‘കൃഷ്ണപ്പരുന്ത്’ മുതൽ ‘ട്രിവാൻഡ്രം ലോഡ്ജ്’ വരെ; കാമറക്കുമുന്നിലെ പരീക്ഷണങ്ങൾ
text_fieldsമലയാളിയുടെ ഭാവഗായകൻ പി.ജയചന്ദ്രൻ ഏതാനും സിനിമകളിലൂം മുഖം കാണിച്ചിട്ടുണ്ട്. അഭിനയമല്ല തന്റെ മേഖല എന്ന് തിരിച്ചറിഞ്ഞിട്ടും, പല സൗഹൃദങ്ങളുടെയും നിർബന്ധങ്ങൾക്കു വഴങ്ങിയായിരുന്നു അഭ്രപാളിയിൽ ചില അഭിനയ പരീക്ഷണങ്ങൾക്ക് അദ്ദേഹം മുതിർന്നത്.
1979ൽ പുറത്തിറങ്ങിയ ‘കൃഷ്ണപ്പരുന്താ’യിരുന്നു ആദ്യ ചിത്രം. സംവിധായകന് ഒ. രാംദാസ്. ചിത്രത്തിൽ സഹനടനായിരുന്ന ജയചന്ദ്രന് ഒരു കൃഷിക്കാരന്റെ വേഷമായിരുന്നു. ആ അഭിനയകാലത്തെക്കുറിച്ച് ഒരിക്കൽ ജയചന്ദ്രൻ ഇങ്ങനെ പറഞ്ഞു: മധു, കെ.പി. ഉമ്മര്‍, ഡോ. നമ്പൂതിരി, ശ്രീവിദ്യ ഒക്കെ അഭിനയിച്ച ആ പടത്തില്‍ കൃഷിക്കാരന്റെ വേഷമായിരുന്നു എനിക്ക്. അഭിനയമല്ല എന്റെ മേഖല എന്നു പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ നോക്കിയതാണ്.
പക്ഷേ, സമ്മതിച്ചില്ല. ഏഴായിരംരൂപയാണ് എനിക്കവര് വാഗ്ദാനംചെയ്തത്. അന്ന് പ്രമുഖ നടന്മാര്ക്കുപോലും അത്രയും വലിയ തുക കിട്ടാറില്ല. ഒടുവില്‍ ഒരു ഉപാധിയോടെ ഞാന്‍ സമ്മതിച്ചു. കൃഷിക്കാരനാണെന്നു കരുതി കുപ്പായവും ചെരിപ്പും ഒന്നും ഇടാതെ അഭിനയിക്കാന്പറ്റില്ല.
സംവിധായകന് അതിനും തയ്യാര്‍. വിലപിടിപ്പുള്ള ഷര്‍ട്ടും ചെരിപ്പുമണിഞ്ഞ് വയലില്‍ ഇറങ്ങുന്ന കര്‍ഷകനെ ആദ്യം കാണുകയായിരുന്നിരിക്കണം മലയാള സിനിമാപ്രേക്ഷകര്‍. രണ്ട് മാസത്തോളമെടുത്താണ് പടത്തിന്റെ ഷൂട്ടിങ് പൂർത്തിയായത്.
സിനിമ വലിയ വിജയമായില്ലെന്നല്ല വലിയ പരാജയമായി. ജയചന്ദ്രന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ, ‘പരുന്ത് നിലം തൊടാതെ പറന്നു’. പക്ഷെ, ആ സിനിമയിൽ സ്വന്തം ഗാനം സ്ക്രീനിൽ പാടി അഭിനയിക്കാൻ അദ്ദേഹത്തിനായി. ആ സിനിമയെ രൂക്ഷമായി വിമർശിച്ചവരിലൊരാൾ ദേവരാജൻ മാഷായിരുന്നുവെന്നും ജയചന്ദ്രൻ പറഞ്ഞിട്ടുണ്ട്.
കൃഷ്ണപരുന്തോടെ അഭിനയം വേണ്ടെന്നുവെച്ചതായിരുന്നു. പക്ഷെ, പിന്നീട് ക്ഷണം വന്നത് സാക്ഷാൽ എം.ടി-ഹരിഹരൻ ജോഡിയിൽനിന്നാണ്. എങ്ങനെ നിരസിക്കും. ബാലചന്ദ്രമേനോന് വേണ്ടി മാറ്റിവെച്ച റോളായിരുന്നു. അതാണ് ‘നഖക്ഷതങ്ങളി’ലെ നമ്പൂതിരി. സിനിമ പുറത്തിറങ്ങിയപ്പോൾ ജയചന്ദ്രന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. എന്നല്ല, ചിത്രത്തിൽ ജയചന്ദ്രൻ പാടിയ ‘കേവല മര്‍ത്യഭാഷ കേള്‍ക്കാത്ത ദേവദൂതികയാണു നീ..’ എന്ന ഗാനം ഹിറ്റാവുകയൂം ചെയ്തു.
ഏറ്റവും ഒടുവിൽ അഭിനയിച്ചത്, വി.കെ പ്രകാശിന്റെ ‘ട്രിവാൻഡ്രം ലോഡ്ജി’ലാണ്. നായക കഥാപാത്രത്തിന്റെ അച്ഛനായുള്ള കഥാപാത്രത്തിന് സ്ക്രീൻ സ്പേസ് കുറവായിരുന്നുവെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിന്റെ ഒടുക്കം അദ്ദേഹം പാടിയ റഫിയുടെ ചൗദ്വീ കാ ചാന്ദ് ഹോ എന്ന ഗാനം കുടിയായപ്പോൾ നാരായണൻ നായർ എന്ന കഥാപാത്രം അനശ്വരമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.