്നതിൽ പ്രതിഷേധിച്ച് സി.പി.എം അനുകൂല സംഘടനകളടക്കം ഇപ്പോഴും പ്രക്ഷോഭത്തിലാണ്.
സി.പി.എം പോളിറ്റ്ബ്യൂറോ അടക്കം പദ്ധതിയിൽ വിയോജിപ്പ് പ്രകടിപ്പിച്ചതിന് പുറമെ സ്മാർട്ട് മീറ്റർ വിഷയത്തിലെ എതിർപ്പും ഇടത് നിലപാടുകളും സംബന്ധിച്ച് എളമരം കരീം എം.പിയുടെ ലേഖനം കഴിഞ്ഞ ദിവസം ‘ദേശാഭിമാനി’യിൽ വരുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് അൽപം വ്യത്യസ്തമായി നിലപാട് മയപ്പെടുത്തി ബുധനാഴ്ച ഉത്തരവ് ഇറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.