പി. അപ്പുക്കുട്ടൻ മാസ്റ്റർ അന്തരിച്ചു
text_fieldsപയ്യന്നൂർ: പ്രഭാഷകനും കലാ-സാംസ്കാരിക പ്രവർത്തകനുമായ പി. അപ്പുക്കുട്ടൻ മാസ്റ്റർ (85) നിര്യാതനായി. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് അന്ത്യം. ഏറെക്കാലമായി ചികിത്സയിലായിരുന്നു.
മികച്ച വാഗ്മി, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി, പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ സുപരിചിതനായിരുന്നു. കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി എന്നിവയിലും അംഗമായിരുന്നു. 1996 മുതൽ അഞ്ചു കൊല്ലം കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയായി പ്രവർത്തിച്ചു.
പ്രഭാഷണവും നാടകങ്ങളുമായി അപ്പുക്കുട്ടൻ മാസ്റ്റർ കടന്നുചെല്ലാത്ത വഴികൾ ഉത്തര മലബാറിൽ വിരളമായിരിക്കും. ആശയ വ്യക്തതയും ഭാഷാശുദ്ധിയും തുറന്ന സമീപനവും കൊണ്ട് അദ്ദേഹം ശ്രോതാക്കളുടെ മനസ് കീഴടക്കി. നാടകവേദികളിലും അദ്ദേഹം പ്രതിഭ തെളിയിച്ചു.
1939 ആഗസ്റ്റ് 10ന് അന്നൂരിലെ കരിപ്പത്ത് കണ്ണപൊതുവാളുടെയും എ.പി. പാർവതി അമ്മയുടെയും മകനായി ജനിച്ചു. അന്നൂർ യു.പി സ്കൂൾ, പയ്യന്നൂർ ഗവ. ബോയ്സ് ഹൈസ്കൂൾ, കണ്ണൂർ ഗവ. ട്രെയിനിങ് സ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എസ്.എസ്.എൽ.സിക്ക് ശേഷം കണ്ണൂർ ഗവ. ട്രെയിനിങ് സ്കൂളിൽ നിന്ന് അധ്യാപക പരിശീലനം നേടി. 1959ൽ വെള്ളോറ യു.പി സ്കൂളിൽ അധ്യാപകനായി. 1962-ൽ പി.എസ്.സി നിയമനം ലഭിച്ച് ഗവ. ഹൈസ്കൂളിലെത്തി. വിദ്വാൻ പരീക്ഷ ജയച്ചതിനെത്തുടർന്ന് ഹൈസ്കൂൾ അധ്യാപകനായി സ്ഥാനക്കയറ്റത്തോടെ കാസർകോട് ഗവ. ഹൈസ്കൂളിൽ ഭാഷാധ്യാപകനായി. 1995 മാർച്ചിൽ പയ്യന്നൂർ ഗവ. ബോയ്സ് ഹൈസ്കൂളിൽനിന്ന് വിരമിച്ചു.
ഭാര്യ: പരേതയായ സി.പി. വത്സല. മക്കൾ: സി.പി. സരിത, സി.പി. ശ്രീഹർഷൻ (ചീഫ് കറസ്പോണ്ടന്റ്, മാതൃഭൂമി ഡൽഹി), സി.പി. പ്രിയദർശൻ (ഗൾഫ്). മരുമക്കൾ: ചിത്തരഞ്ജൻ (കേരള ഗ്രാമീണ ബാങ്ക്, കുടിയാൻമല), സംഗീത (അസി. പ്രഫസർ ഐ.ഐ.എം ഇൻഡോർ), ഹണി (ദുബൈ). സംസ്കാരം വെള്ളിയാഴ്ച രാവിലെ അന്നൂർ വില്ലേജ് ഹാളിലെ പൊതുദർശനത്തിന് ശേഷം 11 മണിയോടെ മൂരിക്കൊവ്വൽ ശ്മശാനത്തിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.