Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനയാപൈസ പോലും...

നയാപൈസ പോലും കൈപ്പറ്റിയിട്ടില്ല; എന്നിട്ടും എന്തിനാണ് സർക്കാർ സന്നദ്ധ​ പ്രവർത്തകരെ അപഹസിക്കുന്നത് -കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
P K Kunhalikutty
cancel

കേരളം ഒരുമിച്ച് നിന്ന് അതിജീവിച്ച ദുരന്തത്തിന്റെ ചെലവു കണക്കിൽ വ്യക്തത വേണമെന്നും ജനങ്ങൾക്ക് വസ്തുതകൾ അറിയാൻ അവകാശമുണ്ടെന്നും മുസ്‍ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി.

വലിയ കണക്കുകൾ കാണിച്ചുകൊണ്ട് സർക്കാർ സന്നദ്ധപ്രവർത്തകരെ അപഹസിക്കുകയാ​ണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. വയനാട് ദുരന്തത്തിൽ കണ്ടെടുത്ത മുഴുവൻ മൃതദേഹങ്ങളും സംസ്കരിച്ചത് വൈറ്റ്ഗാർഡ് ഉൾപ്പെടെയുള്ള സന്നദ്ധപ്രവർത്തകരാണ്. അതിനൊന്നും ഒരു നയാപൈസ പോലും കൈപ്പറ്റിയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

എന്ത് കൊടുത്താലും പകരമാകാത്ത സേവന മാതൃക തീർത്ത സന്നദ്ധപ്രവർത്തകരെ വീണ്ടും ഇങ്ങനെ അപഹസിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ആളുകളെ തിരയാനും അതിജീവിച്ചവർക്ക് വേണ്ട സൗകര്യങ്ങളൊരുക്കാനും സ്വന്തം വാഹനങ്ങളുമായി കയ്യിൽ നിന്ന് പണം മുടക്കി ഇന്ധനം കത്തിച്ചവരുമായ ഒരുപാട് നല്ല മനുഷ്യരുണ്ട്. അവർക്കും വ്യവസ്ഥാപിതമായി ഒരു വേതനവും കിട്ടിയിട്ടില്ല. അപ്പോഴാണ് ഈ വകയിലൊക്കെ ഭാരിച്ച തുക ചിലവഴിച്ചതായി സർക്കാരിന്റേതായി കാണുന്നത്. കണക്കുകളുടെ കളിക്കപ്പുറത്ത് ഒരു മഹാദുരന്തത്തെ അതിജീവിക്കാൻ സർവ്വം ത്യജിച്ച് ചേർന്ന് നിന്ന മനുഷ്യരുടെ സേവനത്തെ, വിശ്വാസ്യതയെ, സമർപ്പണത്തെ വെച്ച് മുതലെടുപ്പ് നടത്തുകയാണോ സർക്കാർ ചെയ്യുന്നത്. അങ്ങനെയെങ്കിൽ അത് പൊറുക്കാൻ പറ്റാത്ത തെറ്റാണെന്നും കുഞ്ഞാലിക്കുട്ടി ഓർമിപ്പിച്ചു.


ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
എന്ത് കൊടുത്താലും പകരമാകാത്ത സേവന മാതൃക തീർത്ത സന്നദ്ധ പ്രവർത്തകരെ വീണ്ടുമിങ്ങനെ അപഹസിക്കുന്നതെന്തിന്?. വയനാട് ദുരന്തത്തിൽ സർക്കാരിന്റേത് എന്ന രീതിയിൽ ചിലവഴിച്ച തുകകളുടെ കണക്ക് വിവരങ്ങൾ കണ്ടപ്പോൾ മനസ്സിലേക്ക് വന്ന ആദ്യ ചോദ്യമിതാണ്. വയനാട് ദുരന്തത്തിൽ കണ്ടെടുത്ത മുഴുവൻ മൃതദേഹങ്ങളും സംസ്കരിച്ചത് വൈറ്റ് ഗാർഡ് ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തകരാണ്. അതിൽ പഴകി ജീർണ്ണിച്ച മൃതദേഹങ്ങളുണ്ട്, ചിലരുടെ അവയവങ്ങൾ മാത്രമുണ്ട്, ശരീരവശിഷ്ടങ്ങളുണ്ട്. എല്ലാം ഒരു മടിയും മടുപ്പും കൂടാതെ അർഹിക്കുന്ന ആദരവ് നൽകി അവർ മണ്ണിലേക്ക് ചേർത്തു വെച്ചു. ഒരു നയാ പൈസ പോലും വേതനം പറ്റിയിട്ടില്ല. അവിടെ ആളുകളെ തിരയാനും അതിജീവിച്ചവർക്ക് വേണ്ട സൗകര്യങ്ങളൊരുക്കാനും സ്വന്തം വാഹനങ്ങളുമായി കയ്യിൽ നിന്ന് പണം മുടക്കി ഇന്ധനം കത്തിച്ചവരുമായ ഒരുപാട് നല്ല മനുഷ്യരുണ്ട്. അവർക്കും വ്യവസ്ഥാപിതമായി ഒരു വേതനവും കിട്ടിയിട്ടില്ല. അപ്പോഴാണ് ഈ വകയിലൊക്കെ ഭാരിച്ച തുക ചിലവഴിച്ചതായി സർക്കാരിന്റേതായി കാണുന്നത്.
കണക്കുകളുടെ കളിക്കപ്പുറത്ത് ഒരു മഹാദുരന്തത്തെ അതിജീവിക്കാൻ സർവ്വം ത്യജിച്ച് ചേർന്ന് നിന്ന മനുഷ്യരുടെ സേവനത്തെ, വിശ്വാസ്യതയെ, സമർപ്പണത്തെ വെച്ച് മുതലെടുപ്പ് നടത്തുകയാണോ സർക്കാർ ചെയ്യുന്നത്. അങ്ങനെയെങ്കിൽ അത് പൊറുക്കാൻ പറ്റാത്ത തെറ്റാണ്. വൈറ്റ് ഗാർഡ് തീർത്തും സൗജന്യമായും സ്വയം പണം കണ്ടെത്തിയുമാണ് ഭക്ഷണ വിതരണം നടത്തിയത്. അത് പൂട്ടിച്ചതിനെതിരെ ഉയർന്ന പ്രതിഷേധങ്ങളെ കൈകാര്യം ചെയ്തത് ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ സൗജന്യമായി ഭക്ഷണം നൽകുന്നത് ഉയർത്തിക്കാട്ടിയാണ്. നിങ്ങളില്ലെങ്കിലും സൗജന്യമായി ഭക്ഷണം നൽകാൻ ആളുണ്ട് എന്ന അവകാശ വാദവും പരിഹാസത്തിൽ പൊതിഞ്ഞ് സൈബർ പോരാളികൾ തൊടുത്ത് വിട്ടത് കഥയറിയാതെ ആടിയതായിരുന്നോ. അല്ലെങ്കിൽ എങ്ങനെയാണ് ഭക്ഷണ വിതരത്തിന് ഇത്രയും ഭാരിച്ച തുക വന്നത്. മറ്റ് കണക്കുകളും ഒറ്റ നോട്ടത്തിൽ യുക്തിക്കു നിരക്കാത്തതാണ്. കേരളം ഒരുമിച്ച് നിന്ന് അതിജയിച്ച ഒരു ദുരന്തത്തിന്റെ ഔദ്യോഗിക ചിലവ് കണക്കുകൾ അങ്ങനെ അവ്യക്തമായിക്കൂടാ. അതിന്റെ വസ്തുതകൾ കൃത്യമായും വ്യക്തമായും അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്.വലിയ ഉത്തരവാദിത്തവും ജാഗ്രതയും ഈ വിഷയത്തിൽ സർക്കാർ കാണിക്കേണ്ടതുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad LandslideP K Kunhalikutty
News Summary - P K Kunhalikutty against kerala govt
Next Story