അൻവർ പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നവരുടെ ആയുധമായി; ഇപ്പോൾ തീയാകേണ്ടത് സി.പി.എം പ്രവർത്തകർ -പി. ജയരാജൻ
text_fieldsകോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് രണ്ട് മണിക്കൂറോളം വാർത്താ സമ്മേളനം നടത്തിയ പി.വി. അൻവറിനെതിരെ പ്രതികരിച്ച് പി. ജയരാജൻ. പാർട്ടിയെ തകർക്കാൻ തീവ്രശ്രമം നടത്തുന്നവരുടെ ആയുധമായാണ് അൻവർ സ്വയം മാറിയിരിക്കുന്നതെന്ന് പി. ജയരാജൻ എഴുതുന്നു. ഇപ്പോൾ തീയാകേണ്ടത് സിപിഐഎമ്മിനെ ഹൃദയത്തിലേറ്റുന്ന ഓരോ മനുഷ്യരുമാണെന്നും അദ്ദേഹം പറയുന്നു.
പി. ജയരാജന്‍റെ ഫേസ്ബുക്ക് കുറിപ്പ്:
അൻവർ എംഎൽഎ, സി.പി.എംനേയും ഇടതുപക്ഷത്തേയും സ്നേഹിക്കുന്ന ജനങ്ങളെ ശത്രുപക്ഷത്ത് നിർത്തിക്കൊണ്ടുള്ള നിലപാടാണ് തുടർച്ചയായി കൈക്കൊള്ളുന്നത്. ഇന്നത്തെ പത്രസമ്മേളനത്തോടെ അന്തരിച്ച നേതാവിനേയും ജീവിച്ചിരിക്കുന്ന നേതാക്കളേയും രണ്ട് തട്ടിലാക്കി ചിത്രീകരിച്ച് കൂടുതൽ പരിഹാസ്യനായിരിക്കുന്നു. ഇക്കാര്യത്തിൽ വലതുപക്ഷത്തിൻ്റെ ശൈലിയാണ് അൻവർ പിൻതുടരുന്നത്. അതുവഴി തന്നെ തിരഞ്ഞെടുത്ത ജനങ്ങളെയാണ് വഞ്ചിച്ചിട്ടുള്ളത്. ഇതിനെതിരെ ശക്തമായ പ്രതികരണങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു.
പരിഹാസ്യമായ വാദഗതികൾ അൻവർ ഉന്നയിക്കുന്നുണ്ട്. അതിലൊന്ന്, തന്നെ പോലീസ് പിൻതുടരുന്നു എന്നുള്ളതാണ്. സ്ഥിരം ഗൺമാനുള്ള താങ്കളെ പോലീസ് പിൻതുടരേണ്ട ആവശ്യകതയെന്താണ് ?
പ്രമുഖ സ്വാതന്ത്ര്യസമര സേനാനി സ: കെ.പി.ആർ. ഗോപാലൻ എം.എൽ.എ. ആയിരിക്കുന്ന ഘട്ടത്തിൽ നടത്തിയ അപവാദ പ്രചരണങ്ങളെപ്പോലും അതിജീവിച്ച സി.പി.എം.ന് അൻവർ നടത്തുന്ന അപവാദ പ്രചരണങ്ങൾ നേരിടാൻ നല്ല ശേഷിയുണ്ടെന്നും മനസിലാക്കണം. മുഖ്യമന്ത്രി സഖാവ് പിണറായിയെ പിതൃതുല്യനായി കണ്ടിരുന്ന അൻവറിന്, താൻ കൈക്കൊണ്ട തെറ്റായ നിലപാട് തുറന്ന് കാണിച്ചപ്പോഴാണോ പുതിയ ബോധോദയമുണ്ടായത്.
പാർട്ടി ശത്രുക്കളുടെ പാവയാകാൻ ആർക്കും കഴിയും. പാർട്ടിയെ തകർക്കാൻ തീവ്രശ്രമം നടത്തുന്നവരുടെ ആയുധമായാണ് അൻവർ സ്വയം മാറിയിരിക്കുന്നത്. ഇപ്പോൾ തീയാകേണ്ടത് സിപിഐഎമ്മിനെ ഹൃദയത്തിലേറ്റുന്ന ഓരോ മനുഷ്യരുമാണ്. പാർട്ടി ശത്രുക്കൾക്ക് അമ്മാനമാടാൻ വിട്ടുകൊടുക്കേണ്ട ഒന്നല്ല നമ്മുടെ പാർട്ടിയും നേതൃത്വവും. അത് നമ്മുടെ രക്തമാണ്; ജീവനാണ്. ആ ജീവനെ ചേർത്തുപിടിച്ച്, ധീര രക്തസാക്ഷികളുടെ ഹൃദയ രക്തത്തെ സാക്ഷി നിർത്തി, നമുക്ക് പ്രതിജ്ഞ ചെയ്യാം- ഒറ്റുകാരുടെയും ശത്രുക്കളുടെയും അപവാദ പ്രചാരണങ്ങളിലും ചതി പ്രയോഗങ്ങളിലും കടന്നാക്രമണങ്ങളിലും തെല്ലും പതറിപ്പോകാതെ ഈ ചെങ്കൊടി ഇനിയും ഉയർത്തിപ്പിടിച്ച് പോരാട്ടം തുടരുമെന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.