ജെ.പി നഡ്ഡയുടെ കള്ള പ്രചാരവേലകൾ കേരള ജനത പുച്ഛിച്ച് തള്ളുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്
text_fieldsതിരുവനന്തപുരം: ഇടതു സർക്കാരിനെതിരെയുള്ള ജെ.പി നഡ്ഡയുടെ കള്ള പ്രചാരവേലകൾ കേരള ജനത പുച്ഛിച്ച് തള്ളുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. രാജ്യത്തെ ഏറ്റവും അഴിമതി രഹിതമായ സംവിധാനമാണ് കേരളത്തിൽ നിലനിൽക്കുന്നതെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കിയിട്ടുള്ളതാണ്. ഒരു അഴിമതി ആരോപണം പോലും ഈ സർക്കരിനെതിരായിമുന്നോട്ടുവെക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. എന്നിട്ടും അഴിമതി സർക്കാരെന്ന് സംസ്ഥാന സർക്കാരിനെ വിശേഷിപ്പിക്കുന്നത് തികഞ്ഞ രാഷ്ട്രീയ അന്ധതകൊണ്ട് മാത്രമാണ്.
കേരളം ഭീകര വാദികളുടെ താവളമായി മാറിയെന്നാണ് മറ്റൊരാരോപണം. എൽ.ഡി.എഫ് സർക്കാരിന്റെ ഭരണകാലത്ത് ഒരു വർഗീയ കലാപം പോലും ഇല്ലാത്ത സംസ്ഥാനമായി കേരളം മാറി. സംഘപരിവാർ വിവിധ തരത്തിലുള്ള സംഘർഷങ്ങൾ സംസ്ഥാനത്ത് കുത്തിപ്പൊക്കാൻ ശ്രമിച്ചപ്പോൾ അവയെ മുളയിലേ നുള്ളുന്നതിന് എൽ.ഡി.എഫ് സർക്കാരിന് കഴിഞ്ഞു. വാട്സ്ആപ്പ് ഹർത്താലുകളെ പ്രതിരോധിച്ചുകൊണ്ട് പ്രവർത്തനമാണ് സംസ്ഥാനത്ത് നടത്തിയിട്ടുള്ളത്.
സ്വർണക്കള്ളക്കടത്തിലെ അന്വേഷണം കേന്ദ്ര ഏജൻസികളാണ് നടത്തുന്നത്. സ്വർണം ആര് അയച്ചുവെന്നും, ആർക്ക് അയച്ചുവെന്നും ഇതുവരെ കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പുന്ന സ്ഥിതിവിശേഷം ആരാണ് സൃഷ്ടിച്ചത് എന്ന് ആർക്കും അറിയാവുന്നതാണ്. സ്വപ്ന സുരേഷിന് സംരക്ഷണവും, പിന്തുണയും നൽകി ഇല്ലാ കഥകൾ സൃഷ്ടിച്ച് മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് സർക്കാരിനെതിരെ ജനങ്ങളെ തിരിച്ചുവിടാനു നീക്കത്തിന് പിന്നിൽ സംഘപരിവാർ ശക്തികളാണെന്ന് ഏവർക്കും അറിയാം.
സംസ്ഥാനം കടക്കെണിയിലാണെന്ന പ്രചരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങളുടെ ഫലമായി സംസ്ഥാനങ്ങൾ വലിയ പ്രതിസന്ധി അനുഭവിക്കുകയാണ്. ആ പ്രതിസന്ധിയെ മറികടന്നുകൊണ്ടുള്ള പ്രവർത്തന പദ്ധതികൾ ആവിഷ്കരിച്ചാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നത്. സംസ്ഥാനം കടമെടുക്കുന്നത് കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തോടെയാണ്. നികുതി വിഹിതം വെട്ടിക്കുറച്ചും, ജി.എസ്.ടി നഷ്ടപരിഹാരം ഇല്ലാതാക്കിയും സംസ്ഥാന സർക്കാരിന്റെ വരുമാന സ്രോതസുകളെ തല്ലിക്കെടുത്തുന്നവരാണ് ഇത്തരം പ്രചാരവേലകളുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽ ദിനങ്ങൾ പോലും വെട്ടിക്കുറച്ച് പാവപ്പെട്ടവരെ കണ്ണീര് കുടിപ്പിക്കുന്നവരാണ് ക്ഷേമ പദ്ധതികളുടെ കണക്കുമായി രംഗപ്രവേശം ചെയ്യുന്നത് എന്ന വിരോധാഭാസവും നിലനിൽക്കുന്നു. സംസ്ഥാനത്തിന്റെ കടത്തെ കുറിച്ച് വ്യാകുലപ്പെടുന്നവർ കേന്ദ്ര സർക്കാർ ഉണ്ടാക്കിവെച്ച കടമെത്രയാണെന്ന് വ്യക്തമാക്കണമെന്നും സി.പി.എം സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.