സംസ്ഥാനത്ത് ഓക്സിജന്‍ കരുതല്‍ ശേഖരം: പ്രതിദിന ഉൽപാദനം 354.43 മെട്രിക് ടണ്‍, ആവശ്യം 65 മെട്രിക് ടണ്‍
text_fieldsതിരുവനന്തപുരം: കോവിഡ് വകഭേദ ഭീതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഓക്സിജന്‍ ലഭ്യതയും ഐ.സി.യു- വെൻറിലേറ്റര്‍ സൗകര്യങ്ങളും ആരോഗ്യവകുപ്പ് ഉറപ്പുവരുത്തി. പ്രതിദിനം 354.43 മെട്രിക് ടണ്‍ ഓക്സിജനാണ് സംസ്ഥാനം ഉൽപാദിപ്പിക്കുന്നത്. അതേസമയം സംസ്ഥാനത്ത് ഇപ്പോള്‍ പ്രതിദിനം 65 മെട്രിക് ടണ്‍ ഓക്സിജന്‍ മാത്രമാണ് ആവശ്യമായി വരുന്നത്. സംസ്ഥാനം ഓക്സിജനില്‍ സ്വയംപര്യാപ്തത നേടിെയന്ന് മന്ത്രി വീണ േജാർജ് പറഞ്ഞു.
രണ്ടാം തരംഗത്തില്‍ കേരളത്തില്‍ ഓക്സിജന്‍ ലഭ്യത ഒരുതരത്തിലും ബാധിച്ചിരുന്നില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. മുമ്പ് നാല് ഓക്സിജന്‍ ജനറേറ്ററുകള്‍ മാത്രമാണുണ്ടായത്. മൂന്നാം തരംഗം മുന്നില്‍ കണ്ട് 38 ഓക്സിജന്‍ ജനറേറ്ററുകള്‍ അധികമായി സ്ഥാപിച്ചു. ഇതിലൂടെ പ്രതിദിനം 89.93 മെട്രിക് ടണ്‍ ഓക്സിജന്‍ ഉൽപാദിപ്പിക്കാന് കഴിയും. ഇതുകൂടാതെ 18 ഓക്സിജന്‍ ജനറേറ്ററുകള്‍ സ്ഥാപിക്കുന്നതിെൻറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഇതിലൂടെ 29.63 മെട്രിക് ടണ്‍ ഓക്സിജന്‍ അധികമായി ഉൽപാദിപ്പിക്കാന് കഴിയും.
14 എയര്‍ സെപ്പറേഷന്‍ യൂനിറ്റുകള്‍ നിലവിലുണ്ട്. ഇതിലൂടെ 65 മെട്രിക് ടണ്‍ ഓക്സിജനാണ് ഒരു ദിവസം ഉൽപാദിപ്പിക്കുന്നത്. ഇതുകൂടാതെ പ്രതിദിനം 207.5 മെട്രിക് ടണ്‍ ലിക്വിഡ് ഓക്സിജന്‍ ഉൽപാദിപ്പിക്കാനുള്ള സൗകര്യവുമുണ്ട്. ലിക്വിഡ് ഓക്സിജെൻറ സംഭരണശേഷിയും വര്‍ധിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി നിലവില്‍ 1802.72 മെട്രിക് ടണ്‍ ലിക്വിഡ് ഓക്സിജന്‍ സംഭരണശേഷിയുണ്ട്. 174.72 മെട്രിക് ടണ്‍ അധിക സംഭരണശേഷി സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ 3107 ഐ.സി.യു കിടക്കകളും 2293 വെൻറിലേറ്ററുകളുമാണുള്ളത്. അതില്‍ 267 ഐ.സി.യു കിടക്കകളിലും 77 വെൻറിലേറ്ററുകളിലും മാത്രമാണ് കോവിഡ് രോഗികളുള്ളത്. 983 ഐ.സി.യു കിടക്കകളിലും 219 വെൻറിലേറ്ററുകളിലും മറ്റ് രോഗികളുമുണ്ട്. ഐ.സി.യു കിടക്കകളുടെ 40.2 ശതമാനവും വെൻറിലേറ്ററുകളിലെ 12.9 ശതമാനം മാത്രവുമാണ് ആകെ രോഗികളുള്ളത്. ഇതുകൂടാതെ 7468 ഐ.സി.യു കിടക്കകളും 2432 വെൻറിലേറ്ററുകളും സ്വകാര്യ ആശുപത്രികളിലുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.