കേരള ബാങ്ക്: ലീഗിന്‍റേത് രാഷ്ട്രീയ നീക്കമല്ല; സഹകരണ മേഖലയിൽ സി.പി.എമ്മുമായി സഹകരിക്കും -പി. അബ്ദുൽ ഹമീദ്
text_fieldsമലപ്പുറം: കേരള ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് മുസ് ലിം ലീഗ് പ്രതിനിധിയെ നാമനിർദേശം ചെയ്തതുമായി ബന്ധപ്പെട്ട വിമർശനങ്ങളിൽ പ്രതികരണവുമായി പി. അബ്ദുൽ ഹമീദ് എം.എൽ.എ. ലീഗ് പ്രതിനിധിയെ നാമനിർദേശം ചെയ്തതിന് പിന്നിൽ രാഷ്ട്രീയ നീക്കമില്ലെന്ന് അബ്ദുൽ ഹമീദ് പ്രതികരിച്ചു.
സഹകരണ മേഖലയുമായി മുസ് ലിം ലീഗ് വർഷങ്ങളായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങൾ അതിന്‍റേതായ വേദിയിൽ പ്രകടിപ്പിക്കും. എൽ.ഡി.എഫ് ഭരിക്കുന്നത് കൊണ്ട് സഹകരണ മേഖലയിൽ നിന്ന് ലീഗ് മാറി നിന്നിട്ടില്ലെന്നും അബ്ദുൽ ഹമീദ് വ്യക്തമാക്കി.
പിണറായി വിജയൻ സഹകരണ മന്ത്രിയായിരുന്നപ്പോഴും ലീഗ് പ്രതിനിധിയെ സഹകരണ ബാങ്ക് സംസ്ഥാന ഭരണസമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മലപ്പുറത്തെ 95 ശതമാനം സഹകരണ ബാങ്കുകളും ലീഗിനെ കീഴിലുള്ളതാണ്. കേരള ബാങ്ക് സംബന്ധിച്ച ഹൈകോടതിയിലെ കേസും ഭരണസമിതിയംഗത്വവും തമ്മിൽ യാതൊരു ബന്ധവുമില്ല. സഹകരണത്തിൽ സി.പി.എമ്മുമായി ലീഗ് സഹകരിക്കും. ലീഗും സി.പി.എമ്മും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും സഹകരണ മേഖലയിൽ ഒരുമിച്ചാണ് നിൽക്കുന്നത്.
തെറ്റ് കണ്ടാൽ തെറ്റാണെന്നും മുഖം നോക്കാതെ വിമർശിക്കുകയും ചെയ്യും. സഹകരണ മേഖലയിലെ വഴിവിട്ട പ്രവർത്തനങ്ങളെ എതിർക്കും. നല്ല കാര്യങ്ങളിൽ ലീഗിന്‍റെ റോൾ ശരിയായ രീതിയിൽ നിർവഹിക്കും. ഭരണസമിതി അംഗത്വത്തിന് മുസ് ലിം ലീഗിന്‍റെയും യു.ഡി.എഫിന്‍റെയും അനുമതിയുണ്ട്. ഈ വിഷയത്തിൽ ലീഗ് സംസ്ഥാന നേതൃത്വം യു.ഡി.എഫ് നേതൃത്വവുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. കേരള ബാങ്ക് ഭരണസമിതി അംഗത്വത്തിൽ വിവാദത്തിന്‍റെ ആവശ്യമില്ലെന്നും പി. അബ്ദുൽ ഹമീദ് എം.എൽ.എ മാധ്യമങ്ങളോട് പറഞ്ഞു.
കേരള ബാങ്ക് ഡയറക്ടർ ബോർഡിലേക്കാണ് മുസ് ലിം ലീഗ് എം.എൽ.എയായ പി. അബ്ദുൽ ഹമീദിനെ നാമനിർദേശം ചെയ്യാൻ തീരുമാനിച്ചത്. ലീഗ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറിയായ പി. അബ്ദുൽ ഹമീദ്, പട്ടിക്കാട് സഹകരണ ബാങ്ക് പ്രസിഡന്‍റ് ആണ്. കേരള ബാങ്കിൽ ആദ്യമായാണ് ഒരു യു.ഡി.എഫ് എം.എൽ.എയെ ഡയറക്ടർ ബോർഡ് അംഗമാക്കുന്നത്. ഡയറക്ടർ ബോർഡ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരാനിരിക്കെയാണ് ലീഗ് പ്രതിനിധിയെ നാമനിർദേശം ചെയ്തിട്ടുള്ളത്.
മലപ്പുറം ജില്ല സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനെതിരായ ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്. മലപ്പുറം ജില്ല ബാങ്ക് മുൻ പ്രസിഡന്‍റ് യു.എ. ലത്തീഫ് ആണ് സർക്കാർ നടപടിയെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. ലീഗ് പ്രതിനിധിയെ ഡയറക്ടർ ബോർഡിൽ കൊണ്ടു വരുന്നത് കേസിനെ ദുർബലപ്പെടുത്താനാണെന്നും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.