സിനിമ പരാജയപ്പെടുന്ന പോലെ ജയസൂര്യയുടെ തിരക്കഥയും പടവും പൊട്ടിപ്പോയി -പി. പ്രസാദ്
text_fieldsതിരുവനന്തപുരം: സംഭരിച്ച നെല്ലിന് പണം നൽകിയില്ലെന്ന ആരോപണത്തിൽ ഒന്നാം ദിവസം തന്നെ സിനിമ പരാജയപ്പെടുംപോലെ നടൻ ജയസൂര്യയുടെ തിരക്കഥയും പടവും പൊട്ടിപോയെന്ന് കൃഷി മന്ത്രി പി. പ്രസാദ്. നിയമസഭയിൽ കാർഷിക പ്രതിസന്ധി സംബന്ധിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയ അവതരണത്തിന് നൽകിയ നോട്ടീസിന് മറുപടി പറയുമ്പോഴായിരുന്നു മന്ത്രിയുടെ വിമർശനം.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് പ്രചരിച്ച കഥകളിലൊന്നാണ് നടനുമായി ബന്ധപ്പെട്ടുണ്ടായത്. ജയസൂര്യക്ക് അതേ വേദിയിൽ മന്ത്രി പി. രാജീവ് കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ട്. അതവിടംകൊണ്ട് അവസാനിപ്പിച്ചതാണ്. ഓണമുണ്ണാൻ പണം ലഭിക്കാതെ ഇരിക്കുന്നെന്ന് നടൻ ചൂണ്ടിക്കാട്ടിയ കർഷകൻ ഒരു രാഷ്ട്രീയ പാർട്ടിയുമായി അടുത്ത ബന്ധമുള്ളയാളാണ്. മാസങ്ങൾക്കു മുമ്പ് മുഴുവൻ പൈസയും വാങ്ങിയ ഒരാളുടെ പേരു പറഞ്ഞാണ് സിനിമാതാരം പുതിയ തിരക്കഥയുമായി വരുന്നത്. കൃഷ്ണപ്രസാദിന്‍റെ മുഴുവൻ പൈസയും നൽകിയതാണെന്ന് മന്ത്രി പറഞ്ഞു.
കാർഷിക പ്രതിസന്ധി നടൻ ജയസൂര്യ രണ്ടു മന്ത്രിമാരുടെ മുഖത്ത് നോക്കി അറിയാതെ പറഞ്ഞുപോയെന്നും അതിനു പരിഹാരമുണ്ടാക്കാതെ അദ്ദേഹത്തിനു മേൽ കുതിര കയറാൻ സൈബർ സഖാക്കളെ വിടുന്നതാണ് കാണുന്നതെന്നും പ്രമേയത്തിന് അവതരണാനുമതി തേടിയ കോൺഗ്രസിലെ സണ്ണി ജോസഫ് പറഞ്ഞു.
നെൽകർഷകരുടെ ദുരിതമാണ് ജയസൂര്യ പറഞ്ഞത്. കർഷകരായ മാതാപിതാക്കൾ തിരുവോണ ദിനത്തിൽ പട്ടിണിസമരം ഇരിക്കുമ്പോൾ യുവാക്കൾ എങ്ങനെ കൃഷിയിലേക്ക് വരുമെന്നാണ് ജയസൂര്യ ചോദിച്ചത്. കർഷകരുടെ കണ്ണീര് കാണാൻ ജയസൂര്യക്ക് കഴിഞ്ഞെങ്കിൽ ഭരിക്കുന്ന സർക്കാറിന് കഴിയേണ്ടതല്ലേയെന്നും സണ്ണി ജോസഫ് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.