‘കാഫിർ’ സ്ക്രീൻ ഷോട്ടിന് പിന്നിൽ പി. മോഹനനും കുടുംബവും; പൊലീസ് സത്യം പറയാൻ മടിക്കുന്നുവെന്ന് കെ.എം ഷാജി
text_fieldsകോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ വടകര മണ്ഡലത്തിൽ പ്രചരിച്ച കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ പൊലീസ് സത്യം പറയാൻ മടിക്കുന്നുവെന്ന് മുസ് ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ കെ.എം. ഷാജി. സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനനും കുടുംബവുമാണ് പ്രചരണത്തിന് പിന്നിലെന്നും കെ.എം. ഷാജി ആരോപിച്ചു.
ഈ കേസിൽ പൊലീസ് അന്വേഷണം എത്തേണ്ടത് പി. മോഹനൻ, മുൻ എം.എൽ.എ കെ.കെ. ലതിക, അവരുടെ മകൻ എന്നിവരിലേക്കാണ്. അവരെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. കേസിൽ അന്വേഷണം എവിടെയും എത്തില്ല. കേസ് ഏതെങ്കിലും പാർട്ടിക്കാരന്റെ തലയിലിട്ട് യഥാർഥ പ്രതികൾ രക്ഷപ്പെടുമെന്നും കെ.എം. ഷാജി ചൂണ്ടിക്കാട്ടി.
വടകര ലോക്സഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പുകാലത്ത് പ്രചരിച്ച ‘കാഫിർ’ സ്ക്രീൻ ഷോട്ടിന്റെ ഉറവിടം റെഡ് ബറ്റാലിയൻ, റെഡ് എൻകൗണ്ടേഴ്സ് എന്നീ വാട്സ്ആപ് ഗ്രൂപ്പുകളെന്നാണ് പൊലീസ് റിപ്പോർട്ട്. കേസിൽ ശരിയായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ എം.എസ്.എഫ് നേതാവ് പി.കെ. മുഹമ്മദ് കാസിം നൽകിയ ഹരജിയിലാണ് വടകര പൊലീസ് ഇൻസ്പെക്ടർ കേസ് ഡയറി ഹൈകോടതിയിൽ ഹാജരാക്കിയത്. എന്നാൽ, ഫേസ്ബുക്, വാട്സ്ആപ് സന്ദേശങ്ങൾക്ക് തുടക്കമിട്ടത് ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.
അമ്പലമുക്ക് സഖാക്കൾ എന്ന ഫേസ്ബുക് അക്കൗണ്ടുമായി ബന്ധപ്പെട്ട രണ്ട് ഫോൺ നമ്പറുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മനീഷ്, സജീവ് എന്നിവരുടെ പേരിലുള്ളതാണ് ഈ നമ്പറുകൾ. അമ്പലമുക്ക് സഖാക്കൾ എന്ന പേജിന്റെ അഡ്മിനായ മനീഷിന്റെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. റെഡ് ബറ്റാലിയൻ എന്ന വാട്സ്ആപ് ഗ്രൂപ്പിൽ നിന്നാണ് മനീഷിന് വിവാദ പോസ്റ്റ് കിട്ടിയതെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു.
അമൽറാം എന്നയാളാണ് റെഡ് ബറ്റാലിയൻ ഗ്രൂപ്പിൽ ഇത് പോസ്റ്റ് ചെയ്തത്. റെഡ് എൻകൗണ്ടേഴ്സ് എന്ന ഗ്രൂപ്പിൽ നിന്ന് ഇത് കിട്ടിയെന്നാണ് അമൽ റാം പറയുന്നത്. റെഡ് എൻകൗണ്ടേഴ്സിൽ ഇത് പോസ്റ്റ് ചെയ്തത് റിബീഷ് എന്നയാളാണെന്നാണ് മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ റിബീഷിന്റെ മൊഴി എടുത്തെങ്കിലും പോസ്റ്റ് ലഭിച്ചത് എവിടെ നിന്നാണെന്ന് പറയാൻ തയാറായില്ല. പോരാളി ഷാജി എന്ന ഫേസ്ബുക് ഗ്രൂപ്പിൽ വിവാദ പോസ്റ്റ് ഇട്ടത് വഹാബ് എന്നയാളാണ്.
വിവാദ പോസ്റ്റ് കൃത്രിമമായി ഉണ്ടാക്കിയവരെ കണ്ടെത്തണമെങ്കിൽ മെറ്റ കമ്പനി വിവരം നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട് വാട്സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റയെ പ്രതി ചേർത്താണ് ഹൈകോടതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. പോസ്റ്റ് കൃത്രിമമായി ഉണ്ടാക്കിയതിന്റെ വിവരങ്ങൾ കൈമാറാത്തതിനും പലകുറി ആവശ്യപ്പെട്ടിട്ടും ആ പോസ്റ്റ് നീക്കം ചെയ്യാത്തതിനുമാണ് മെറ്റയെ മൂന്നാം പ്രതിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.