ഓയൂർ തട്ടിക്കൊണ്ടുപോകൽ: അനുപമയുടെ ജാമ്യാപേക്ഷ തള്ളി
text_fieldsകൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാം പ്രതി പി. അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം ഫസ്റ്റ് അഡീഷണൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് ആണ് ജാമ്യാപേക്ഷ തള്ളിയത്.
ജയിലിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതികളുടെ വിചാരണ നടപടികൾ ഉടനടി ആരംഭിക്കുന്നതിനായി കസ്റ്റഡി ട്രയലിന് പ്രോസിക്യൂഷൻ അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി വിശദ വാദം കേൾക്കുകയായിരുന്നു. പ്രോസിക്യൂഷന്റെയും പ്രതിയുടെയും വിശദമായ വാദം കോടതി കേട്ടു.
ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യത ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. കൊച്ചു കുട്ടികളെ തട്ടി കൊണ്ടുപോയി ഭീഷണിപ്പെടുത്തി ധനം സമ്പാദിക്കാൻ ലക്ഷ്യമിട്ട് അതീവ ഗുരുതരമായ കുറ്റകൃത്യമാണ് പ്രതികൾ ചെയ്തതെന്നും ശാസ്ത്രീയ പരിശോധന ഫലങ്ങളിൽ നിന്നും സാക്ഷിമൊഴികളിൽ നിന്നും പ്രഥമദൃഷ്ട്യാ പ്രതികൾക്കെതിരെ ശക്തമായ കേസ് പ്രോസിക്യൂഷൻ സ്ഥാപിച്ചെടുത്തുവെന്നും വ്യക്തമാക്കിയാണ് കോടതി ജാമ്യം നിഷേധിച്ചത്.
പ്രതികൾ കസ്റ്റഡിയിൽ തുടർന്ന് വിചാരണ നേരിടണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. പഠനം തുടരാൻ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ടാണ് അനുപമ കഴിഞ്ഞ 16ന് ജാമ്യാപേക്ഷ നൽകിയത്.
കഴിഞ്ഞ നവംബർ 27ന് ഓയൂർ ഓട്ടുമലയിൽ നിന്ന് ബാലികയെ തട്ടിക്കൊണ്ടുപോയ കേസിൽ പിറ്റേന്ന് കുട്ടിയെ കിട്ടിയശേഷം ഡിസംബർ രണ്ടിന് ആണ് പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ. പത്മകുമാർ (51), ഭാര്യ എം.ആർ. അനിതകുമാരി (39), മകൾ പി. അനുപമ എന്നിവർ പിടിയിലായത്. അന്നുമുതൽ ജയിലിൽ തുടരുന്ന പ്രതികൾ ആദ്യമായാണ് ജാമ്യാപേക്ഷ നൽകിയത്.
ഇവർ മൂന്നുപേരെയും മാത്രം പ്രതികളാക്കിയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി. മുണ്ടയ്ക്കൽ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.