Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി. ജയരാജൻ...

പി. ജയരാജൻ വധശ്രമക്കേസ്​: അഞ്ച്​ ​പ്രതികളെയും വെറുതെവിട്ടു; രണ്ടാം പ്രതിയുടെ തടവ്​ ഒരു വർഷമായി കുറച്ചു

text_fields
bookmark_border
പി. ജയരാജൻ വധശ്രമക്കേസ്​: അഞ്ച്​ ​പ്രതികളെയും വെറുതെവിട്ടു; രണ്ടാം പ്രതിയുടെ തടവ്​ ഒരു വർഷമായി കുറച്ചു
cancel

കൊച്ചി: സി.പി.എം നേതാവ് പി. ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിൽ വിചാരണക്കോടതി ശിക്ഷിച്ച ആറ്​ ആർ.എസ്​.എസ്​ പ്രവർത്തകരിൽ അഞ്ചു​പേരെയും ഹൈകോടതി ​വെറുതെവിട്ടു. അതേസമയം, രണ്ടാം പ്രതി ചിരുകണ്ടോത്ത് പ്രശാന്ത് കുറ്റക്കാരനാണെന്ന്​ കണ്ടെത്തിയെങ്കിലും 10 വർഷത്തെ കഠിനതടവ് ഒരു വർഷത്തെ സാധാരണ തടവായി കുറച്ചു. വധശ്രമത്തിനടക്കം പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്​ അഞ്ച്​ പ്രതിക​ളുടെ ശിക്ഷ ​ജസ്റ്റിസ്​ സോമരാജൻ റദ്ദാക്കിയത്​. വിചാരണക്കോടതി വിട്ടയച്ച മൂന്ന്​ പ്രതികളെ ശിക്ഷിക്കണമെന്ന്​ ആവശ്യപ്പെട്ട്​ സർക്കാർ നൽകിയ അപ്പീലും തള്ളി.

1999 ആഗസ്റ്റ് 25ന് വൈകീട്ട്​ തിരുവോണ ദിവസം ജയരാജനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. തലശ്ശേരി സെഷൻസ് കോടതി ആറ്​ പ്രതികൾക്ക് 10 വർഷം കഠിനതടവും ലക്ഷം രൂപ വീതം പിഴയുമാണ്​ വിധിച്ചിരുന്നത്. ഇതിൽ ഒന്നാം പ്രതി കടിച്ചേരി അജി, മൂന്നുമുതൽ അഞ്ചുവരെ പ്രതികളായ കൊയ്യോൻ മനു, പാര ശശി, ഇളംതോട്ടത്തിൽ മനോജ്, ഏഴാം പ്രതി ജയപ്രകാശൻ എന്നിവരുടെ ശിക്ഷയാണ്​ റദ്ദാക്കിയത്​. പ്രതികളുടെ അപ്പീലിലാണ്​ ഉത്തരവ്​. അപ്പീൽ നിലവിലിരിക്കെ ഇളംതോട്ടത്തിൽ മനോജ് മരിച്ചു.

വിചാരണക്കോടതി വിട്ടയച്ച ആറാം പ്രതി കുനിയിൽ ഷിനൂബ്, എട്ട്​, ഒമ്പത്​ പ്രതികളായ കൊവ്വേരി പ്രമോദ്, തൈക്കണ്ടി മോഹനൻ എന്നിവരെ വെറുതെവിട്ടതിനെതിരെയാണ്​ സർക്കാർ അപ്പീൽ നൽകിയത്​. കൊവ്വേരി പ്രമോദും ഇതിനിടെ മരിച്ചു. സംഭവം നടന്ന്​ ഒരു മണിക്കൂറിനകം പ്രഥമവിവരമൊഴി നൽകുകയും ഉടൻ പ്രഥമ വിവര റിപ്പോർട്ട്​ തയാറാക്കുകയും ചെയ്തുവെന്ന്​ പ്രോസിക്യൂഷൻ അവകാശപ്പെടുമ്പോഴും മജിസ്ട്രേറ്റിന്​ മുന്നിൽ ഇവ ഹാജരാക്കിയത്​ മൂന്നാം ദിവസമാണെന്നും ആശുപത്രിയിൽ കഴിയവേ ബോധമുണ്ടായിരുന്നെങ്കിലും ജയരാജന്‍റെ മൊഴിയെടുത്തത്​ 21ാം ദിവസമാണെന്നുമടക്കം പ്രതികളുടെ വാദം അംഗീകരിച്ചാണ്​ സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ്​.

