പാട്ടും പാർട്ടിയും പിന്നെ ക്യാപ്റ്റനും; പി.ജെ പറയാതെ പറയുന്നത് പലതും...
text_fields'കണ്ണൂരിന്‍ താരകമല്ലോ ചെഞ്ചോരപ്പൊന്‍കതിരല്ലോ...
നാടിന്‍ നെടുനായകനല്ലോ
പി ജയരാജന്‍ ധീരസഖാവ്...
ചെമ്മണ്ണിന്‍ മാനം കാക്കും
നന്മകള്‍ തന്‍ പൂമരമല്ലോ..
ചെങ്കൊടി തന്‍ നേരതു കാക്കും
നേരുള്ളൊരു ധീരസഖാവ്.....'പാർട്ടിയിലെ ചിലർ ഇങ്ങനെയൊരു പാട്ടെഴുതി സഖാവ് പി.ജെയോടുള്ള ഇഷ്ടം പ്രകടിപ്പിച്ചിട്ട് മൂന്നര വർഷം കഴിയുന്നു. എന്നാൽ, സി.പി.എം പുറമേരി നോർത്ത് ബ്രാഞ്ചിന്‍റെ നേതൃത്വത്തിൽ ഇറക്കിയ ആ പാട്ടിനെ തള്ളാനോ കൊള്ളാനോ വയ്യാത്ത അവസ്ഥയിലായിരുന്നു പി. ജയരാജൻ ഇതുവരെ. താൻ സ്വയം മഹത്വവല്‍ക്കരിക്കുന്നു എന്ന് സംസ്ഥാന കമ്മിറ്റിയിൽ വിമർശനമുയർന്നതിനുപിന്നാലെ വാഴ്ത്തുപാട്ടുകളോടും സ്തുതിഗീതങ്ങളോടുമൊക്കെ അകലം. ഇതിനു പിന്നാലെ വടകരയിലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ തോൽവി, ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് പടിയിറക്കം...ഒടുവിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിപ്പട്ടികയിൽനിന്നും പുറത്ത്. പ്രിയ പി.ജെയെ പരിഗണിക്കാത്തതിനെതിരെ ആർമി രംഗത്തിറങ്ങി പ്രതിഷേധിച്ചെങ്കിലും പാർട്ടിയാണ് വലുതെന്ന് സഖാവ് ഉറക്കെപ്പറഞ്ഞ് ആ പ്രതിഷേധത്തിന്‍റെ കനൽ കെടുത്തി.
ഇന്നിപ്പോൾ പി.ജെ ആവർത്തിച്ചു പറഞ്ഞതും അതുതന്നെയാണ് -'പാർട്ടിയാണ് വലുത്'. അതോടൊപ്പം അദ്ദേഹം ചിലതുകൂടി പറഞ്ഞെന്നുമാത്രം. ക്യാപ്റ്റൻ എന്നാൽ പാർട്ടിയാണെന്ന് പറയുന്നതിനൊപ്പം ഈ പാർട്ടിയിൽ 'എല്ലാവരും സഖാക്ക'ളാണ് എന്നും പി.ജെ. പറഞ്ഞുവെക്കുന്നുണ്ട്. വ്യക്തികളല്ല ജനങ്ങളുടെ ഉറപ്പെന്നും കമ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ല എന്നും അദ്ദേഹം മുഖപുസ്തകത്തിലൂടെ ഓർമപ്പെടുത്തുന്നു. അക്കൂട്ടത്തിൽ 'ജനങ്ങളോട് ചേർന്നു നിൽക്കുമ്പോൾ അവർ സ്നേഹഹസൂചകമായി പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. ചിലർ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ഫോട്ടോ വെച്ച് ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കും...' എന്ന വരികളാണ് ഇന്നത്തെ എഫ്.ബി പോസ്റ്റിൽ ഏറ്റവും കൈയടി നേടിയത്.
