കടയുടമ പൂട്ടിയ കടമുറികൾ വാടകക്കാരൻ കുത്തിത്തുറന്നു; പിന്നാലെ നാടകീയ സംഭവങ്ങളും
text_fieldsകുറ്റ്യാടി: വാടകക്കാരൻ ഒഴിയാത്തിനാൽ കെട്ടിടമുടമ പൂട്ടിയ മുറികൾ വാടകക്കാരൻ കുത്തിത്തുറന്നു. കുറ്റ്യാടി ടൗണിൽ റിവർ റോഡിൽ തളീക്കര പിലാക്കോട് കുഞ്ഞമ്മദ് കള്ളാട് സ്വദേശി വിജയകുമാറിന് 16 വർഷം മുമ്പ് മര ഉരുപ്പടികൾ നിർമിക്കുന്നതിന് വാടകക്ക് നൽകിയ കടമുറിയെ ചൊല്ലിയാണ് കശപിശ. ആവശ്യപ്പെട്ടിട്ടും മുറി ഒഴിയാത്തിനാൽ ഉടമ ഒരാഴ്ച മുമ്പ് മറ്റൊരു പൂട്ടിട്ട് പൂട്ടി.
വ്യാപാരി സംഘടന നേതാക്കൾ ആവശ്യപ്പെട്ടിട്ടും തുറന്നു കൊടുക്കാതായതോടെ വാടകക്കാരൻ കുടുംബവുമായെത്തി പൂട്ട് പൊളിച്ച് അകത്ത് കയറുകയായിരുന്നു. ഇതറിഞ്ഞ ഉടമയും ഭാര്യയെയും മക്കളെയും കൂട്ടിയെത്തി മുറിക്കകത്ത് ഇരിപ്പായി. ഇരു കുടുംബവും കടക്കുള്ളിൽ താമസമാക്കും എന്ന് അറിയിച്ചതോടെ സന്ധ്യയോടെ ഗ്രാമപഞ്ചായത്ത് ഭാരവാഹികൾ സ്ഥലത്തെത്തി ഇരു കൂട്ടരെയും ചർച്ചചെയ്യാമെന്ന ധാരണയിൽ തർക്കം താൽക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. അതുവരെ കട വാടകക്കാരൻ തുറക്കാമെന്നും തീരുമാനിച്ചു.
കടമുറികൾ ഉൾപ്പെടുന്ന കെട്ടിടം ഉടമ ഏതാനും മാസം മുമ്പ് വിൽപന നടത്തിയതാണ്. ഇതേ തുടർന്ന് വാടകക്കാരൻ മുറിയൊഴിയുകയും യന്ത്രങ്ങൾ മാറ്റുകയും ചെയ്തതാണ്. എന്നാൽ ഇപ്പോൾ ആനുകൂല്യം ആവശ്യപ്പെട്ടാണ് തിരികെ വന്നതെന്ന് കെട്ടിടമുടമ പറഞ്ഞു. എന്നാൽ മുറികൾ പൂട്ടിയിട്ടതിനാൽ ഒരാഴ്ച പണിയെടുക്കാൻ കഴിഞ്ഞില്ലെന്ന് വിജയകുമാർ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡൻറ് ഒ.ടി. നഫീസ, ൈവസ് പ്രസിഡൻറ് ടി.െക. മോഹൻദാസ്, മെംബർ എ.സി. അബ്ദുൽ മജീദ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് ഒ.വി. ലത്തീഫ്, വിജി ഗഫൂർ എന്നിവരാണ് സ്ഥലത്തെത്തിയത്. തിങ്കളാഴ്ച ചർച്ച നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.