ആ മലയാളി നഴ്സിെൻറ വിയോഗത്തിൽ ഓക്സ്ഫഡ് കണ്ണീർ വാർക്കുന്നു
text_fieldsലണ്ടൻ: ഓക്സ്ഫഡിലെ ജോൺ റാഡ്ക്ലിഫ് ആശുപത്രി ജീവനക്കാർക്ക് കഴിഞ്ഞ ദിവസം വരെ തങ്ങൾക്കൊപ്പമുണ്ടായിരുന്ന ആ നഴ്സിെൻറ വേർപാട് തീർത്ത നൊമ്പരം വിട്ടുമാറുന്നില്ല. രോഗികളോടും സഹപ്രവർത്തകരോടും അത്രയേറെ സ്നേഹത്തോടെയാണ് അവർ പെരുമാറിയിരുന്നതെന്ന് ചീഫ് നഴ്സിങ് ഓഫിസർ സാം ഫോസ്റ്റർ ഉൾപ്പെടെയുള്ളവർ അനുസ്മരിക്കുന്നു. കോട്ടയം മോനിപ്പള്ളിയിൽനിന്ന് നാലു പതിറ്റാണ്ടുമുമ്പ് യു.കെയിലെത്തി നാഷനൽ ഹെൽത്ത് സർവിസിൽ ജോലി നോക്കിയിരുന്ന ഫിലോമിന ചെറിയാെൻറ വിയോഗമാണ് ഒപ്പമുള്ളവരെ വല്ലാതെ ഉലച്ചുകളഞ്ഞത്. കേവലമൊരു തൊഴിൽ എന്നതിനപ്പുറം ആതുരശുശ്രൂഷ ഏറെ ആവേശത്തോടെയാണ് ഫിലോമിന കണ്ടിരുന്നതെന്ന് സഹപ്രവർത്തകരും ഭർത്താവ് ഇല്ലിക്കൽ ജോസഫ് വർക്കിയും പറയുന്നു.
യു.കെയിൽ 40 വർഷക്കാലത്തെ നഴ്സിങ് സേവനത്തിനു ശേഷം രണ്ടുവർഷത്തിനകം വിരമിക്കാനുള്ള തീരുമാനത്തിലായിരുന്നു അവർ. അതിനിടയിലാണ് കോവിഡിെൻറ രൂപത്തിൽ മരണം അവരെ തട്ടിയെടുത്തത്. ജോലിചെയ്തിരുന്ന ഓക്സ്ഫഡിലെ ജോൺ റാഡ്ക്ലിഫ് ആശുപത്രിയിൽ ഇക്കഴിഞ്ഞ മേയ്ദിനത്തിലായിരുന്നു ഈ 63കാരിയുടെ അന്ത്യം. മൂന്ന് മക്കളുണ്ട്. തികഞ്ഞ മനുഷ്യസ്നേഹിയായിരുന്നു അവർ സ്നേഹമയിയായ മാതാവും ഭാര്യയുമായിരുന്നുവെന്ന് ജോസഫ് വർക്കി അനുസ്മരിച്ചു.
ജീവനക്കാരിൽ ഏറ്റവും വിലയേറിയ ഒരാളെയാണ് നഷ്ടമായതെന്ന് ഓക്സ്ഫഡ് യൂനിവേഴ്സിറ്റി ആശുപത്രി അധികൃതരും അനുശോചനസന്ദേശത്തിൽ പറഞ്ഞു. സഹപ്രവർത്തകരോടും രോഗികളോടും സ്നേഹത്തോടെ പെരുമാറിയിരുന്ന വ്യക്തിയായിരുന്നു ഫിലോമിനയെന്നും ആശുപത്രി അധികൃതർ ഓർമിച്ചു. ‘ഫിലോമിനയുെട കുടുംബത്തിെൻറ ദു:ഖത്തിൽ പങ്കുചേരുന്നു. എല്ലാവരെയും നല്ല ശ്രദ്ധയോടെ പരിചരിക്കുന്ന സുഹൃത്തും സഹപ്രവർത്തകയുമായിരുന്നു അവർ. കണ്ടുമുട്ടുന്നവരോടെല്ലാം മാതൃകാപരമായിരുന്നു അവരുടെ പെരുമാറ്റം. അത്രമേൽ സ്നേഹവും കരുതലും പരിചരണവും നൽകാൻ ബദ്ധശ്രദ്ധയായിരുന്നു അവർ.’-സാം ഫോസ്റ്റർ പറഞ്ഞു. ബ്രിട്ടനിലെ ഡെയിലി മെയിൽ അടക്കമുള്ള പത്രങ്ങൾ വൻ പ്രാധാന്യത്തോടെയാണ് മലയാളി നഴ്സിെൻറ വിയോഗവാർത്ത കൊടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.