മനു തോമസിനെതിരെ പി. ജയരാജന്‍റെ മകന്‍: ‘അച്ഛനോടുള്ള വൈര്യാഗ്യം തീർക്കാൻ എനിക്കെതിരെ വസ്തുതാവിരുദ്ധ പരാമർശം നടത്തുന്നു’
text_fieldsകണ്ണൂർ: സി.പി.എം നേതാവ് പി. ജയരാജന്റെ മകൻ ജെയിൻ രാജ് സ്വര്‍ണം പൊട്ടിക്കലിന്‍റെ കോര്‍ഡിനേറ്ററാണെന്ന ആരോപണവുമായി പാർട്ടി മുന്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസ്. എന്നാൽ, സ്വർണം പൊട്ടിക്കൽ സംഘവുമായി തനിക്ക് ബന്ധമില്ലെന്നും വസ്തുതാവിരുദ്ധവും മാനഹാനി ഉണ്ടാക്കുന്നതുമായ പരാമർശങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജെയിൻരാജിന്റെ മുന്നറിയിപ്പ്.
‘മനു തോമസ് ഏഷ്യാനെറ്റ് ചാനലിൽ എനിക്ക് യാതൊരു ബന്ധവുമില്ലാത്ത കാര്യത്തിലേക്ക് എന്നെ വലിച്ചിഴച്ചു. എന്റെ അച്ഛനോടുള്ള വൈര്യാഗ്യം തീർക്കുന്നതിന് എനിക്കെതിരെ നടത്തിയ വസ്തുതാവിരുദ്ധവും മാനഹാനി ഉണ്ടാക്കുന്നതുമായ പരാമർശങ്ങൾക്കെതിരെ മനു തോമസിനും ഏഷ്യാനെറ്റ് ന്യൂസിനും ഏഷ്യാനെറ്റ് ന്യൂസിലെ അനൂപ് ബാലചന്ദ്രനുമെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് അഭിഭാഷകനുമായി ചർച്ച ചെയ്തിട്ടുണ്ടെന്ന കാര്യം അറിയിക്കുന്നു...’ -ജെയിൻ രാജ് ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
പി ജയരാജൻ തനിക്കെതിരെ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് വേണ്ടിയാണെന്നായിരുന്നു മനു തോമസിന്റെ ആരോപണം. തനിക്ക് ക്വട്ടേഷന്‍ സംഘങ്ങളുടെ വധഭീഷണിയുണ്ടെന്നും മനു തോമസ് പറഞ്ഞിരുന്നു. പി ജയരാജനുമായി വ്യക്തിപരമായി പ്രശ്നങ്ങളില്ല. എന്നാല്‍, താനുമായി ഒരു സംവാദത്തിന് ജയരാജന്‍ ഇതുവരെ തയ്യാറായിട്ടില്ല. താന്‍ ഉന്നയിച്ച ചില കാര്യങ്ങളില്‍ പി ജയരാജന് അസഹിഷ്ണുത ഉണ്ടെന്നും ആരെയും പേടിച്ച് പറയേണ്ടത് പറയാതിരിക്കില്ലെന്നും മനു തോമസ് പറഞ്ഞു.
ചിലരുടെ സംരക്ഷണം കിട്ടിയതിനാലാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ വളര്‍ന്നത്. ഇന്ന് ക്വട്ടേഷൻ സംഘങ്ങള്‍ പാര്‍ട്ടിക്ക് തന്നെ തലവേദനയായി. പാര്‍ട്ടി ഇത് തിരിച്ചറിഞ്ഞ് പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, പാര്‍ട്ടി നടപടി ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.