കൊച്ചിയുടെ കൊച്ചുതമ്പുരാൻ
text_fieldsകൊച്ചി: മലയാളിയുടെ ഭാവഗായകൻ പി. ജയചന്ദ്രന്റെ ജീവിതത്തോട് സംഗീതംപോലെ ചേർന്ന് നിൽക്കുന്നുണ്ട് കൊച്ചിയോടുള്ള ആത്മബന്ധവും. ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന് ജന്മം നൽകിയ കൊച്ചിയുടെ സ്വന്തം പുത്രനാണ് ജയചന്ദ്രനും. പിച്ചവെച്ച് വളർന്ന വീട്, കുട്ടിക്കാലത്തിന്റെ ഓർമകൾ കൂടുകൂട്ടിയ നഗരം, പാടിയും പഠിച്ചും തുടങ്ങിയ നാട്... ജയചന്ദ്രന്റെ ജീവിതത്തിൽ നിർണായക സ്ഥാനമുണ്ട് കൊച്ചിക്കും. മലയാളിയുടെ പ്രിയഗായകന് പറവൂർ ചേന്ദമംഗലത്തെ പഴയ തറവാട്ടുമുറ്റത്താണ് അന്ത്യവിശ്രമവും.
കൊച്ചി രാജകുടുംബാംഗമായ തൃപ്പൂണിത്തുറ കോവിലകത്ത് രവിവര്‍മ കൊച്ചനിയന് തമ്പുരാന്റെയും ചേന്ദമംഗലം പാലിയം തറവാട്ടിലെ സുഭദ്ര കുഞ്ഞമ്മയുടെയും അഞ്ച് മക്കളില്‍ മൂന്നാമനായി എറണാകുളം പനമ്പിള്ളി നഗറിനടുത്ത് രവിപുരം ഭദ്രാലയം കൊട്ടാരത്തിലായിരുന്നു ജയചന്ദ്രന്റെ ജനനം. മൂന്ന് വയസ്സുവരെ വളർന്നത് ഈ വീട്ടിലാണ്. പിന്നീട് ഈ വീട് വിറ്റു. എറണാകുളത്തുതന്നെ വാരിയം റോഡില്‍ ശാന്തിഭവനം എന്ന വീട്ടിലേക്കാണ് താമസം മാറിയത്. സഹോദരങ്ങളായ സുധാകരന്, സരസിജ, കൃഷ്ണകുമാർ, ജയന്തി എന്നിവരെല്ലാമടങ്ങുന്ന കുടുംബം പിന്നീട് പറവൂരിൽ അമ്മയുടെ തറവാടായ ചേന്ദമംഗലം പാലിയത്ത് താമസം തുടങ്ങി.
ഒന്നുമുതൽ മൂന്നുവരെ ക്ലാസുകളിൽ പാലിയം സ്കൂളിലാണ് പഠിച്ചത്. ഇവിടുത്തെ ബാല്യവും അക്കാലത്തെ ഓണവുമെല്ലാം മറക്കാനാവാത്ത ഓർമകളായി അദ്ദേഹം പിന്നീട് പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്. കളിമൺകലങ്ങളും ശില്പങ്ങളുമായി വരുന്ന ചേന്ദമംഗലത്തെ ദരിദ്രരായ സാധാരണക്കാർക്ക് ഓണവിഭവങ്ങളും നാണയത്തുട്ടുകളും സമ്മാനിക്കുന്നത് കുട്ടിക്കാലത്തെ മധുരമുള്ള അനുഭവമായി ജയചന്ദ്രൻ മനസ്സിൽ സൂക്ഷിച്ചിരുന്നു. 1952ലാണ് ഭാഗപ്രകാരം കിട്ടിയ ഇരിങ്ങാലക്കുട പാലിയത്തേക്ക് താമസം മാറിയത്.
അവിടെ കമ്പനി സ്കൂളില്‍ നാലാം ക്ലാസില്‍ പഠനം തുടർന്നു. എങ്കിലും പിന്നീട് എറണാകുളം ജില്ലയിലേക്ക് മടങ്ങിയെത്തി. ആലുവ തോട്ടക്കാട്ടുകര ശിവക്ഷേത്രത്തിനുസമീപം കണ്ണുപിള്ള എന്ന വാടകക്കെട്ടിടത്തിലായിരുന്നു താമസം. അഞ്ചുമുതല്‍ ഏഴുവരെ ആലുവ സെന്റ് മേരീസ് സ്കൂളിലായിരുന്നു പഠനം. ഇക്കാലത്ത് സെന്റ് ഡൊമിനിക് പള്ളിയില്‍ ഭക്തിഗാനങ്ങള്‍ പാടിയാണ് ഗായകൻ എന്ന നിലയിൽ ജയചന്ദ്രന്റെ തുടക്കം. മകന്റെ സംഗീത താൽപര്യത്തിനൊപ്പമായിരുന്നു മാതാപിതാക്കളും.
ആലുവയിൽ താമസിക്കുന്ന കാലത്ത് അമ്മയുടെ ആഗ്രഹപ്രകാരമാണ് മൃദംഗം പഠിച്ചുതുടങ്ങിയത്. സംഗീത അധ്യാപകനായ രാമസുബ്ബയ്യന്‍ എറണാകുളത്തുനിന്ന് ആലുവയിലെ വീട്ടില്‍ വന്ന് പഠിപ്പിക്കുകയായിരുന്നു. എട്ടാം ക്ലാസിലെത്തുമ്പോൾ കുടുംബം വീണ്ടും ഇരിങ്ങാലക്കുടയിലേക്ക് താമസം മാറിയിരുന്നു.
1958ൽ ജയചന്ദ്രൻ മൃദംഗത്തിലും യേശുദാസ് ശാസ്ത്രീയ സംഗീതത്തിലും ഒന്നാം സ്ഥാനം നേടിയ ആദ്യ സംസ്ഥാന സ്കൂൾ കലോത്സവം നടന്നതും എറണാകുളത്താണ്. പിന്നീട് ഏതാനും വർഷം മുമ്പുവരെ പാട്ടും പറച്ചിലുമായി കൊച്ചി നഗരത്തിലും മറ്റും നടന്ന നിരവധി പരിപാടികളിൽ ജയചന്ദ്രൻ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.