ഇനി മറ്റ് സംസ്ഥാനങ്ങളിലേക്ക് ഓക്സിജൻ നൽകാനാകില്ലെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കേരളത്തിൽ ഉൽപാദിപ്പിക്കുന്ന ഒാക്സിജൻ സംസ്ഥാനത്തിനുതന്നെ ലഭ്യമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. കേന്ദ്ര ഓക്സിജൻ അലോക്കേഷൻ കമ്മിറ്റി തീരുമാനപ്രകാരം േമയ് 10 വരെ തമിഴ്‌നാടിന് 40 ടൺ ഓക്സിജൻ ലഭ്യമാക്കും. മേയ് പത്തിന് ശേഷം കേരളത്തിനുപുറത്തേക്ക് ഓക്സിജൻ കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാെണന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആക്റ്റിവ് കേസുകൾ േമയ് 15 ഓടെ ആറുലക്ഷമായി ഉയർന്നേക്കാം. അങ്ങനെ വന്നാൽ ആശുപത്രിയിലാവുന്നവരുടെ എണ്ണവും സ്വാഭാവികമായി ഉയരും. അപ്പോൾ 450 ടൺ ഓക്സിജൻ ആവശ്യമായി വരും. ഇൗ സാഹചര്യത്തിൽ ഇവിടെ പ്രതിദിനം ഉൽപാദിപ്പിക്കുന്ന 219 ടൺ ഓക്സിജനും കേരളത്തിന് അനുവദിക്കണം. അധികം വേണ്ടി വരുന്നത് സ്റ്റീൽ പ്ലാൻറുകളിൽനിന്ന് ലഭ്യമാക്കണം.
ഒട്ടും ചോർന്നുപോകാതെയും അനാവശ്യ ഉപയോഗം ഇല്ലെന്ന് ഉറപ്പുവരുത്തിയും ഉള്ള സ്റ്റോക്ക് ഉപയോഗിക്കും. ദേശീയ ഗ്രിഡിൽ സമ്മർദം ചെലുത്താതിരിക്കത്തക്ക വിധം കേരളത്തിലെ ബഫർ സ്റ്റോക്ക് 450 ടൺ ആയി ഉറപ്പുവരുത്തിയിരുന്നു. മറ്റു സംസ്ഥാനങ്ങളിലെ ആവശ്യം കണക്കിലെടുത്ത് ഇതിൽനിന്ന് അയച്ചുകൊടുത്തു. ഇപ്പോൾ നമ്മുടെ ബഫർ സ്റ്റോക്ക് 86 ടൺ മാത്രമാണ്.
എത്രയും വേഗം ക്രയോ ടാങ്കറുകൾ സംഭരിക്കണമെന്നും സംസ്ഥാനങ്ങൾക്ക് ലിക്വിഡ് മെഡിക്കൽ ഓക്സിജൻ അനുവദിക്കണമെന്നും അത് എത്തിക്കാൻ ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകൾ ഓടിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
രണ്ടാംതരംഗത്തെ അതിജീവിക്കാൻ സ്വീകരിക്കുന്ന നടപടികളും കേന്ദ്രവുമായി സഹകരിക്കുന്നതും കത്തിൽ വ്യക്തമാക്കി. കേന്ദ്രം മൂന്ന് ഓക്സിജൻ പ്ലാൻറുകൾ കൂടി സംസ്ഥാനത്തിന് അനുവദിച്ചു. ഓക്സിജൻ വേസ്റ്റേജ് കുറക്കാൻ നടപടി എടുത്തു. ആവശ്യത്തിലധികം ഓക്സിജൻ ഉപയോഗിക്കുന്നെന്ന റിപ്പോർട്ട് പരിശോധിക്കും.
വയനാട്, കാസർകോട് ജില്ലകളിലെ ഓക്സിജൻ ക്ഷാമം ശ്രദ്ധയിൽപെടുത്തിയപ്പോൾ കേരളത്തിന് ലഭ്യമാകുന്നത് പാലക്കാട് െഎനോക്സിലാണ് പ്രധാനമായും എത്തുന്നതെന്നും അവിടെനിന്ന് വിവിധ പ്രദേശങ്ങളിലേക്ക് എത്തിക്കാനുള്ള താമസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അത് ലഘൂകരിക്കാൻ ശ്രമം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.