സ്വകാര്യ ബസ് നിരക്ക് കൂട്ടണമെന്ന് ഉടമകൾ
text_fieldsതിരുവനന്തപുരം: എണ്ണവിലയും കോവിഡ് പ്രതിസന്ധിയും കണക്കിലെടുത്ത് കുറഞ്ഞ യാത്രനിരക്ക് വർധിപ്പിക്കണമെന്ന് സ്വകാര്യ ബസുടമകൾ. സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ മന്ത്രി ആൻറണി രാജുവിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ആവശ്യം. നിരക്ക് വർധനക്കൊപ്പം നികുതി ഇളവുകൂടി ആവശ്യങ്ങളുടെ പട്ടികയിലുണ്ട്. ഇക്കാര്യങ്ങളിലൊന്നും ഉറപ്പുനൽകാതെ മുഖ്യമന്ത്രിയും ധനമന്ത്രിയുമായി കൂടിയാലോചിക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ബസുടമകളുടെ ആവശ്യം പരിഗണിച്ചാണ് യോഗം വിളിച്ചത്.
ഒന്നാംഘട്ട കോവിഡ് വ്യാപനവേളയില്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി സര്‍ക്കാറിന് നല്‍കിയ ഇടക്കാല റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പാക്കണമെന്ന് ബസുടമകള്‍ ആവശ്യപ്പെട്ടു. മിനിമം ടിക്കറ്റ് നിരക്ക് പത്ത് രൂപയായി ഉയര്‍ത്താനായിരുന്നു കമ്മിറ്റി ശിപാര്‍ശ. എന്നാല്‍, മിനിമം നിരക്ക് എട്ടുരൂപയായി നിലനിര്‍ത്തി, യാത്ര ചെയ്യാവുന്ന ദൂരം അഞ്ചില്‍നിന്ന് രണ്ടര കിലോമീറ്ററായി സര്‍ക്കാര്‍ കുറയ്ക്കുകയായിരുന്നു. ഇന്ധനവില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ഈ നിരക്ക് അപര്യാപ്തമാണെന്ന് ബസുടമകള്‍ പറഞ്ഞു. ഓര്‍ഡിനറി ബസുകളുടെ പരമാവധി ദൂരം 140 കിലോമീറ്ററായി നിജപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഗതാഗത സെക്രട്ടറി ബിജുപ്രഭാകർ, ഗതാഗത കമീഷണര്‍ എം.ആർ. അജിത്കുമാര്‍, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ലോറന്‍സ് ബാബു, ഗോകുല്‍ദാസ്, ജോണ്‍സണ്‍ പയ്യപ്പിള്ളി, ടി. ഗോപിനാഥന്‍ എന്നിവര്‍ ചർച്ചയിൽ പങ്കെടുത്തു. തുടര്‍ തീരുമാനങ്ങള്‍ക്കായി ബുധനാഴ്ച ബസുടമകളുടെ വിവിധ സംഘടനകള്‍ യോഗം ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.