ആളുകൾക്ക് താൽപര്യം വരുേമ്പാൾ പലതും (ക്യാപ്റ്റൻ) വിളിക്കുമെന്നും അതൊന്നുമെടുത്തിട്ട് ആശയക്കുഴപ്പമുണ്ടാക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് മറുകുറിപ്പിന്‍റെ സ്വഭാവമുള്ള മുനവെച്ച പോസ്റ്റ്. മഹത്വവത്കരിക്കുന്നുവെന്ന് തന്നെ കുറ്റപ്പെടുത്തിയവർ ക്യാപ്റ്റൻ വിളി ഉൾപെടെയുള്ള വ്യക്തിപൂജകളോട് സമരസപ്പെടുന്നതിലെ നീരസമാണ് പി.ജെ.യുടെ പ്രതികരണത്തിൽ മുഴച്ചുനിൽക്കുന്നത് എന്ന് കരുതുന്നവരുമേറെ.
തന്നോടുള്ള ഇഷ്ടം കൊണ്ടാണ് ചിലർ പാട്ടുപാടിയതെന്ന് പറയാൻ പി.ജെ മൂന്നര വർഷം കാത്തുനിന്നു. അതിനുള്ള അവസരം ഒത്തുവന്നത് (നിർ)ഭാഗ്യവശാൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണെന്ന് മാത്രം. പാട്ടും നൃത്തശിൽപവും പുറച്ചേരി ഗ്രാമീണ കലാവേദിയുടെ ബാനറിൽ പുറത്തിറക്കിയ ജീവിതരേഖയുംവെച്ച് പാര്‍ട്ടിക്ക് അതീതനായി വളരാനാണ് ജയരാജന്‍റെ നീക്കമെന്നും അത് അനുവദിക്കാനാകില്ലെന്നും അന്ന് സംസ്ഥാന സമിതി വിലയിരുത്തി വിമർശിച്ചത് മനസ്സിൽവെച്ചുതന്നെയാകണം, വ്യക്തികളല്ല ജനങ്ങളുടെ ഉറപ്പാണ് മുഖ്യമെന്ന് പി.ജെ ഉറപ്പിച്ചുപറയുന്നത്. ഇപ്പോള്‍ സമാനമായ രീതിയില്‍ വ്യക്തിപൂജ വിവാദം മുഖ്യമന്ത്രിക്കെതിരേ ഉയരുന്ന സാഹചര്യത്തിൽ പരോക്ഷമായ വിമര്‍ശനം തന്നെയാണ് പി.ജെ ഉന്നംവെക്കുന്നതെന്ന് വ്യക്തം.
ഫേസ്ബുക്കിൽ മാത്രം 37000ൽ അധികം വിശ്വസ്ത ഭടന്മാർ അണിനിരക്കുന്ന പി.ജെ ആർമി ഗ്രൂപ്, തങ്ങളുടെ സഖാവിന്‍റെ വാക്കുകൾ കൊണ്ടാടുന്നത് സ്വാഭാവികം. രണ്ട് മണിക്കൂറിൽ ഏഴായിരത്തിലധികം ലൈക്കും ആയിരത്തോളം കമന്‍റുകളുമൊക്കെയായി ക്ഷണത്തിൽ കുറിപ്പ് വൈറലാകുേമ്പാൾ പാർട്ടിക്കുള്ളിൽ ആശയക്കുഴപ്പം സർവത്ര. മുഖ്യമന്ത്രിയുടെ ജനപ്രിയതയെക്കുറിച്ചാണ് പറയുന്നത്. ഊന്നുന്നതാകട്ടെ വ്യക്തിപൂജക്കും ക്യാപ്റ്റൻ വിളിക്കുമെതിരെയും. വിവിധ മാനങ്ങളുള്ള കുറിപ്പിലൂടെ ജയരാജൻ ചിലതൊക്കെ പറയാതെ പറയുക തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.