ഷുക്കൂർ വധക്കേസിൽ വിചാരണ നേരിടണമെന്ന കോടതി വിധി: നിയമപോരാട്ടം തുടരുമെന്ന് പി. ജയരാജൻ
text_fieldsകണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ വിടുതൽ ഹരജി തള്ളിയ പ്രത്യേക സി.ബി.ഐ കോടതി വിധിക്കെതിരെ നിയമ പോരാട്ടം തുടരുമെന്ന് പ്രതിയും സി.പി.എം സംസ്ഥാന സമിതിയംഗവുമായ പി. ജയരാജൻ. നിയമ വിദഗ്ധരുമായി ആലോചിച്ച് തുടർ നടപടികളെടുക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊന്ന കേസിൽ പി.ജയരാജന്‍റെയും ടി.വി രാജേഷിന്‍റെയും വിടുതൽ ഹരജി സി.ബി.ഐ പ്രത്യേക കോടതിയാണ് തള്ളിയത്. കേസിൽ വിചാരണ കൂടാതെ വിടുതൽ നൽകണമെന്ന് ആവശ്യപ്പെട്ട് 2023 ജനുവരിയിലാണ് പി. ജയരാജനും ടി.വി. രാജേഷും ഹരജി നൽകിയത്.
കണ്ണൂരിലെ തളിപ്പറമ്പ് പട്ടുവത്തെ അരിയിൽ സ്വദേശിയും എം.എസ്.എഫിെൻറ പ്രാദേശിക നേതാവുമായ അരിയിൽ അബ്ദുൽ ഷുക്കൂർ 2012 ഫെബ്രുവരി 20ന് കണ്ണപുരം കീഴറയിലെ വള്ളുവൻ കടവിനടുത്ത് വെച്ചാണ് കൊലചെയ്യപ്പെടുന്നത്. പട്ടുവം അരിയിൽ പ്രദേശത്ത് മുസ്ലിം ലീഗ് സി.പി.എം സംഘർഷത്തോടനുബന്ധിച്ച് പട്ടുവത്ത് എത്തിയ അന്നത്തെ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജൻ, മുൻ കല്ല്യാശ്ശേരി എം.എൽ.എ ടി.വി. രാജേഷ് എന്നിവർ സഞ്ചരിച്ച വാഹനത്തിനു നേരെ കല്ലെറിഞ്ഞെന്ന് ആരോപിച്ച് പ്രതികാരമായി ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.
ഷുക്കൂറിനെ രണ്ടര മണിക്കൂർ ബന്ദിയാക്കി തടങ്കലിൽവെച്ചു വിചാരണ ചെയ്തതായി കണ്ടെത്തിയിരുന്നു. ജയരാജന്‍റെയും ടി.വി രാജേഷിന്‍റെയും പങ്ക് തെളിയിക്കുന്ന ഫോൺ രേഖകളും സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്ന് ഷുക്കൂറിന്‍റെ മാതാവ് ആതിഖയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. പ്രതികൾ കൊലപാതകത്തിനായി ഗൂഢാലോചന നടത്തിയതിന് സാക്ഷികളുണ്ട്. 28 മുതൽ 33 വരെയുള്ള പ്രതികൾ ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്ന് കുറ്റപത്രത്തിൽ തെളിവുണ്ട്. അതിനാൽ വിടുതൽ ഹരജി തള്ളണമെന്നായിരുന്നു കോടതിയിൽ ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.