'യുവമോർച്ചക്കാർക്ക് മനസിലാകുന്ന മറുപടിയാണ് ഞാൻ പറഞ്ഞത്; ഭയപ്പെടുത്താമെന്ന് ആർ.എസ്.എസ് കരുതേണ്ട'
text_fieldsകണ്ണൂർ: നിയമസഭ സ്പീക്കർ എ.എൻ. ഷംസീറിനെ ഭീഷണിപ്പെടുത്തിയ യുവമോർച്ചക്കാർക്ക് മനസിലാകുന്ന മറുപടിയാണ് താൻ നൽകിയതെന്ന് സി.പി.എം നേതാവ് പി. ജയരാജൻ. ഷംസീറിന് നേരെ കയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന ജയരാജന്‍റെ പ്രസ്താവന വിവാദമായിരുന്നു. തുടർന്ന് ജയരാജനും ഷംസീറിനുമെതിരെ കൊലവിളി മുദ്രാവാക്യവുമായി യുവമോർച്ചയും രംഗത്തെത്തിയിരിക്കുകയാണ്.
'പൗരന്മാരിൽ ശാസ്ത്ര ചിന്തകൾ വളർത്തുക എന്നത് നമ്മുടെ ഭരണഘടനാ പ്രകാരം മൗലിക കർത്തവ്യമാണ്. ആ നാട്ടിലാണ് ആ ഭരണ ഘടന കാക്കേണ്ടുന്ന പ്രധാന മന്ത്രി 'ഗണപതിയുടെ തല മാറ്റി വച്ചത് ലോകത്തിലേ ആദ്യത്തെ പ്ലാസ്റ്റിക് സർജറിയാണെന്ന് ' ഗൗരവകരമായ ഒരു പൊതുപരിപാടിയിൽ പ്രസംഗിച്ചത്. പുഷ്പക വിമാനത്തെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുമൊക്കെയുള്ള പല തരം മണ്ടത്തരങ്ങൾ പ്രധാന മന്ത്രി പൊതുപരിപാടിയിൽ വിളിച്ചു പറഞ്ഞിട്ടുണ്ട്. എ.എൻ. ഷംസീർ കുട്ടികൾക്കുള്ള ഒരു പൊതുപരിപാടിയിൽ വച്ച് ആ അശാസ്ത്രീയമായ വാചകങ്ങളെയാണ് വിമർശിച്ചത്. അതിൽ വിശ്വാസിയായ ഒരു മനുഷ്യനും വേദന തോന്നാൻ ഇടയില്ല' -ജയരാജൻ പറഞ്ഞു.
ഷംസീറിനെതിരെ യുവമോർച്ചക്കാർ 'ജോസഫ് മാഷിന്‍റെ അനുഭവം വരാതിരിക്കില്ല' എന്ന നിലയിലുള്ള ഭീഷണിയാണ് നടത്തിയത്. പ്രതികാരം തീർത്ത പോപ്പുലർ ഫ്രണ്ട് ഭീകരവാദികളോടാണ് യുവമോർച്ചക്കാർ സ്വയം ഉപമിക്കുന്നത്. അതേതായാലും ആ യുവമോർച്ചക്കാർക്ക് മനസിലാകുന്ന മറുപടിയാണ് ഞാൻ പറഞ്ഞതും.
സംഘപരിവാറുകാരുടെ അശാസ്ത്രീയ വിഡ്ഢിത്തങ്ങളും വിധ്വംസകമായ ആശയങ്ങളും ഇനിയും തുറന്നെതിർക്കും. ആ കാരണത്താൽ സഖാവ് ഷംസീറിനെയെന്നല്ല ആരെയും ഭീഷണിപ്പെടുത്തി ഭയപ്പെടുത്താമെന്ന് ആർ.എസ്.എസ് കരുതേണ്ട. പിന്നെ എന്നെ കാണാൻ ആർക്കും എത്ര വട്ടം വേണെങ്കിലും ഇവിടേക്ക് വരാവുന്നതാണ്. ഓണത്തിനോ, പെരുന്നാളിനോ, ക്രിസ്തുമസിനോ എപ്പോൾ വന്നാലും സന്തോഷം തന്നെ. അനീതിക്കും അക്രമത്തിനുമെതിരെ പൊരുതിക്കൊണ്ടിരിക്കുന്ന ചുവന്ന കണ്ണൂരിലേക്ക് സ്വാഗതം -ഫേസ്ബുക് പോസ്റ്റിൽ പി. ജയരാജൻ പറഞ്ഞു.
ഗണപതിയെ അപമാനിച്ചുവെന്ന് ആരോപിച്ച് എ.എൻ. ഷംസീറിന്‍റെ എം.എൽ.എ ക്യാംപ് ഓഫിസിലേക്ക് യുവമോർച്ച മാർച്ച് നടത്തിയിരുന്നു. മാർച്ച് ഉദ്ഘാടനം ചെയ്ത സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗണേഷാണ് വെല്ലുവിളി പ്രസംഗം നടത്തിയത്. ജോസഫ് മാഷിന്‍റെ അനുഭവം ഓർക്കണമെന്നും ഗണേഷ് പറഞ്ഞിരുന്നു. ഇതിനാണ് പി. ജയരാജൻ മറുപടി നൽകിയത്. എ.എൻ. ഷംസീറിനു നേരെ കയ്യോങ്ങുന്ന യുവമോർച്ചക്കാരന്‍റെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്നും അദ്ദേഹത്തിന് എതിരെ വരുന്ന ഏതു നീക്കത്തെയും ജനം പ്രതിരോധിക്കുമെന്നും ജയരാജൻ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.