മുസ്ലിം ലീഗിന്റെ മനസ്സ് സി.പി.എം റാലിക്കൊപ്പമെന്ന് പി.മോഹനൻ
text_fieldsകോഴിക്കോട്: മുസ്ലിം ലീഗിന്റെ മനസ്സ് സി.പി.എം നടത്തുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിക്കൊപ്പമാണെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ. സാങ്കേതികമായ കാരണം ചൂണ്ടിക്കാട്ടിയാണ് ലീഗ് പരിപാടിയിൽ നിന്ന് വിട്ടുനിന്നത്. സി.പി.എമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയെ മുസ്ലിം ലീഗ് അഭിനന്ദിച്ചിട്ടുണ്ടെന്നും പി.മോഹനൻ പറഞ്ഞു.
ഇസ്രായേലികളുടെ അധിനിവേശത്തിനെതിരായ രോഷ പ്രകടനവും ഫലസ്തീൻ ഐക്യദാർഢ്യവും മാത്രം അയിരിക്കില്ല സി.പി.എമ്മിന്റെ റാലി. ഇതിനൊപ്പം ഇസ്രായേൽ അനുകൂല നിലപാട് സ്വീകരിക്കുന്ന കേന്ദ്രസർക്കാറിനെതിരെ ജനങ്ങളെ അണിനിരത്തി സി.പി.എം നടത്തുന്ന പ്രതിഷേധം കൂടിയായിരിക്കും റാലിയെന്ന് പി.മോഹനൻ പറഞ്ഞു.
രാജ്യത്ത് വർഗീയ ധ്രുവീകരണം നടത്തി ഭൂരിപക്ഷ ഏകീകരണത്തിലൂടെ വീണ്ടും അധികാരത്തിൽ വരാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ഇസ്രായേൽ അനുകൂല നിലപാട്. കോൺഗ്രസിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലി ആത്മാർഥതയില്ലാത്തതാണെന്നും പി.മോഹനൻ പറഞ്ഞു. ഫലസ്തീൻ വിഷയത്തിൽ എന്തെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ ഡൽഹിയിലായിരുന്നു കോൺഗ്രസ് റാലി നടത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.പി.എമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലി ശനിയാഴ്ച വൈകീട്ട് നാലിന് സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററിലെ യാസർ അറഫാത്ത് നഗറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. യാസർ അറഫാത്തിന്റെ 19ാം ചരമ വാർഷികദിനത്തിലാണ്, ഗസ്സയിലെ കൂട്ടക്കൊലകൾ അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര ധാരണകൾ അനുസരിച്ച് ഫലസ്തീൻ രാഷ്ട്രം യാഥാർഥ്യമാക്കണമെന്നും ആവശ്യപ്പെട്ട് പാർട്ടി ഐക്യദാർഢ്യ റാലി സംഘടിപ്പിക്കുന്നത്.
കെ.ടി. കുഞ്ഞിക്കണ്ണൻ രചിച്ച് ഫലസ്തീൻ ഐക്യദാർഢ്യ സമിതി പ്രസിദ്ധീകരിച്ച ‘ഫലസ്തീൻ: രാജ്യം അപഹരിക്കപ്പെട്ട ജനത’ പുസ്തകം ഡോ. ഫസൽ ഗഫൂറിന് നൽകി എം.വി. ഗോവിന്ദൻ പ്രകാശനം ചെയ്യും. ഫലസ്തീൻ വിമോചനത്തിനായി പൊരുതിവീണ യാസർ അറഫാത്ത് ഉൾപ്പെടെയുള്ളവരുടെയും ഇസ്രായേൽ യുദ്ധത്തിൽ പിടഞ്ഞുവീണ ഗസ്സയിലെ പതിനായിരങ്ങളുടെ സ്മരണകൾക്ക് മുന്നിലും ആദരാഞ്ജലി അർപ്പിച്ചാണ് പൊതുസമ്മേളനം ആരംഭിക്കുകയെന്ന് ഫലസ്തീൻ ഐക്യദാർഢ്യ സമിതി ചെയർമാൻ പി. മോഹനനും കൺവീനർ കെ.ടി. കുഞ്ഞിക്കണ്ണനും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.