പെരിയ ഇരട്ടക്കൊല: സർക്കാർ നടത്തിയ നിയമപോരാട്ടം ശരിയെന്നു തെളിഞ്ഞു -പി. ജയരാജൻ
text_fieldsകണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.ഐക്ക് വിട്ടതിനെതിരെ സംസ്ഥാന സർക്കാർ ഹൈകോടതിയിലും സുപ്രീം കോടതിയിലും നടത്തിയ നിയമപോരാട്ടം ശരിയാണെന്ന് തെളിഞ്ഞതായി സി.പി.എം നേതാവ് പി. ജയരാജൻ. സി.ബി.ഐ പ്രതിചേർത്ത 4 നാല് സി.പി.എം നേതാക്കൾ ജയിൽ മോചിതരായതോടെ പാർട്ടിയെ ഈ കേസുമായി ബന്ധപ്പെടുത്താനുള്ള സി.ബി.ഐ ശ്രമം പൊളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ സി.പി.എം വിരുദ്ധ ജ്വരം വെളിവായതായും ഫേസ്ബുക് കുറിപ്പിൽ ജയരാജൻ ചൂണ്ടിക്കാട്ടി.
പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സി.പി.എമ്മുകാർ കൊലപ്പെടുത്തിയ കേസിൽ സി.ബി.ഐ കോടതി ശിക്ഷിച്ച മുൻ എം.എൽ.എ അടക്കം നാലുപേരുടെ ശിക്ഷ ഹൈകോടതി ഇന്നലെ മരവിപ്പിച്ചിരുന്നു. അഞ്ചുവർഷത്തെ തടവുശിക്ഷക്ക് വിധിക്കപ്പെട്ട സി.പി.എം നേതാവും ഉദുമ മുൻ എം.എൽ.എയുമായ 20ാം പ്രതി കെ.വി. കുഞ്ഞിരാമൻ, 14ാം പ്രതി കെ. മണികണ്ഠൻ, 21ാം പ്രതി രാഘവൻ വെളുത്തോളി, 22ാം പ്രതി കെ.വി. ഭാസ്കരൻ എന്നിവരുടെ ശിക്ഷയാണ് ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് മരവിപ്പിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞ നാലുപേരും അൽപസമയം മുമ്പാണ് മോചിതരായത്. കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രമുഖ സി.പി.എം നേതാക്കളായ എം.വി. ജയരാജരൻ, പി. ജയരാജൻ, സതീഷ് ചന്ദ്രൻ, എം.വി. ബാലകൃഷ്ണൻ ഉൾപ്പടെയുള്ളവർ എത്തി രക്തഹാരം അണിയിച്ച് നാലുപേരെയും സ്വീകരിച്ചു.
പെരിയ കേസിൽ സത്യം തെളിഞ്ഞു എന്നും ഗൂഢാലോചയിൽ പങ്കാളിയായ നേതാക്കളെ ശിക്ഷിച്ചു എന്നും മറ്റുമുള്ള വലതുപക്ഷ മാധ്യമങ്ങളുടെയും കോൺഗ്രസ്സുകാരുടെയും ആഹ്ലാദത്തിന് അല്പായുസ്സ് മാത്രമാണെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പ്രതികരിച്ചു.
‘സത്യം ഒരുനാൾ തെളിയുമെന്ന് നിറം പിടിപ്പിച്ച വാർത്തകൾ പടയ്ക്കുന്ന മാധ്യമങ്ങൾ കരുതേണ്ടതായിരുന്നു. കെ.വി. കുഞ്ഞിരാമൻ അടക്കമുള്ള സിപിഐ(എം) നേതാക്കൾക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സിപിഐ(എം) നേരത്തെ പറഞ്ഞത് സത്യമാണെന്ന് ബോധ്യപ്പെടുത്തുന്നതാണ്. കെ.വി. കുഞ്ഞിരാമൻ അടക്കമുള്ള നേതാക്കൾക്ക് 2019 ഫെബ്രുവരി 19ന് നടന്ന പെരിയ കൊലപാതകത്തിൽ യാതൊരു പങ്കുമില്ല. രണ്ടാം പ്രതി സിബി ജോർജ്ജിനെ പൊലീസ് സ്‌റ്റേഷനിൽ നിന്നും 12 കിലോമീറ്റർ അകലെയുള്ള ഒരിടത്തുവെച്ച് പൊലീസ് ജീപ്പിൽ നിന്നും 2019 ഫെബ്രുവരി 18-ാം തീയതി കെ.വി. കുഞ്ഞിരാമൻ അടക്കമുള്ളവർ മോചിപ്പിച്ചു എന്ന കുറ്റമാണ് അവരുടെ മേൽ സിബിഐ ചുമത്തിയിരുന്നത്. നേരത്തേ പൊലീസ് അന്വേഷണം നടത്തിയപ്പോൾ ഇവർ കുറ്റക്കാരായിരുന്നില്ല. പ്രതിയെ രക്ഷപ്പെടുത്താനുള്ള ഗൂഢാലോചന നടത്തി എന്ന സിബിഐ ആരോപണം വിചാരണക്കോടതി പോലും തള്ളി. ഫെബ്രുവരി 18ന് രണ്ടാം പ്രതിയായ സജി ജോർജ്ജിനെ പൊലീസ് അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിരുന്നില്ല. അറസ്റ്റ് ചെയ്തതാവട്ടെ, ഫെബ്രുവരി 20നാണ്. ഫെബ്രുവരി 20ന് പോലീസ് അറസ്റ്റ് ചെയ്ത ഒരാളെ എങ്ങനെയാണ് ഫെബ്രുവരി 18ന് മോചിപ്പിക്കുക? ’ -എം.വി. ജയരാജൻ ഫേസ്ബുക് കുറിപ്പിൽ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.