വിഷമിക്കരുത്, ആരെയും മുറിപ്പെടുത്താൽ ഉദേശിച്ചില്ല; ‘രാമായണ’ പോസ്റ്റിൽ ഖേദവുമായി പി. ബാലചന്ദ്രൻ എം.എൽ.എ
text_fieldsതൃശ്ശൂര്‍: രാമായണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിൽ ഖേദം പ്രകടിപ്പിച്ച് സി.പി.ഐ നേതാവും തൃശ്ശൂർ എം.എൽ.എയുമായ പി. ബാലചന്ദ്രൻ. ഫേസ്ബുക്കിലെ പോസ്റ്റ് പഴയ കഥയാണെന്ന് പി. ബാലചന്ദ്രൻ പുതിയ പോസ്റ്റിൽ പറയുന്നു. ആരെയും മുറിപ്പെടുത്താൽ ഉദേശിച്ചതല്ല. പോസ്റ്റിന്‍റെ പേരിൽ ആരും വിഷമിക്കരുതെന്നും എം.എൽ.എ വ്യക്തമാക്കി.
'കഴിഞ്ഞ ദിവസം എഫ്.ബിയിൽ ഞാൻ ഒരു പഴയ കഥ ഇട്ടിരുന്നു. അത് ആരെയും മുറിപ്പെടുത്താൽ ഉദേശിച്ചതല്ല. ഞാൻ മിനിറ്റുകൾക്കകം അത് പിൻവലിക്കുകയും ചെയ്തു. ഇനി അതിന്റെ പേരിൽ ആരും വിഷമിക്കരുത്. ഞാൻ നിർവ്യാജം ഖേദം രേഖപ്പെടുത്തുന്നു.'– പി. ബാലചന്ദ്രന്‍റെ പോസ്റ്റ്.
എം.എൽ.എയുടെ പോസ്റ്റ് വിവാദമായതിന് പിന്നാലെ ഹൈന്ദവ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് എം.എൽ.എ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
പി. ബാലചന്ദ്രന്‍റെ വിവാദ പോസ്റ്റ്
‘രാമന്‍ ഒരു സാധുവായിരുന്നു, കാലില്‍ ആണിയുണ്ടായിരുന്നത് കൊണ്ട് എടുത്തു ചാട്ടക്കാരനായിരുന്നില്ല. ഒരു ദിവസം ലക്ഷ്മണന്‍ ഇറച്ചിയും പോറോട്ടയും കൊണ്ടുവന്നു. ചേട്ടത്തി സീത മൂന്നു പേര്‍ക്കും വിളമ്പി, അപ്പോള്‍ ഒരു മാന്‍ കുട്ടി അതുവഴി വന്നു. സീത പറഞ്ഞു. രാമേട്ടാ അതിനെ കറിവെച്ച് തരണം. രാമന്‍ മാനിന്‍റെ പിറകേ ഓടി.
മാന്‍ മാരിയപ്പന്‍ എന്ന ഒടിയനായിരുന്നു. മാന്‍ രാമനെ വട്ടം കറക്കി വഴി തെറ്റിച്ചു നേരം പോയ്. ലക്ഷ്മണന്‍ ഇറച്ചി തിന്ന കൈ നക്കി ഇരിക്കുകയാണ്. സീത പറഞ്ഞു ടാ തെണ്ടി നക്കിയും നോക്കിയും ഇരിക്കാതെ രാമേട്ടനെ പോയ് നോക്ക്. എട്ടും പൊട്ടും തിരിയാത്ത അദ്ദേഹത്തെ കൊണ്ടുവാ’.
അതേസമയം, പി. ബാലചന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സി.പി.ഐ തൃശ്ശൂർ ജില്ല സെക്രട്ടറി കെ.കെ. വൽസരാജ് രംഗത്തെത്തി. എം.എൽ.എ പറഞ്ഞത് പാർട്ടി നിലപാടല്ലെന്ന് വൽസരാജ് പ്രതികരിച്ചു. എം.എൽ.എക്ക് തെറ്റുപറ്റിയെന്നും ജാഗ്രത വേണമായിരുന്നുവെന്നും ജില്ല സെക്രട്ടറി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.