കേരളത്തിന്റെ വ്യവസായ ഭൂപടം മാറ്റി വരച്ചത് ആന്റണി സർക്കാർ, ഇടതുപക്ഷത്തിന്റേത് പൊളിച്ചടുക്കൽ നയം; ശശി തരൂരിന് മറുപടിയുമായി കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: ആന്റണി സർക്കാറിന്റെ വ്യവസായ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ശശി തരൂരിന് മറുപടിയുമായി മുസ്‍ലിം ലീഗ് നേതാവും മുൻ വ്യവസായ മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി. നിക്ഷേപങ്ങൾക്ക് അനുകൂലമായ നയമല്ല ഒരു കാലത്തും ഇടത് സർക്കാറുകളുടെത്. അവരുടെത് പൊളിച്ചടുക്കൽ നയമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേരളത്തിന്റെ വ്യവസായഭൂപടം മാറ്റിവരച്ചത് ആന്റണി സർക്കാറാണ്. പല ലോകോത്തര ആശയങ്ങളും കേരളത്തിലെത്തിച്ചത് ആന്റണി സർക്കാറാണ്. കിൻഫ്ര കൊണ്ടുവന്നത് യു.ഡി.എഫ് സർക്കാറാണ്. പിൽക്കാലത്ത് കേരളത്തിൽ വന്ന വ്യവസായങ്ങളിൽ 90 ശതമാനവും കിൻഫ്ര പാർക്കിനകത്താണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. വിമാനത്താവളങ്ങൾക്കുള്ള ഭൂമി പോലും നേടിയെടുത്തത് ഈ കിൻഫ്രയാണ്. അക്ഷയ കേന്ദ്രങ്ങളും ഇൻഫോപാർക്കും തുടങ്ങിയതും യു.ഡി.എഫ് സർക്കാറുകളാണ്.
താൻ വ്യവസായ മന്ത്രിയായിരുന്ന കാലത്ത് വലിയ മാറ്റങ്ങളുണ്ടായി. കേരളത്തിന്റെ വ്യവസായത്തിന് അനുകൂലമായ പദ്ധതികളെ കുറിച്ച് ഗൗരവമായി ആലോചിച്ചു.
എൽ.ഡി.എഫ് സർക്കാർ ഇപ്പോൾ കൊട്ടിഘോഷിച്ചു കൊണ്ടുനടക്കുന്ന സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ യോഗ്യരായ എൻജിനീയർമാർ വേണം. അതിനുള്ള ശ്രമവും നടത്തിയത് യു.ഡി.എഫ് ആണ്. സ്വകാര്യ എൻജിനീയറിങ് കോളജുകൾക്കെതിരെ ഇടതുപക്ഷം നടത്തിയ രക്തരൂക്ഷിത സമരങ്ങൾ ജനങ്ങൾക്ക് ഇന്നും ഓർമയുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വെള്ളിയാഴ്ച ഒരു ഇംഗ്ലീഷ് പത്രത്തില്‍ പ്രസിദ്ധീകരിച്ച ശശി തരൂരിന്റെ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായ രംഗത്തെ അനുമോദിച്ചുള്ള പ്രതികരണമുള്ളത്. കമ്യൂണിസ്റ്റ് പാര്‍ട്ടി നയിക്കുന്ന മുന്നണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈ നേട്ടങ്ങള്‍ സൃഷ്ടിക്കുന്നത് ആശ്ചര്യകരമാണെന്നും സംരംഭക മുന്നേറ്റത്തിലും സുസ്ഥിര വളര്‍ച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്നുമാണ് ലേഖനത്തില്‍ പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.