ഇസ്ലാമോഫോബിയയുടെ മറപിടിച്ച് രാഷ്ട്രീയപ്രതിസന്ധി മറികടക്കാൻ സി.പി.എം ശ്രമം -പി. മുജീബുറഹ്മാൻ
text_fieldsകോഴിക്കോട്: സർക്കാർ നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധിയെ ഇസ്ലാമോഫോബിയയുടെ മറപിടിച്ച് മറികടക്കാനുള്ള സി.പി.എം ശ്രമം നെറികെട്ട രാഷ്ട്രീയ പ്രവർത്തനമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ.
സ്വർണക്കള്ളക്കടത്തിനും മയക്കുമരുന്ന് മാഫിയക്കും പൊലീസ് സേനതന്നെ കാവലിരിക്കുകയും വൻസാമ്പത്തിക കവർച്ചക്ക് നേതൃത്വം നൽകുകയും ചെയ്തതായി വാർത്ത വന്നിട്ട് ദിവസങ്ങളേറെയായിട്ടില്ല. ഇതിന്റെ പേരിൽ എസ്.പി, ഡിവൈ.എസ്.പി റാങ്കിലുള്ള പൊലീസ് മേധാവികൾക്ക് സ്ഥലംമാറ്റം ലഭിക്കുകയും എ.ഡി.ജി.പിയെ മാറ്റണമെന്ന് ഘടകകക്ഷിയായ സി.പി.ഐ അടക്കം ശക്തമായി ആവശ്യപ്പെടുകയും ചെയ്യുന്ന സമയത്താണ് മലപ്പുറം ജില്ലക്കും അവിടത്തെ പ്രത്യേക സമുദായത്തിനും മേൽ വംശീയ മുൻവിധിയോടെ മുഖ്യമന്ത്രിയും ചില ഇടത് നേതാക്കളും അപകടകരമായ പ്രസ്താവനകൾ നടത്തുന്നതെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ അദ്ദേഹം പറഞ്ഞു.
2020 ജൂലൈ അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ യു.എ.ഇ കോണ്‍സുലേറ്റിന്റെ ബാഗില്‍ 15 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം കണ്ടെത്തിയ പ്രമാദമായ കേസുണ്ട്. ഇതിന്റെ പേരിൽ തിരുവനന്തപുരം ജില്ലയോ അവിടെയുള്ള പ്രത്യേക സമുദായങ്ങളോ ആക്ഷേപിക്കപ്പെട്ടിട്ടില്ല. കൊച്ചിയുൾപ്പെടെ കേരളത്തിനകത്തും പുറത്തും കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണം പിടികൂടാറുണ്ട്. അവിടെയും ഒരു ജില്ലയോ സമുദായമോ ദേശവിരുദ്ധ പ്രവർത്തനത്തിന്റെ ആരോപണം ഏറ്റുവാങ്ങാറില്ല.
കേരളത്തിൽ സംഘ്പരിവാറിനെ തോൽപിക്കുംവിധം ഇസ്ലാമോഫോബിയ ആളിക്കത്തിക്കാനും മുസ്ലിം സമുദായത്തെ കരുവാക്കി തങ്ങളകപ്പെട്ട പ്രതിസന്ധികളിൽനിന്ന് രക്ഷപ്പെടാനുമുള്ള രാഷ്ട്രീയ കുതന്ത്രങ്ങൾ ത്രിപുരക്കും ബംഗാളിനും ശേഷം അവശേഷിക്കുന്ന ഏക ഇടത് സംസ്ഥാനവും സംഘ്പരിവാറിന് തളികയിൽവെച്ച് കൈമാറാനേ ഉപകാരപ്പെടൂവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.