ലീഗ് പ്രവർത്തകന്‍റെ കൊലപാതകം ആസൂത്രിതമെന്ന് പി. അബ്ദുൽ ഹമീദ് എം.എൽ.എ
text_fieldsമലപ്പുറം: മലപ്പുറത്ത് പാണ്ടിക്കാടിനടുത്ത് നടന്ന മുസ് ലിം ലീഗ് പ്രവർത്തകന്‍റെ കൊലപാതകം ആസൂത്രിതമെന്ന് വള്ളിക്കുന്ന് എം.എൽ.എ പി. അബ്ദുൽ ഹമീദ്. കുടുംബ പ്രശ്നമല്ല. ഒറവമ്പുറം സമാധാനപരമായി ജീവിക്കുന്നവരുടെ പ്രദേശമാണ്. പ്രദേശത്ത് സംഘർഷം ഉണ്ടാക്കുക, സമാധാനം ഇല്ലാതാക്കുക എന്നത് സി.പി.എമ്മിന്‍റെ അജണ്ടയാണെന്നും എം.എൽ.എ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ലീഗ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം നടക്കുമ്പോൾ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ തള്ളിക്കയറി സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചിരുന്നു. ഈ സംഭവത്തിൽ കേസ് നിലനിൽക്കുന്നുണ്ടെന്നും എം.എൽ.എ മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമാണെന്നും കുടുംബ പ്രശ്നമല്ലെന്നും സമീറിന്‍റെ ബന്ധു മുഹമ്മദ് ആര്യാടൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
ബുധനാഴ്ച രാത്രി പാണ്ടിക്കാടിനടുത്ത് ഒറവമ്പുറത്ത് അങ്ങാടിയിലുണ്ടായ സംഘർഷത്തിലാണ് ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീറിന് (26) കുത്തേറ്റത്. ഗുരുതര പരിക്കേറ്റ സമീറിനെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ മൂന്നു മണിയോടെ മരിച്ചു.
ബുധനാഴ്ച രാത്രിയിലുണ്ടായ അടിപിടിയിൽ ലീഗ് പ്രവർത്തകനായ ഹംസക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇതേതുടർന്ന് സമീപത്തെ കടയിലുണ്ടായിരുന്ന സമീർ പിടിച്ചുമാറ്റാൻ ശ്രമിച്ചു. ഇതിനിടെ സമീറിന് കുത്തേൽക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
സംഘർഷത്തിൽ ഒറവമ്പുറം സ്വദേശികളായ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിസാം, അബ്ദുൽ മജീദ്, മൊയിൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.