ജയരാജന്‍റെ ഭാര്യയെ രണ്ടാം സാക്ഷിയായി അവതരിപ്പിച്ചത്​ സംശയമുണ്ടാക്കുന്നതാണ്​. സംഭവം നടക്കുമ്പോൾ ഭാര്യ അവിടെ ഉണ്ടായിരുന്നെന്നാണ്​ പറയുന്നതെങ്കിലും നാടൻ ബോംബ്​ പൊട്ടിയതിനെത്തുടർന്ന്​ അവർക്ക്​ പരിക്കുണ്ടായില്ല. ജയരാജന്​ 11 വെട്ട്​ കിട്ടിയപ്പോഴും ഭാര്യയുടെ വസ്ത്രത്തിൽ രക്തക്കറ പുര​ണ്ടില്ല. ഭർത്താവിനൊപ്പം അവർ ആശുപത്രിയിൽ പോയിട്ടില്ല. ആശുപത്രിയിൽ കൊണ്ടുപോയവരെ സാക്ഷിയാക്കിയിട്ടുമില്ല. ഇതിന്​ വിശദീകരണവുമില്ല. മറ്റ്​ സാക്ഷികളായ ജയരാജന്‍റെ സഹോദരിയുടെയും അയൽപക്കക്കാരുടെയും മൊഴികൾ വിശ്വസനീയമല്ല. ജയരാജൻ ആശുപത്രിയിൽവെച്ച്​ മൊഴി നൽകിയതായി ഡോക്ടർ പറഞ്ഞെങ്കിലും ഇത്​ തെളിവായി ഹാജരാക്കിയിട്ടില്ല. രാഷ്ട്രീയ വൈരാഗ്യം മൂലം ആക്രമണം നടത്തിയെന്ന കേസിൽ മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന്​ കഴിഞ്ഞിട്ടില്ല. ജയരാജൻ പ്രതികളെ തിരിച്ചറിഞ്ഞു എന്നതുകൊണ്ട്​ മാത്രം ശിക്ഷിക്കാനാവില്ല.

രണ്ടാം പ്രതി നൽകിയ മൊഴിയെത്തുടർന്നാണ്​ രണ്ട്​ വെട്ടുകത്തിയും രണ്ട്​ വടിവാളും കണ്ടെടുത്തത്​. രണ്ട്​ വാളിലും ജയരാജന്‍റേതിന്​ സമാന ഗ്രൂപ്പിൽപെട്ട രക്തമുണ്ടായിരുന്നു. ഈ ആയുധങ്ങൾ കൊണ്ടുള്ള പരിക്ക് മരണത്തിന്​ കാരണമാകാവുന്നതായിരുന്നുവെന്നും മെഡിക്കൽ സർട്ടിഫിക്കറ്റിലുണ്ട്. ഈ സാഹചര്യത്തിൽ രണ്ടാം പ്രതിക്ക്​ കുറ്റത്തിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന്​ വിലയിരുത്തിയാണ്​ ശിക്ഷ വിധിച്ചത്​.

വീട്ടിൽ അതിക്രമിച്ചുകയറൽ, ബോംബ് ആക്രമണം, ആയുധങ്ങൾകൊണ്ട്​ വെട്ടിപ്പരിക്കേൽപിക്കൽ, വധശ്രമം എന്നീ കുറ്റകൃത്യങ്ങൾ ശരിവെച്ചെങ്കിലും അന്യായ സംഘം ചേരൽ ഉൾപ്പെടെ കുറ്റങ്ങൾ നിലനിൽക്കില്ല. അതേസമയം, ഇത്തരം കുറ്റകൃത്യങ്ങൾക്കുള്ള പരമാവധി ശിക്ഷയായ 10 വർഷം നൽകിയത്​ സന്തുലിതമല്ലെന്ന്​ നിരീക്ഷിച്ചാണ്​ വധശ്രമത്തിന് ഒരു വർഷം സാധാരണ തടവും അഞ്ചുലക്ഷം പിഴയും​ വിധിച്ചത്​. ആയുധംകൊണ്ട്​ പരിക്കേൽപിച്ചതിന് ആറുമാസം തടവും ലക്ഷം രൂപ നഷ്ടപരിഹാരവും നൽകണം. മറ്റ്​ രണ്ടു വകുപ്പുകൾക്ക് മൂന്ന്​ മാസം വീതം തടവാണ്​ ശിക്ഷ. ശിക്ഷാ കാലയളവുകൾ ഒന്നിച്ച്​ അനുഭവിച്ചാൽ മതി. പിഴത്തുകയായ ആറുലക്ഷം ജയരാജന്​ നൽകാനും കോടതി ഉത്തരവിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p jayarajanMurder Attempt Case
News Summary - P. Jayarajan assassination attempt case; High Court acquitted all but the second accused
Next Story