''സമുദായ സ്നേഹം കാപട്യം; മുസ്ലിം സമുദായത്തില്‍ ലീഗ് കൂടുതല്‍ ഒറ്റപ്പെടാൻ പോകുന്നു''
text_fieldsകണ്ണൂർ: മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം നേതാവ് പി.ജയരാജൻ. ലീഗ് എം.എല്‍.എ ഷാജി നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒന്നൊന്നായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞ് തട്ടിയെടുത്ത പണത്തിലൊരു പങ്ക് ലീഗിന്‍റെ മുഖപത്രത്തിന്‍റെ ഓഫീസിലടക്കം എത്തിയതായി വേറൊരു കേസുണ്ട്. കാസർകോട്ടെ ഖമറുച്ച കേസുകളുടെ എണ്ണത്തില്‍ സെഞ്ച്വറി അടിക്കാന്‍ പോകുന്നുവെന്നും പി.ജയരാജൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ലീഗിന്‍റെ സമുദായ സ്നേഹം കാപട്യമാണെന്ന തിരിച്ചറിവ് മുസ്ലിം സമുദായത്തില്‍ ശക്തിപ്പെടും. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ മൗദൂദിസ്റ്റുകളെ കൂട്ടുപിടിച്ചാലും സാധിക്കുകയില്ല .മുസ്ലിം സമുദായത്തില്‍ ലീഗ് കൂടുതല്‍ ഒറ്റപ്പെടാനാണ് പോകുന്നതെന്നും പി. ജയരാജൻ കൂട്ടിച്ചേർത്തു.
പി.ജയരാജൻ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ്:
തെരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി അയോഗ്യനാക്കിയ ലീഗ് എം എല്‍ എ ഷാജി നടത്തിയ അധോലോക ബന്ധത്തോളമെത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒന്നൊന്നായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്.നേരത്തേ വര്‍ഗ്ഗീയത പ്രചരിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തിയതിന്‍റെ പേരിലാണ് എം എല്‍ എ സ്ഥാനത്തിന് കോടതി അയോഗ്യത കല്‍പ്പിച്ചത്.
ഇപ്പൊഴാവട്ടെ അനധികൃത സ്വത്ത് സമ്പാദനത്തിന്‍റെ പേരിലടക്കം അദ്ദേഹം പ്രതിക്കൂട്ടിലാണ്.അതിന്‍റെ പേരില്‍ അന്വേഷണവും നടക്കുകയാണ്.ഇപ്പോ എന്‍ഫോഴ്സ്മെന്‍റ് ഡയരക്ടറേറ്റും ഷാജി നേടിയ അനധികൃത സമ്പത്തിനെ കുറിച്ച് അന്വേഷണത്തിലാണ്.ലീഗ് നേതൃത്വത്തിലെ ഒരു വിഭാഗം ഷാജിയുടെ മുന്നിലോ പിന്നിലോ ആയുണ്ട്.പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞ് തട്ടിയെടുത്ത പണത്തിലൊരു പങ്ക് ലീഗിന്‍റെ മുഖപത്രത്തിന്‍റെ ഓഫീസിലടക്കം എത്തിയതായാണ് വേറൊരു കേസ് .അതിന്‍റെ ഭാഗമായാണ് ലീഗിന്‍റെ സംസ്ഥാന സെക്രട്ടറി കെ പി എ മജീദും ലീഗിന്‍റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അബ്ദുള്‍ കരീം ചേലേരിയും ഇഡി യുടെ മുന്‍പില്‍ ഹാജരാകേണ്ടി വന്നത്.അതോടൊപ്പം കാസര്‍ഗോട്ടെ ഖമറുച്ച കേസുകളുടെ എണ്ണത്തില്‍ സെഞ്ചുറി അടിക്കാന്‍ പോകുന്നു.
മുസ്ലിം ന്യൂനപക്ഷത്തിന്‍റെ സംരക്ഷണം അവകാശപ്പെട്ട് പ്രവർത്തിക്കുന്ന ലീഗ് എത്തിച്ചേര്‍ന്നിട്ടുള്ള പതനത്തെയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.ഇതോടൊപ്പം വഖഫ് സ്വത്തുക്കളുടെ തിരിമറിയിലും ലീഗ് നേതാക്കള്‍ പ്രതികളാവുന്നുണ്ട്.ഇക്കാര്യം പ്രത്യേകമായി അന്വേഷിച്ചാല്‍ ഇനിയും ഒട്ടേറെ കേസുകള്‍ വരും.ലീഗിന്‍റെ സമുദായ സ്നേഹം കാപട്യമാണെന്ന തിരിച്ചറിവ് മുസ്ലിം സമുദായത്തില്‍ ശക്തിപ്പെടും.ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ മൌദൂദിസ്റ്റുകളെ കൂട്ടുപിടിച്ചാലും സാധിക്കുകയില്ല.മുസ്ലിം സമുദായത്തില്‍ നിന്ന് ലീഗ് കൂടുതല്‍ ഒറ്റപ്പെടാനാണ് പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.