അമിത ജോലിഭാരം; വീർപ്പുമുട്ടി വിദ്യാഭ്യാസവകുപ്പ് ജീവനക്കാർ
text_fieldsപാലക്കാട്: വൈക്കത്ത് വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്യാനിടയായത് വകുപ്പിൽ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും യഥാസമയങ്ങളിൽ നടത്താത്തതിനെത്തുടർന്നുള്ള സമ്മർദം മൂലമാണെന്ന് പരാതി. വൈക്കം എ.ഇ.ഒ ഓഫിസിലെ സീനിയർ സൂപ്രണ്ട് ശ്യാംകുമാറാണ് കഴിഞ്ഞദിവസം ജീവനൊടുക്കിയത്. എ.ഇ.ഒയുടെ അധിക ചുമതലയും ഇദ്ദേഹത്തിനുണ്ടായിരുന്നു. നാല് മാസമായി വിദ്യാഭ്യാസവകുപ്പിലെ ഉയർന്ന തസ്തികകകളിൽ പലതും ഒഴിഞ്ഞുകിടക്കുകയാണ്. സീനിയർ സൂപ്രണ്ട്, ജൂനിയർ സൂപ്രണ്ട് തസ്തികകളിൽ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും നടക്കുന്നില്ല. 300 ലധികം എ.ഇ.ഒ, ഹെഡ്മാസ്റ്റർ തസ്തികകളിൽ ആളില്ല. പല എ.ഇ.ഒ പോസ്റ്റുകളിലും നിയമനം നടത്താതെ ശ്യാംകുമാറിനെപോലെ സീനിയർ സൂപ്രണ്ട് പോസ്റ്റിലിരിക്കുന്നവരെ അധികജോലി ഏൽപ്പിച്ചാണ് മുന്നോട്ടുകൊണ്ടുപോകുന്നത്.
സീനിയർ സൂപ്രണ്ടുമാർക്ക് ഉപജില്ല വിദ്യാഭ്യാസ ഓഫിസറുടെ ചുമതല നൽകിയ ഏഴ് ഉപജില്ലകളുണ്ട്. ചാവക്കാട്, ഇരിട്ടി, തിരൂർ, കരുനാഗപ്പിള്ളി, വെണ്ണിക്കുളം, ചങ്ങനാശേരി, വൈക്കം എന്നിവിടങ്ങളിൽ എ.ഇ.ഒ മാരുടെ ചുമതലകളിൽ സീനിയർ സൂപ്രണ്ടുമാരാണുള്ളത്. ഉയർന്ന തസ്തികകളായ അഡ്മിസ്ട്രേറ്റീവ് അസിസ്റ്റൻറ്, അസിസ്റ്റന്റ് പ്രൊവിഡണ്ട് ഫണ്ട് ഓഫിസർ, അക്കൗണ്ട്സ് ഓഫീസർ തസ്തികകളിൽ വിവിധ ജില്ലകളിലായി അഞ്ച് ഒഴിവുകളുണ്ട്. പാലക്കാട്, കോഴിക്കോട് , കാസർകോട് ജില്ലകളിൽ ഓരോ തസ്തികയും വയനാട്ടിൽ രണ്ട് തസ്തികയുമാണ് ഒഴിഞ്ഞുകിടക്കുന്നത്. തൃശൂർ, ആലുവ വിദ്യാഭ്യാസ ജില്ലകളിൽ പി.എ ടു ഡി.ഇ.ഒ തസ്തികകളിൽ ആരുമില്ല. തിരൂർ, ഒറ്റപ്പാലം, വൈക്കം എന്നിവിടങ്ങളിൽ ഒന്നും തൊടുപുഴയിൽ രണ്ടും സീനിയർ സൂപ്രണ്ട് തസ്തികകളിൽ ആളില്ല. ഓഫിസ് ജോലികൾ മാത്രം നിർവഹിക്കേണ്ട ഉദ്യോഗസ്ഥർ കലാമേള, കായിക മേള, ശാസ്ത്രമേള, യോഗങ്ങൾ, മറ്റ് അക്കാദമിക് കാര്യങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യാനാവാതെ സമ്മർദത്തിലാണെന്ന് വിദ്യാഭ്യാസവകുപ്പ് മിനിസ്റ്റീരിയൽ സ്റ്റാഫ് യൂനിയൻ ഭാരവാഹികൾ പറഞ്ഞു. സ്ഥലംമാറ്റവും പ്രമോഷനുകളും യഥാസമയങ്ങളിൽ നടത്താതെ സബ് ഓഫിസുകളിലെ ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്ന ഡയറക്ടറേറ്റിലെ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സ്റ്റാഫ് യൂനിയൻ ആവശ്യപ്പെട്ടു. സംഘടന പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും, പ്രിൻസിപ്പൽ സെക്രട്ടറിക്കും നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.