'നമ്മളിരിക്കുന്ന കസേര ഒന്നു മാറ്റിയിട്ട് കൊടുത്താൽ മതി; അവർക്കും ആഘോഷങ്ങളിൽ പങ്കെടുക്കാം'
text_fieldsലോക ഭിന്നശേഷി ദിനത്തിൽ ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ച് ഒപ്പം നിർത്തേണ്ടതിനെ കുറിച്ച് കുറിപ്പുമായി സി.പി.എം നേതാവ് പി.ജയരാജൻ. നമ്മുടെ ചുറ്റുവട്ടത്ത് സ്വന്തംകാരണം കൊണ്ടല്ലാതെ കിടപ്പിലായി പോയ ഒരുപാട് പേരുണ്ടെന്നും അവർക്കും ആഘോഷങ്ങളിൽ പങ്കെടുക്കാനുള്ള അവസരമൊരുക്കണമെന്നുമാണ് ജയരാജൻ പറയുന്നത്. കല്യാണം പോലുള്ള ആഘോഷങ്ങളിൽ നമ്മുടെ കസേര മാറ്റിയിട്ട് അവർക്ക് വീൽചെയറിട്ട് ഇരിക്കാനുള്ള ഇടമുണ്ടാക്കി കൊടുത്താൽ ആ മനസുകളുടെ സന്തോഷം കാണാൻ സാധിക്കും. ശാരീരികമായി അവശതയുണ്ടെന്നും മാനസികമായി കരുത്തരായ അവരെ കൂടുതൽ ചേർത്തുനിർത്തിയാൽ വലിയം മാറ്റം കാണാൻ സാധിക്കുമെന്നും ജയരാജൻ സൂചിപ്പിച്ചു.
കുറിപ്പിന്റെ പൂർണരൂപം:
ചെറിയ ഒരു അഭ്യർത്ഥനയും ആയിട്ടാണ് നിങ്ങളുടെ മുന്നിലേക്ക് വരുന്നത്.
ഇത്രയും കാലത്തിനിടയിൽ നിരവധി കല്യാണങ്ങളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്.
ചെറുതും വലുതുമായ മറ്റനേകം ആഘോഷങ്ങളിലും. വീൽചെയറിൽ ഉള്ള ഒരു മനുഷ്യനെ ആ പരിപാടികളിലൊന്നും എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല.
തൊട്ടപ്പുറത്ത്, ഒരു മതിലിന്റെ വ്യത്യാസത്തിൽ ഒരു പക്ഷേ ഈ കല്യാണങ്ങൾ നടക്കുമ്പോൾ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങി പോകുന്ന ജീവിതങ്ങളുണ്ടാകാം.
അതിനൊരു മാറ്റം വരുത്താൻ നമ്മൾ വിചാരിച്ചാൽ സാധിക്കും. നമ്മുടെ അടുത്ത് ഉറ്റവരുടെ കല്യാണങ്ങൾക്ക് ഇവർക്ക് കൂടി ഒരു സ്ഥലസൗകര്യം നമുക്ക് ഒരുക്കി കൊടുക്കാൻ കഴിയില്ലേ? നമ്മൾ ഇരിക്കുന്ന കസേര ഒന്ന് മാറ്റിക്കൊടുത്താൽ മാത്രം മതി അവർ അവരുടെ വീൽചെയറിൽ ഇരുന്നുകൊള്ളും.
ആർക്കും ഒരു ബുദ്ധിമുട്ടും ഇല്ലാതെ അവർ നമ്മളെ പോലെ തന്നെ കല്യാണങ്ങളിൽ പങ്കെടുത്ത്
തിരിച്ചുപോകും. അതിനുള്ള ശേഷി അവർ സ്വായത്തമാക്കി കഴിഞ്ഞു. നമ്മൾ ഒന്ന് മനസ്സ് വെച്ചാൽ മാത്രം മതി..
ഇന്ന് ലോക ഭിന്നശേഷി ദിനം.
നമ്മുടെ ചുറ്റുവട്ടത്ത് നിരവധി ആളുകൾ വീൽചെയറിൽ ജീവിതം തള്ളിനീക്കുന്നുണ്ട്.
അവരുടേതല്ലാത്ത കാരണങ്ങൾ കൊണ്ട് കിടപ്പിലായവർ.
ശാരീരിക പരിമിതിയുള്ളവർ എന്നാൽ മാനസികമായി പൂർണ്ണ ആരോഗ്യവാൻമാർ. ഒരു പക്ഷേ മറ്റുള്ളവരേക്കാൾ. എല്ലാ മനുഷ്യരെയും പോലെ വിചാര വികാരങ്ങൾ ഉള്ളവർ. വിശപ്പും ദാഹവുമുള്ള എല്ലാ രുചികളും ഇഷ്ടപ്പെടുന്നവർ. മലകളും കുന്നുകളും പുഴയും കാണാൻ ആഗ്രഹിക്കുന്നവർ.
വരയ്ക്കാനും പാടാനും എഴുതാനും കഴിവുള്ളവർ ഇന്ന് പലരുടെയും ജീവിതനിലവാരം വളരെയേറെ മാറിയിരിക്കുന്നു. അവർ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് വന്നുകൊണ്ടിരിക്കുന്നു. അതിലുപരി അവർ പലരും സ്വയം വാഹനങ്ങൾ ഉപയോഗിച്ച് ചലിച്ചു തുടങ്ങിയിരിക്കുന്നു.കഴിഞ്ഞ ദിവസമാണ് നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യന്ത്രി പിണറായി വിജയന്റെ കൈയിൽ നിന്ന് ഇരു കൈകളുമില്ലാത്ത തൊടുപുഴ കരിമണ്ണൂർ സ്വദേശി ജിലു മോൾക്ക് ഫോർ വീലർ ഡ്രൈവിംഗ് ലൈസൻസ് സ്വീകരിച്ചത്. അതിന്റെ ചിത്രവും വാർത്തയും ഇന്നത്തെ പത്രങ്ങളിലുണ്ട്. ഏഷ്യാ ഭൂഖണ്ഡത്തിൽ തന്നെ ആദ്യമായി കേരളത്തിലാണ് ഒരു ഭിന്ന ശേഷിക്കാരിക്ക് ഇത്തരത്തിൽ ഒരംഗീകാരം ലഭിക്കുന്നത്. ഇതൊരു അനുകരണീയമായ ഒരു കേരള മാതൃകയാണ്. നമ്മൾ അവരെ ചേർത്ത് നിർത്തേണ്ട സംഗതികൾ ഇനിയുമുണ്ട്....
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.