പി.പി. ദിവ്യ സാമൂഹിക പ്രവര്‍ത്തക എന്ന നിലയില്‍ ദിനംപ്രതി 250 കിലോമീറ്റര്‍ സഞ്ചരിക്കുന്നയാളാണെന്ന് അഭിഭാഷകന്റെ വാദം
text_fieldsകണ്ണൂർ: പി.പി. ദിവ്യ സാമൂഹിക പ്രവര്‍ത്തക എന്ന നിലയില്‍ ദിനംപ്രതി 250 കിലോമീറ്റര്‍ സഞ്ചരിക്കുന്നയാളാണ്, 24 മണിക്കൂറും സജീവമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തകയാണ്, ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്ന വ്യക്തിയാണെന്നും അഭിഭാഷകൻ. എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരായ അഡ്വ. കെ. വിശ്വനാണിത്തരം വാദമുഖങ്ങൾ ഉയർത്തിയത്.
ആരോപണം ഉയർന്നപ്പോൾ സ്ഥാനം ഒഴിഞ്ഞ് ദിവ്യ മാന്യത കാട്ടി. അഴിമതിക്കെതിരെ സന്ദേശം നൽകാനാണ് യാത്രയയപ്പ് യോഗത്തിൽ എത്തി പരസ്യപ്രതികരണം നടത്തിയതെന്നും അഭിഭാഷകൻ. ആരോപണങ്ങളിൽ പലതും കെട്ടുകഥയാണ്. പ്രശാന്തിനെ കൂടാതെ മറ്റുപലരും പരാതി പറഞ്ഞെന്നും ദിവ്യയുടെ അഭിഭാഷകൻ വാദിച്ചു. സദുദേശ്യ പരമായിരുന്നു ദിവ്യയുടെ പരാമർശം. മാതൃകാപരമായിരുന്നു ദിവ്യയുടെ പൊതുപ്രവർത്തനം, ഒൻപത് വർഷമായി ജില്ല പഞ്ചായത്തുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ദിവ്യ നിരവധി പുരസ്കാരങ്ങൾ കിട്ടിയ വ്യക്തിയാണ്. സാധാരണക്കാർക്ക് സമീപിക്കാവുന്ന നേതാവാണെന്നും അഴിമതിക്കെതിരായ പ്രവർത്തനം ഉത്തരവാദിത്തമെന്നും കോടതിയിൽ വാദിച്ചു.
പ്രശാന്തിന്റെ പരാതിക്ക് പിന്നാലെ എ.ഡി.എമ്മിനെ വിളിച്ചു. എൻ.ഒ.സി വേഗത്തിലാക്കാൻ ആവശ്യപ്പെട്ടു. എന്നാൽ എ.ഡി.എം നടപടി എടുത്തില്ല. കൈക്കൂലി വാങ്ങിയെന്ന് പ്രശാന്ത് പറഞ്ഞപ്പോൾ ഞെട്ടിപ്പോയി. കലക്ടർക്കൊപ്പം പങ്കെടുത്ത പരിപാടിയിൽ വെച്ച് അനൗദ്യോഗികമായി കലക്ടർ ക്ഷണിച്ചെന്നും കോടതിയിൽ വാദിച്ചു. യാത്രയയപ്പ് പരിപാടി ഉണ്ട് പങ്കെടുക്കില്ലേയെന്ന് കലക്ടർ ചോദിച്ചു. കലക്ടറെ വിളിച്ച് പങ്കെടുക്കും എന്നും അറിയിച്ചു. പരിപാടിക്ക് എത്തിയത് ക്ഷണിച്ചിട്ടാണെന്നും സംസാരിച്ചത് ഡെപ്യൂട്ടി കലക്ടർ ക്ഷണിച്ചിട്ടെന്ന വാദവും പ്രതിഭാഗം ഉയർത്തി.
എ.ഡി.എമ്മിന്റെ ട്രാക്ക് റെക്കോർഡിൽ സംശയം ഇല്ല. പണ്ടുമുതൽ പ്രശനക്കാരനാണ് എന്നും പറഞ്ഞിട്ടില്ല. എ.ഡി.എമ്മിന് മാനസിക പ്രയാസം ഉണ്ടാക്കുന്ന ഒന്നും പറഞ്ഞിട്ടില്ല എന്നും പ്രതിഭാഗം അഭിഭാഷകൻ. അഴിമതി നടത്തരുത് എന്ന അഭ്യർത്ഥന മാത്രമാണ് നടത്തിയത് എന്നും ദിവ്യയുടെ അഭിഭാഷകൻ പറഞ്ഞു. കണ്ണൂരിലേത് പോലെ ആവരുത് എന്നും കൂടുതൽ നന്നായി പ്രവർത്തിക്കണം എന്നാണ് പറഞ്ഞതെന്നും എല്ലാവിധ ആശംസകളും അറിയിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.