ഏകാന്തപഥികൻ ഞാൻ...
text_fieldsപി. ജയചന്ദ്രന്റെ ആത്മകഥ ‘ഏകാന്തപഥികൻ ഞാൻ’ പ്രസിദ്ധീകരിച്ചത് മാധ്യമം ആഴ്ചപ്പതിപ്പായിരുന്നു. ആത്മകഥയിലെ ഒന്നാം അധ്യായത്തിൽ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി...’ എന ഗാനത്തിന്റെ പിറവിയെക്കുറിച്ച് പറയുന്നുണ്ട്. ‘കളിത്തോഴൻ’ എന്ന സിനിമയിലെ ആ ഗാനം റെക്കോഡ് ചെയ്തതിന്റെ ഓർമകൾ....
ഭാസ്കരൻ മാഷുടെ മനോഹരമായ വരികൾക്ക് ഈണമിട്ടത് ചിദംബരനാഥായിരുന്നു. ‘ഒരു മുല്ലപ്പൂ മാലയുമായ്...’ മുങ്ങാംകുഴിയിട്ടുവരുന്ന തിരകളെക്കുറിച്ചുള്ള ഗാനം. അദ്ദേഹം പാട്ട് നന്നായി പഠിപ്പിച്ചുതന്നു. റിഹേഴ്സൽ വളരെ കേമമായി. പാടേണ്ട സമയം വന്നു. ഞാൻ സ്റ്റുഡിയോ മൈക്കിനു മുന്നിൽ നിന്നു. എനിക്കടിമുടി ഒരു വെപ്രാളം. തൊണ്ടയിൽനിന്ന് ശബ്ദം വരുന്നില്ല. ഒന്നുരണ്ടു തവണ മുരടനക്കാൻ ശ്രമിച്ചു. എന്നെക്കൊണ്ടാവില്ലെന്ന തളർച്ചയോടെ ഞാൻ പുറത്തിറങ്ങി. ഇനി ഒരിക്കലും സ്റ്റുഡിയോയിൽ പാടാനാവില്ലെന്ന് ഞാനുറപ്പിച്ചു. പക്ഷേ, വിൻസെന്റ് മാഷ് ഹൃദയാലുവായിരുന്നു. അദ്ദേഹം സമാശ്വസിപ്പിച്ചു. മറ്റൊരു നാൾ പാടിനോക്കാമെന്നു പറഞ്ഞു. താമസസ്ഥലത്ത് എന്നെ പാട്ടിനായി വിളിക്കാൻ ആരും വരല്ലേയെന്ന് പ്രാർഥിച്ച് ഞാനിരുന്നു. പക്ഷേ, അവർ വിട്ടുകളഞ്ഞില്ല. വീണ്ടും എന്നെ സ്റ്റുഡിയോയിലേക്കു കൊണ്ടുപോയി. ഞാൻ പാടി. നന്നായെന്ന് അവരൊക്കെ പറഞ്ഞു. മാഷും പരമേശ്വരൻ നായരുംതന്നെയാണ് ദേവരാജൻ മാസ്റ്റർക്ക് എന്നെ പരിചയപ്പെടുത്തിയത്.
‘പുതിയൊരു പയ്യനുണ്ട്. നന്നായി പാടും...’
മാസ്റ്ററുടെ ഇടപെടൽ അത്ര സൗഹൃദപരവുമായിരുന്നില്ല. വെറുതെ നാണംകെടാൻ ഇനിയും... പക്ഷേ, ദേവരാജൻ മാസ്റ്ററുടെ ആൾ എന്നെ വിളിക്കാനെത്തി. കമ്പനിയിലെ മാസ്റ്ററുടെ പാട്ടുമുറിയിലേക്ക് ആനയിച്ചു. ശുഭ്രവസ്ത്രധാരിയായി മാറിയിരിക്കുന്നു. അടുത്തുതന്നെ ഹാർമോണിയവുമായി ചെറുപ്പക്കാരനായ ഒരാൾ. ഞാൻ ഭവ്യതയോടെ നിന്നു. മാസ്റ്റർ ഇരിക്കാൻ ആവശ്യപ്പെട്ടു. ആ ചെറുപ്പക്കാരന്റെ വിരലുകൾ ഹാർമോണിയത്തിന്റെ കട്ടകളിലൂടെ തലങ്ങും വിലങ്ങും പറന്നു. ആ നാദത്തിനൊപ്പം മധുരമായ അനുനാസിക കലർന്ന മാസ്റ്ററുടെ തെളിഞ്ഞ നാദം ഉയർന്നു.
‘...താരുണ്യം തന്നുടെ താമരപ്പൂ വനത്തിൽ...’
ഇമ്പമാർന്ന ഒരു പ്രേമഗാനം. ഞാനതേറ്റു പാടി. പാട്ടെഴുതിയതു തന്നു. വായിച്ചു പഠിച്ചു. വീണ്ടും വീണ്ടും. അത് ശരിക്കും ഗുരുകുല പഠനമായിരുന്നു. പിറ്റേന്ന് വീണ്ടുമെത്തുക. പാട്ടുപാടി കേൾപ്പിക്കുക. വേണ്ട ചെറിയ തിരുത്തലുകൾ. വീണ്ടും...
