കേരളാഗ്രോ ബ്രാൻഡിൽ ഓണ്‍ലൈനിലെത്തിച്ചത് 191 മൂല്യവര്‍ധിത ഉത്പന്നങ്ങളെന്ന് പി. പ്രസാദ്
text_fieldsതിരുവനന്തപുരം : കേരളാഗ്രോ ബ്രാന്‍ഡിന്റെ 191 മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് അടക്കമുള്ള ഓണലൈന്‍ വിപണികളില്‍ വില്‍പനക്കെത്തിച്ചെന്ന് മന്ത്രി പി. പ്രസാദ്. കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പിന്റെ പന്തളം കരിമ്പ് വിത്തുത്പാദന കേന്ദ്രത്തില്‍ ശര്‍ക്കര ഫില്ലിംഗ് മെഷീനിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം നേടാനാവുന്ന ഒരു പ്രധാന മാര്‍ഗം കാർഷിക വിളകളിൽ നിന്നും മൂല്യവര്‍ധിത ഉത്പന്നങ്ങൾ തയ്യാറാക്കുക എന്നതാണ്. വിപണിയിലെത്തുന്ന വസ്തുക്കളുടെ ഗുണമേന്മയും ബ്രാന്‍ഡിന്റെ പേരും പ്രധാന ഘടകങ്ങളാണെന്ന് തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ കേരളാഗ്രോ എന്ന ബ്രാന്‍ഡ് രൂപീകരിച്ചത്.
2023 അവസാനത്തോടെ നൂറ് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയില്‍ എത്തിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ഈ വര്‍ഷം പകുതിയായപ്പോള്‍ തന്നെ 191 മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളില്‍ വില്‍പനക്കെത്തിക്കാന്‍ സാധിച്ചത് വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
കീടനാശിനികളോ മറ്റു രാസവസ്തുക്കളോ തുടങ്ങിയ വസ്തുക്കള്‍ ഒന്നും ഉപയോഗിക്കാതെ നിര്‍മിക്കുന്ന ശര്‍ക്കരക്ക് ഇന്ന് മാര്‍ക്കറ്റില്‍ ആവശ്യക്കാര്‍ ഏറെയാണ്. പന്തളത്ത് മാത്രമല്ല, സമീപപ്രദേശങ്ങളിലെ കരിമ്പ് കര്‍ഷകര്‍ക്കും ഏറെ പിന്തുണയും പിന്‍ബലവുമാവുന്ന രീതിയിലാണ് വിത്തുല്പാദന കേന്ദ്രത്തിന്റെ പ്രവത്തനം.
വിഷരഹിതമായ കരിമ്പ് കൃഷി ചെയ്ത് കര്‍ഷകര്‍ എത്തിക്കുമ്പോള്‍, കേന്ദ്രത്തില്‍ അത് യഥാസമയം വില നല്‍കി സംഭരിച്ച്, സംസ്‌കരിച്ച് മികച്ച ഉത്പന്നമായി വിപണിയിലെത്തിക്കണം. ആകര്‍ഷകമായ പാക്കിംഗ് പോലെയുള്ള മാര്‍ക്കറ്റിംഗ് രീതികള്‍ ഉപയോഗിച്ച് വിപണിയില്‍ ഇന്നുള്ള ഡിമാന്‍ഡ് വര്‍ധിപ്പിക്കണം. അതിനായി ക്യു.ആര്‍ കോഡ് അടക്കമുള്ള സാങ്കേതിക വിദ്യകള്‍ പാക്കിംഗ് കവറുകളില്‍ ഉള്‍പ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. കാര്‍ഷിക വിലനിര്‍ണയ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. രാജശേഖരന്‍, കൃഷി വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍, പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഗീത അലക്സാണ്ടര്‍, പന്തളം ഫാം ഓഫീസര്‍ എം.എസ്. വിമല്‍കുമാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.