മുസ്ലിം ലീഗിന്റെ മുൻ പഞ്ചായത്ത് പ്രസിഡന്റ് വണ്ടൂരിലെ സി.പി.എം സ്ഥാനാർഥി
text_fieldsകൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ മുസ്ലിംലീഗ് പാനലിൽ പ്രസിഡന്റായിരുന്ന പി.മിഥുന വണ്ടൂരിലെ സി.പി.എം സ്ഥാനാർഥി. യു.ഡി.എഫ് കോട്ടയായി അറിയപ്പെടുന്ന വണ്ടൂരിൽ എ.പി അനിൽകുമാറാണ് സിറ്റിങ് എം.എൽ.എ. എസ്.സി സംവരണമണ്ഡലമാണ് വണ്ടൂർ.
മുസ്ലിം ലീഗ് ബലത്തിൽ പ്രസിഡന്റായിരുന്നെങ്കിലും പാർട്ടിയോട് നിരന്തരം ഉടക്കാനായിരുന്നു മിഥുനയുടെ വിധി. പ്രസിഡൻറ് സ്ഥാനം പട്ടികജാതി വനിത സംവരണമായതോടെയാണ്ലീഗ് ടിക്കറ്റിൽ ഒന്നാം വാർഡിൽ നിന്ന് ജയിച്ച വിദ്യാർഥിയായ മിഥുന പ്രസിഡൻറായത്.2015ൽ കേരളത്തിലെ പ്രായം കുറഞ്ഞ പ്രസിഡന്റെന്ന ഖ്യാതിയുമുണ്ടായിരുന്നു മിഥുനക്ക്. രണ്ട് വർഷം പിന്നിട്ടതോടെ പ്രസിഡൻറ് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുന്നുവെന്ന് ആരോപണം ഉയർന്നു.
ഇടതുപക്ഷ യുവജന സംഘടനകളുടെ പരിപാടികളിൽ പങ്കെടുക്കുന്നതായിരുന്നു കാരണം. ഇതിനിടയിലാണ് പഞ്ചായത്തിൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം നടന്നത്. ഉദ്ഘാടകൻ മന്ത്രി കെ.ടി ജലീലായിരുന്നു. ജലീലിനെതിരെ ലീഗ് സമരം തീർക്കുന്ന കാലമായതിനാൽ ചടങ്ങിൽ പങ്കെടുക്കരുതെന്ന് പ്രസിഡൻറിന് നിർദേശം നൽകി. പ്രസിഡൻറ് െമെൻഡ് ചെയ്തില്ല. പിന്നാലെ സസ്പെൻഷൻ വന്നു. അതും ഏശിയില്ല.
സർക്കാറിന്റെ വനിത മതിലിലടക്കം നിരവധി പരിപാടികളിൽ സജീവ പങ്കാളിയായി. ബോർഡ് യോഗങ്ങളിൽ പ്രതിപക്ഷ നിലപാടുകൾക്കൊപ്പമായി. ഭരണസമിതി കൊണ്ടുവരുന്ന അജണ്ടകൾ തള്ളി. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ പഞ്ചായത്ത് ഹാളിന് ഇ.എം.എസിെൻറ പേര് നൽകുന്നതിലേക്ക് വരെ എത്തി കാര്യങ്ങൾ.
പഞ്ചായത്തിലെ 22 ൽ 12 സീറ്റിൽ യു.ഡി.എഫും പത്ത് സീറ്റിൽ എൽ.ഡി.എഫുമായിരുന്നു. പല തീരുമാനങ്ങളും പ്രസിഡൻറിെൻറ കാസ്റ്റിങ് വോട്ടിൽ പാസായി. പഞ്ചായത്തിൽ അംഗനവാടിക്ക് രണ്ട് തറക്കല്ലിടൽ ചടങ്ങും നടന്നു. പ്രസിഡൻറിനെ ഗ്രാമസഭയിൽ ലീഗ് പ്രവർത്തകർ ആക്രമിച്ചുവെന്ന പരാതിയിൽ കേസുമുണ്ടായി. ഭരണപക്ഷത്തെ പ്രതിപക്ഷത്തും പ്രതിപക്ഷത്തിരിക്കേണ്ടവരെ ഭരണപക്ഷത്തും ഇരുത്തിയാണ് മിഥുന ഭരണം പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.