രാഗവിലോലേ നീയുറങ്ങൂ, അനുരാഗഗാനം പോലെ....
text_fieldsപാട്ടിന്റെ പ്രണയ ഭാവങ്ങളിൽ പാലിയത്ത് ജയചന്ദ്രനോളം സൗകുമാര്യം ചൊരിഞ്ഞ ഗായകർ അപൂർവമാണ്. മലയാളിയെ ലക്ഷണമൊത്ത അനുരാഗഗാനംപോലെ പ്രണയാതുരമായ ഈണങ്ങൾക്കൊപ്പം വിളക്കിച്ചേർത്ത രാഗാർദ്ര ശബ്ദമായിരുന്നു അതിന്റെ കാതൽ. പ്രായത്തിന്റെ കണക്കിൽ അക്കങ്ങൾ മാറിമറിയുമ്പോഴും ആ ശബ്ദത്തിലെ പ്രണയാര്‍ദ്രഭാവത്തിന് തരിമ്പും ഉലച്ചിൽ തട്ടാതെ ഭാവഗായകൻ മലയാളിയെ വിരുന്നൂട്ടിക്കൊണ്ടിരുന്നു. ‘രാജീവ നയനേ നീയുറങ്ങൂ’ എന്ന് നീട്ടിപ്പാടി രാഗവിലോലമായി മലയാളത്തെ പി. ജയചന്ദ്രൻ പാടിയുറക്കി.
സംഗീതത്തിന്റെ ഋതുഭേദങ്ങൾ പൂത്തുതളിർത്ത ആ രാഗധാര കാലത്തിനപ്പുറം സഞ്ചരിച്ച അഴകിന്റെ അലപോലെയായിരുന്നു. 67-ാം വയസ്സിൽ പാടിയ ‘പ്രേമിക്കുമ്പോൾ നീയും ഞാനും’ എന്ന പാട്ടിന്റെ ഭാവഹാവാദികളും 23-ാം വയസ്സിൽ പാടിയ ‘അനുരാഗഗാനംപോലെ’ത്തന്നെ. ‘ഒന്നു തൊടാനുള്ളിൽ തീരാമോഹം...’ എന്ന് 2002ൽ പാടുമ്പോഴും ആ കാമുകഭാവത്തിന് ഒട്ടും ഇടർച്ചയില്ല. പതിറ്റാണ്ടുകൾ മിന്നിമായുമ്പോഴും മാറാതെ നിന്ന ഗാനവസന്തമായിരുന്നു ജയചന്ദ്രൻ. പ്രണയസങ്കല്‍പങ്ങളും രാഗാർദ്ര ഭാവങ്ങളും ഒട്ടും ചോരാതെ പല തലമുറകൾക്കായി പാടി ഫലിപ്പിക്കാൻ കഴിഞ്ഞ വിസ്മയമായി അദ്ദേഹത്തെ അടയാളപ്പെടുത്താം.
‘കേവലമർത്ത്യഭാഷ കേൾക്കാത്ത ദേവദൂതികയാണു നീ’, ‘ഇന്ദുമുഖീ ഇന്ദുമുഖീ എന്തിനിന്നു നീ സുന്ദരിയായി’, ‘തുള്ളിത്തുള്ളി നടക്കുന്ന കള്ളിപ്പെണ്ണേ നിന്റെ കാക്കപ്പുള്ളി കവിളിൽ ഞാൻ നുള്ളിനോക്കട്ടെ’, ‘നിൻ മണിയറയിലെ നിർമലശയ്യയിലെ നീലനീരാളമായ് ഞാൻ മാറിയെങ്കിൽ’, ‘ആരാരും കാണാതെ ആരോമൽ തൈമുല്ല പിന്നെയും പൂവിടുമോ’, ‘മോഹംകൊണ്ടു ഞാൻ ദൂരെയേതോ ഈണം പൂത്ത നാൾ മധു തേടിപ്പോയി’, ‘ആയിരം ചുംബനസ്മൃതിസുമങ്ങൾ അധരത്തിൽ ചാർത്തിയ’, ‘മധുചന്ദ്രികയുടെ ചായത്തളികയിൽ മഴവിൽപ്പൂങ്കൊടി ചാലിച്ച്’, ‘മണിവർണനില്ലാത്ത വൃന്ദാവനം മധുമാസം പുണരാത്ത പൂങ്കാവനം’ തുടങ്ങി പ്രണയം വഴിഞ്ഞൊഴുകിയ വരികൾ മലയാളത്തിന്റെ ഹൃദയസരസ്സിൽ ഇടംപിടിക്കുകയായിരുന്നു.
‘രാജീവനയനേ നീയുറങ്ങൂ’ എന്ന ഗാനം പ്രണയമനസ്സുകളെ തരളിതമാക്കിയ ഗായകനിൽനിന്നുതന്നെയായിരുന്നു ‘നിൻ പഥങ്ങളിൽ നൃത്തമാടിടും എന്റെ സ്വപ്നജാലം’ എന്ന ‘ഫാസ്റ്റ് നമ്പറും’. കാലം പിന്നിടുമ്പോഴും ഉടയാത്ത ശബ്ദസൗകുമാര്യത്തിൽനിന്നാണ് ‘നീയൊരു പുഴയായ് തഴുകുമ്പോൾ ഞാൻ പ്രണയം വിടരും കരയാകും’ എന്ന പാട്ടുപിറക്കുന്നത്. ‘നിറം’ സിനിമയിലെ ‘പ്രായം നമ്മിൽ മോഹം നൽകി മോഹം കണ്ണിൽ പ്രേമം നൽകി’ എന്ന ഹിറ്റ് ഗാനം ഒറ്റ ശ്വാസത്തിൽ പാടി പുതുതലമുറയെ വിസ്മയിപ്പിച്ചതിനൊപ്പം ‘മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു മൗനാനുരാഗത്തിൽ ലോലഭാവം’, ‘ആലിലത്താലിയുമായ് വരുമീ ആമ്പലോ വധുവായ് അരികെ’ തുടങ്ങിയ നിത്യസുന്ദര പ്രണയ ഗാനങ്ങൾ.
‘മഞ്ഞലയിൽ മുങ്ങിത്തോർത്തി ധനുമാസച്ചന്ദ്രിക വന്നു’ എന്ന പുറത്തുവന്ന ആദ്യ പാട്ടിലൂടെ തന്നെ പ്രണയഭാവഗായകനാണ് താനെന്ന പ്രഖ്യാപനം നടത്തുകയായിരുന്നു ജയചന്ദ്രൻ. ‘കരിമുകിൽ കാട്ടിലെ രജനിതൻ വീട്ടിലെ’, ‘സന്ധ്യയ്ക്കെന്തിനു സിന്ദൂരം ചന്ദ്രികയ്ക്കെന്തിനു വൈഢൂര്യം’, ‘സ്വർണഗോപുര നർത്തകീശിൽപം കണ്ണിനു സായുജ്യം നിൻ രൂപം’....ജയചന്ദ്രൻ മലയാള സംഗീത ലോകത്തെ മഹാരഥന്മാരിലൊരാളായി വളരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.