റിയാസ് മൗലവി വധം: ഗൂഢാലോചനയെക്കുറിച്ച് പ്രത്യേക അന്വേഷണം നടക്കണം -ജമാഅത്തെ ഇസ്‌ലാമി
text_fieldsകോഴിക്കോട്: റിയാസ് മൗലവിയുടെ കൊലപാതകത്തിൽ പ്രതിചേർക്കപ്പെട്ട മൂന്നു ആർ.എസ്.എസ് പ്രവർത്തകരെയും വെറുതെവിട്ട കോടതി വിധി നീതിന്യായ വ്യവസ്ഥയെ ദുർബലപ്പെടുത്തുന്നതാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി. മുജീബ് റഹ്‌മാൻ അഭിപ്രായപ്പെട്ടു. സാക്ഷിമൊഴികളും ഫോറൻസിക് തെളിവുമെല്ലാം നിലനിൽക്കുന്ന കേസിൽ കോടതിയിൽ നിന്നുണ്ടായ ഈ വിധി നീതിയിലും നിയമത്തിലും വിശ്വസിക്കുന്നവരെ നിരാശപ്പെടുത്തുന്നതാണ്.
സംഘ്പരിവാർ ബന്ധമുള്ളവർ പ്രതികളാവുന്ന കേസുകളിൽ കേരളത്തിലെ പൊലീസ് സംവിധാനത്തിന്‍റേയും അന്വേഷണ സംഘങ്ങളുടെയും ഭാഗത്തുനിന്നുണ്ടാകുന്ന വഴിവിട്ട നീക്കങ്ങൾ റിയാസ് മൗലവിയുടെ അന്വേഷണത്തിലും സംഭവിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. പള്ളിക്കകത്ത് വെച്ച് സംഘ്പരിവാർ നടത്തിയ വംശീയ കൊലയെ ലാഘവവൽകരിക്കാനും അതുവഴി കേസിനെ ദുർബലമാക്കാനുമാണ് അന്വേഷണ സംഘം ശ്രമിച്ചിട്ടുള്ളത്. പ്രതികളാക്കപ്പെട്ടവരുടെ സംഘ്പരിവാർ ബന്ധം ബോധപൂർവം മറച്ചുപിടിക്കാനുള്ള ശ്രമം പോലീസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്.
സുതാര്യവും സത്യസന്ധവുമായ രീതിയിൽ പ്രതികൾക്കെതിരെ പഴുതടച്ച അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുന്നതിന് പകരം അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്നുണ്ടായ സംഘ്പരിവാർ പ്രീണന നീക്കമാണ് പ്രതികളെ കുറ്റവിമുക്തരാക്കുന്നതിലേക്ക് കൊണ്ടെത്തിച്ചിട്ടുള്ളത്. കേരളത്തിലെ ആഭ്യന്തര വകുപ്പിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ തിരിച്ചറിഞ്ഞ് റിയാസ് മൗലവി വധത്തിലെ ഗൂഢാലോചനയെക്കുറിച്ച് സത്യസന്ധമായ അന്വേഷണത്തിന് സർക്കാർ തയാറാകണമെന്നും പി. മുജീബ് റഹ്‌മാൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.