പി. കൃഷ്ണദാസിന് ജാമ്യവ്യവസ്ഥയിൽ ഇളവില്ല -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ശഹീർ ശൗക്കത്തലി കേസിൽ ഫോറൻസിക് ലാബ് റിപ്പോർട്ട് അനിശ്ചിതമായി വൈകിയതിൽ സുപ്രീംകോടതി കടുത്ത അമർഷം പ്രകടിപ്പിച്ചു. കേസ് നീട്ടിക്കൊണ്ടുപോകുന്നതിനാണോ ഇതെന്ന് കോടതി ആരാഞ്ഞു. അതേസമയം, കേസിലെ പ്രതിയായ നെഹ്റു ഗ്രൂപ് ഒാഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ കൃഷ്ണദാസ് േകായമ്പത്തൂരിന് പുറത്തുപോകരുതെന്ന വിധി നിലനിർത്തി ജാമ്യം റദ്ദാക്കാനുള്ള കേരളത്തിെൻറ ഹരജി ജസ്റ്റിസുമാരായ എൻ.വി. രമണ, അമിതാവ് റോയ് എന്നിവരടങ്ങുന്ന ബെഞ്ച് തീർപ്പാക്കി. അതോടൊപ്പം കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഹൈകോടതി നടത്തിയ പരാമർശം അനുചിതവും അതിരുകടന്നതാണെന്നും വിലയിരുത്തി അത് നീക്കം ചെയ്തു.
ഒറ്റപ്പാലം ലക്കിടി ജവഹർലാൽ കാമ്പസിലെ ലോ കോളജ് വിദ്യാർഥി ശഹീർ ശൗക്കത്തലിയെ ക്രൂരമായി മർദിച്ച കേസിൽ ബുധനാഴ്ച ബെഞ്ച് നിർദേശിച്ചതുപ്രകാരം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഫ്രാൻസിസും ഷാഹുൽ ഹമീദും കേസ് ഡയറിയുമായി സുപ്രീംകോടതിയിലെത്തി. പൊലീസ് ഉേദ്യാഗസ്ഥരിൽനിന്ന് പ്രസക്ത ഭാഗത്തിെൻറ പരിഭാഷ സംസ്ഥാന സർക്കാർ അഭിഭാഷകൻ ഹരേൻ പി. റാവൽ വാങ്ങി ജസ്റ്റിസുമാരായ എൻ.വി. രമണ, അമിതാവ് റോയ് എന്നിവരടങ്ങുന്ന ബെഞ്ചിന് സമർപ്പിച്ചു. അവ പരിശോധിച്ച ശേഷം കേസിെൻറ അവസ്ഥയെന്തെന്ന് ജസ്റ്റിസ് രമണ ചോദിച്ചു.
അന്വേഷണം ഏറക്കുറെ പൂർത്തിയായെന്നും ഫോറൻസിക് ഫലം മാത്രമേ കിട്ടാനുള്ളൂ എന്നും സംസ്ഥാന സർക്കാർ ബോധിപ്പിച്ചേപ്പാൾ, റിപ്പോർട്ട് ലഭിക്കാൻ വൈകുന്നതെന്തെന്ന് ജസ്റ്റിസ് രമണ രോഷത്തോടെ ചോദിച്ചു. ഇന്നലെയെങ്കിലും റിപ്പോർട്ട് കിട്ടുമെന്നായിരുന്നു തങ്ങൾ പ്രതീക്ഷിച്ചത് എന്ന് ജസ്റ്റിസ് രമണ പറഞ്ഞു. സർക്കാറിന് കീഴിലുള്ള ഫോറൻസിക് ലാബ് ആയതിനാൽ റിപ്പോർട്ട് വൈകിപ്പിക്കുന്നത് കേസ് നീട്ടിക്കൊണ്ടുപോകാനാണോ എന്ന് ചോദിച്ച കോടതി കടുത്ത അതൃപ്തിയും അറിയിച്ചു. തുടർന്ന് ഹൈകോടതി അനുവദിച്ച ജാമ്യം റദ്ദാക്കാൻ എന്തു കാരണമാണ് കേരളത്തിന് ബോധിപ്പിക്കാനുള്ളതെന്നും ആരാഞ്ഞു. അന്വേഷണം പൂർത്തിയായ ഘട്ടത്തിൽ തെളിവ് നശിപ്പിക്കുമെന്ന മറുപടി നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു.
ഇതേ തുടർന്ന് കേരളത്തിെൻറ സ്റ്റാൻഡിങ് കോൺസൽ സി.കെ. ശശിയുമായി ഹരേൻ പി. റാവൽ ചർച്ച നടത്തി. ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിൽനിന്ന് പിന്മാറിയ റാവൽ മുഖ്യപ്രതി പി. കൃഷ്ണദാസ് കോയമ്പത്തൂരിൽനിന്ന് പുറത്തുകടക്കരുതെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് നിലനിർത്തണമെന്ന് ആവശ്യപ്പെട്ടു. ഇത് സുപ്രീംകോടതി അംഗീകരിച്ചു. എന്നാൽ, കൃഷ്ണദാസിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാർ, തെൻറ കക്ഷിക്ക് അർബുദ രോഗിയായ മാതാവിനെ സന്ദർശിക്കാൻ അനുമതി ആവശ്യപ്പെട്ടു. എന്നാൽ, അവർ രോഗബാധിതയാണെന്ന സർട്ടിഫിക്കറ്റ് സ്വന്തം സ്ഥാപനം തന്നെ ഉണ്ടാക്കിയതാണെന്ന് പറഞ്ഞ് ജസ്റ്റിസ് രമണ ആവശ്യം തള്ളി. കൃഷ്ണദാസിനെ കാട്ടിലേക്കല്ല, അയൽ സംസ്ഥാനമായ തമിഴ്നാട്ടിലേക്കാണ് അയച്ചതെന്ന് ജസ്റ്റിസ് രമണ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.