ആർ.എസ്.എസുകാർ െവട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ നീതി ലഭിച്ചില്ല -പി. ജയരാജൻ
text_fieldsകൊച്ചി: ആർ.എസ്.എസുകാർ െവട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ തനിക്ക് നീതി ലഭിച്ചില്ലെന്ന് സി.പി.എം നേതാവ് പി. ജയരാജൻ പ്രതികരിച്ചു. വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ പോകണം. വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹരജി നൽകുന്നത് സംബന്ധിച്ച് നിയമവിദഗ്ധരുമായി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പി. ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിൽ വിചാരണക്കോടതി ശിക്ഷിച്ച ആറ് ആർ.എസ്.എസ് പ്രവർത്തകരിൽ അഞ്ചുപേരെയും ഹൈകോടതി വെറുതെവിടുകയായിരുന്നു. രണ്ടാം പ്രതി ചിരുകണ്ടോത്ത് പ്രശാന്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും 10 വർഷത്തെ കഠിനതടവ് ഒരു വർഷത്തെ സാധാരണ തടവായി കുറച്ചു. വധശ്രമത്തിനടക്കം പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഞ്ച് പ്രതികളുടെ ശിക്ഷ ജസ്റ്റിസ് സോമരാജൻ റദ്ദാക്കിയത്. വിചാരണക്കോടതി വിട്ടയച്ച മൂന്ന് പ്രതികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീലും തള്ളി.
1999 ആഗസ്റ്റ് 25ന് വൈകീട്ട് തിരുവോണ ദിവസം ജയരാജനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. തലശ്ശേരി സെഷൻസ് കോടതി ആറ് പ്രതികൾക്ക് 10 വർഷം കഠിനതടവും ലക്ഷം രൂപ വീതം പിഴയുമാണ് വിധിച്ചിരുന്നത്. ഇതിൽ ഒന്നാം പ്രതി കടിച്ചേരി അജി, മൂന്നുമുതൽ അഞ്ചുവരെ പ്രതികളായ കൊയ്യോൻ മനു, പാര ശശി, ഇളംതോട്ടത്തിൽ മനോജ്, ഏഴാം പ്രതി ജയപ്രകാശൻ എന്നിവരുടെ ശിക്ഷയാണ് റദ്ദാക്കിയത്. പ്രതികളുടെ അപ്പീലിലാണ് ഉത്തരവ്. അപ്പീൽ നിലവിലിരിക്കെ ഇളംതോട്ടത്തിൽ മനോജ് നേരത്തെ മരിച്ചു.
വിചാരണക്കോടതി വിട്ടയച്ച ആറാം പ്രതി കുനിയിൽ ഷിനൂബ്, എട്ട്, ഒമ്പത് പ്രതികളായ കൊവ്വേരി പ്രമോദ്, തൈക്കണ്ടി മോഹനൻ എന്നിവരെ വെറുതെവിട്ടതിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്. കൊവ്വേരി പ്രമോദും ഇതിനിടെ മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.