അന്ന് ദേവരാജൻ മാസ്റ്റർക്കു വേണ്ടി ഹാർമോണിയം വായിച്ചത് ആർ.കെ. ശേഖറാണെന്ന് പിന്നീടറിഞ്ഞു. ‘കളിത്തോഴൻ’ എന്ന സിനിമക്കുവേണ്ടി രണ്ടു പാട്ടുകളാണ് അദ്ദേഹം എന്നെ പഠിപ്പിച്ചത്. ‘താരുണ്യം തന്നുടെ...’ എന്നതും ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി...’ എന്നതും. എന്നാൽ, ‘മഞ്ഞലയിൽ...’ യേശുദാസ് പാടാൻ പോകുന്ന പാട്ടാണെന്നും അത് ഒരു പരിശീലനത്തിനു വേണ്ടി ഞാൻ പാടിപ്പഠിച്ചാൽ മതിയെന്നും മാസ്റ്റർ പ്രത്യേകം പറഞ്ഞിരുന്നു.
‘മഞ്ഞലയിൽ...’ പാടുന്തോറും എനിക്കാ ഗാനത്തോട് ഇഷ്ടം കൂടിവന്നു. ആ ദിവസങ്ങളിൽ ആ ഗാനം എപ്പോഴും ചുണ്ടിലൂറിക്കൊണ്ടിരുന്നു. രാവും പകലും ആ വരികൾ മനസ്സിൽ പ്രതിധ്വനിച്ചുകൊണ്ടിരുന്നു.
‘മഞ്ഞലയിൽ മുങ്ങിത്തോർത്തി ധനുമാസ ചന്ദ്രിക വന്നൂ... നിന്നെ മാത്രം കണ്ടില്ലല്ലോ...’ മാസ്റ്ററുടെ പരിശീലനത്തിന് പല പ്രത്യേകതകളുമുണ്ടായിരുന്നു. ഒരു കട്ട ശ്രുതിയിൽ പാടേണ്ട പാട്ട് രണ്ടിലോ മൂന്നിലോ ഒക്കെ പാടിക്കും. മേൽസ്ഥായി കിട്ടാതെ പാടുന്നയാൾ (ഞാൻ) വിഷമിക്കുമ്പോൾ ‘ങാ... വലിക്ക്, വലിക്ക്’ എന്ന് കളിയാക്കും. പിന്നെ ഉപകരണങ്ങൾവെച്ച് റിഹേഴ്സൽ. അവസാനം മൈക്ക് ഉപയോഗി ച്ച് ഒന്നോ രണ്ടോ മൂന്നോ തവണ പാടിക്കും. മൈക്കിൽ പാടിക്കുക എന്നാൽ ഗായകൻ റെക്കോഡിങ്ങിന് അർഹനായിക്കഴിഞ്ഞു എന്നാണ് അർഥം. അങ്ങനെ ‘താരുണ്യം തന്നുടെ...’ എന്ന ഗാനം റെക്കോഡ് ചെയ്തു. കുറെക്കഴിഞ്ഞ് മാസ്റ്റർ എന്നോട് ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി...’ മൈക്കിൽ പാടാൻ ആവശ്യപ്പെട്ടു. പലതവണ പരിശീലിച്ചതും ഉപകരണങ്ങൾവെച്ച് പാടിയതുമായതുകൊണ്ട് എനിക്ക് സന്ദേഹമോ മടിയോ ഉണ്ടായിരുന്നില്ല. പക്ഷേ, ഒരു സംശയം മാത്രം മനസ്സിലുണ്ടായിരുന്നു. യേശുദാസ് പാടേണ്ട ഈ ഗാനം എന്തിനാണ് എന്നെക്കൊണ്ട് മൈക്രോഫോൺ ഉപയോഗിച്ച് പാടിക്കുന്നത് എന്നതായിരുന്നു അത്. പാട്ട് റെക്കോഡിങ്ങിൽ എങ്ങനെയായിരിക്കും എന്നറിയാൻ വേണ്ടിയാവും അങ്ങനെ പാടിക്കുന്നതെന്ന യുക്തി ഉടനെ തോന്നുകയുംചെയ്തു.
മാസ്റ്ററുടെ നിർദേശം വന്നതും ഞാൻ മൈക്കിനു മുന്നിൽ നിന്നു. നേർത്ത നാദത്തിൽ ഫ്ലൂട്ടൊന്നു മൂളി. ‘ഓ...ഓ’ പ്രണയവിരഹം നിറഞ്ഞ കാമുകനെയോർത്ത് ആവതും ലയിച്ച് ഞാൻ ഹമ്മിങ് ചെയ്തു. ഓർക്കസ്ട്ര തുടങ്ങി. സ്ട്രിങ്സ്, പതിഞ്ഞ നാദത്തോടെ തബല. എന്റെ മനസ്സ് നിലാവിലൂടെ ഒഴുകിപ്പോവുന്നതുപോലെ തോന്നി.
സ്റ്റുഡിയോയിൽ അന്ന് കൃഷ്ണൻ നായർ ചേട്ടനുണ്ടായിരുന്നു. ‘ദാസേട്ടൻ എപ്പോഴാണ് വരുന്നത്?’ -ഞാൻ ചോദിച്ചു.
‘ദാസേട്ടനോ? എന്തു പാടാൻ?’
‘അല്ല, ആ പാട്ട് അദ്ദേഹമല്ലേ..?’
‘എടാ, നീ ആ പാട്ട് പാടിക്കഴിഞ്ഞു.’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.