'വീഴ്ചകള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്'; ശശിയുടെ നിയമനത്തെ വിമർശിച്ച് പി. ജയരാജൻ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി. ശശിയെ നിയമിക്കുന്നതിന്‍റെ സാധുതയും യോഗ്യതയും സി.പി.എം സംസ്ഥാന സമിതിയിൽ ചോദ്യം ചെയ്ത് മുൻ കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജൻ. വിമർശനത്തിൽ ഒരു നിമിഷം അമ്പരന്നെങ്കിലും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിമർശനമുന്നയിച്ച സാഹചര്യം ചോദ്യംചെയ്ത് പ്രതിരോധമുയർത്തി.
സെക്രട്ടറിക്ക് മറുപടി പറയവെ, പൊളിറ്റിക്കൽ സെക്രട്ടറി എന്ന നിലയിൽ ഇ.കെ. നായനാർ സർക്കാറിന്റെ കാലത്തെ ശശിയുടെ വിവാദ പ്രവർത്തനങ്ങളിലേക്ക് ജയരാജൻ സംസ്ഥാന സമിതിയുടെ ശ്രദ്ധ തിരിച്ചു. കെ-റെയിൽ പ്രചാരണ യോഗം ഉദ്‌ഘാടനം ചെയ്യാൻ പോയതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഈ സമയം യോഗത്തിലുണ്ടായിരുന്നില്ല. പി. ശശിയുടെ നിയമനം കോടിയേരി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയായിരുന്നു ജയരാജന്‍റെ വിമര്‍ശനം. ശശിക്ക് ഇത്തരമൊരു നിയമനം നല്‍കുന്നത് എന്തിന്റെ പേരിലെന്ന് വിശദീകരിക്കണമെന്ന് ജയരാജൻ ആവശ്യപ്പെട്ടു. ഈ നിയമനം സൂക്ഷ്മതയില്ലാത്തതാണ്. ഇതിന്റെ പേരില്‍ വീഴ്ചകള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. ഒരു കേഡര്‍ സംഘടന അച്ചടക്കത്തില്‍ വീഴ്ചവരുത്തുമെന്ന് ബോധ്യമുണ്ടെങ്കില്‍ അത് നേതൃത്വത്തെയാണ് അറിയിക്കേണ്ടതെന്ന് കോടിയേരി പ്രതികരിച്ചു.
നിയമനത്തിന്റെ ഘട്ടമാണിത്. ഇപ്പോഴല്ല ഇത്തരം വിമര്‍ശനമുന്നയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പാര്‍ട്ടി ഘടകത്തില്‍ അത്തരം ചര്‍ച്ചകള്‍ക്ക് അവസരമുണ്ടാകുമ്പോഴേ വിശദീകരിക്കാൻ സാധിക്കൂവെന്ന് ജയരാജൻ മറുപടി നൽകി. ശശിയുടെ കഴിവിലും കാര്യശേഷിയിലും തനിക്ക് സംശയമില്ല. വീഴ്ചയുണ്ടാകാതിരിക്കാൻ ജാഗ്രത വേണമെന്ന് കൂട്ടിച്ചേർത്താണ് ജയരാജൻ നിർത്തിയത്.
നേതൃത്വത്തിൽ സംഘടനാ ചുമതല വിഭജിച്ച് നല്‍കിയതിലും വിമര്‍ശനമുയർന്നു. ചുമതലകള്‍ കടലാസില്‍ എഴുതി വിതരണം ചെയ്യുന്നതല്ലാതെ ആരും അതൊന്നും നിര്‍വഹിക്കുന്നില്ല, ഒരേ നേതാക്കള്‍ക്ക് ഒന്നിലധികം ചുമതലകള്‍ നല്‍കുന്നു എന്നിങ്ങനെയായിരുന്നു വിമർശനം. വാര്‍ത്ത ചോർത്തിയത് സംബന്ധിച്ചും വിമര്‍ശനമുയർന്നു. അതേസമയം ശശിയുടെ നിയമന ഉത്തരവ് ചൊവ്വാഴ്ച വൈകീട്ട് പുറത്തിറങ്ങി. മുഖ്യമന്ത്രിയുടെ ഓഫിസിൽ വൈകീട്ടെത്തിയ ശശി പിണറായിയുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച അദ്ദേഹം ചുമതലയേൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.