കോഴിക്കോട് മെഡിക്കൽ കോളജിൽ പുതിയ ഓക്സിജൻ പ്ലാൻറുമായി പി.കെ. സ്റ്റീൽ
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതിയൊരു ഓക്സിജൻ പ്ലാൻറ് കൂടി സ്ഥാപിച്ചു. ഓക്സിജൻ ആവശ്യമുള്ള കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് പി.കെ. സ്റ്റീൽ കോംപ്ലക്സിൽനിന്നുള്ള 13 കിലോ ലിറ്റർ ശേഷിയുള്ള പ്ലാൻറ് മെഡിക്കൽ കോളജ് കോമ്പൗണ്ടിലേക്ക് സ്ഥാപിച്ചത്. ദുരന്ത നിവാരണ നിയമപ്രകാരമുള്ള കലക്ടറുടെ ഉത്തരവിൻമേലാണ് നടപടി.
കോഴിക്കോട് ആസ്ഥാനമായുള്ള വ്യവസായിയും കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡൻറുമായ മൂടാടി സ്വദേശി പി.കെ. അഹമദിെൻറ നേതൃത്തിലുള്ള പി.കെ ഗ്രൂപ്പ് പി.കെ സ്റ്റീൽസിലെ വ്യാവസായിക ആവശ്യത്തിനുള്ള കൂറ്റൻ ഓക്സിജൻ ടാങ്ക് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് നൽകുകയായിരുന്നു.
സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ള ജില്ലകളിൽ ഒന്നാണ് കോഴിക്കോട്. രോഗം ഗുരുതരാവസ്ഥയിൽ എത്തിയവരിൽ ഏറിയ പങ്കും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സ തേടുന്നത്.
ഇവരുടെ ആവശ്യത്തിന് വേണ്ട മെഡിക്കൽ ഓക്സിജൻ ഉൽപ്പാദിപ്പിക്കാൻ കോഴിക്കോട് മെഡിക്കൽ കോളജിൽ സൗകര്യം പര്യാപ്തമാകാത്തതിനെ തുടർന്നാണ് പുതിയ പ്ലാന്‍റ് സ്ഥാപിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി (ULCCS) ആണ് പ്ലാൻറ് മാറ്റി സ്ഥാപിച്ചത്. ഒമ്പത് ദിവസം കൊണ്ടാണ് പ്രവൃത്തി പൂർത്തിയാക്കിയത്. 40 അടി നീളമുള്ള പ്ലാൻറ് മെഡിക്കൽ കോളജിൽ സ്ഥാപിക്കുന്ന ജോലി രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് ഉച്ചയോടെ പൂർത്തിയായി. ഓക്സിജൻ പ്ലാൻറ് നിർമാതാക്കളുടെ സാങ്കേതിക പിന്തുണയും ഉണ്ടായിരുന്നു.
ഓക്സിജൻ പ്ലാൻറ് സ്ഥാപിച്ചതിനെ പ്രതിരോധസെക്രട്ടറി അജയ് കുമാർ ട്വിറ്ററിലൂടെ അഭിനന്ദിച്ചു. കലക്ടർ സാംബശിവറാവു, എൻ.ആർ.എച്ച്.എം ജില്ല കോഒാഡിനേറ്റർ ഡോ. നവീൻ എന്നിവർ സ്ഥലത്തെത്തി.
പുതിയ ബ്ലോക്കിന് മുൻവശത്താണ് പ്ലാൻറ്. 700 രോഗികളെ കിടത്തി ചികിത്സിക്കാൻ കഴിയുന്ന ഈ ബ്ലോക്കിൽ 120 ഐ.സി.യു ബെഡ്ഡുകളുണ്ട്. എല്ലാ ആശുപത്രികളിലും ഇത്തരത്തിലുള്ള ഓക്സിജൻ പ്ലാൻറുകൾ ആവശ്യമാണെന്ന് കലക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.