ദാരിദ്ര്യം മറച്ചു വെക്കേണ്ടതല്ല, മാറ്റി എടുക്കപ്പെടേണ്ടതാണെന്ന് പി. പ്രസാദ്
text_fieldsപത്താനപുരം: ദാരിദ്ര്യം മറച്ചു വെക്കേണ്ടതല്ല, മാറ്റി എടുക്കപ്പെടേണ്ടതാണെന്ന് മന്ത്രി പി. പ്രസാദ്. .കൊല്ലം ജില്ലയിലെ നവ കേരള സദസിന്റെ ആദ്യ വേദിയായ പത്തനാപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക രാഷ്ട്രങ്ങൾ പങ്കെടുത്ത ജി-20 വേദിയായ ഡൽഹിയിൽ രാഷ്ട്രതലവന്മാർ എത്തിയപ്പോൾ ചേരിയിലും മറ്റും വസിക്കുന്ന അതിദരിദ്രരെ മറച്ചു വെക്കാൻ മതിലുകളും ബോർഡുകളും ആണ് കേന്ദ്രസർക്കാർ സ്ഥാപിച്ചത്. അതേസമയം, അതിദരിദ്രരെ ദാരിദ്ര്യത്തിന്റെ പടിയിൽ നിന്നും പിടിച്ചുയർത്തുവാൻ ശ്രമിക്കുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്ന് മന്ത്രി പറഞ്ഞു.
2025 നവംബർ ഒന്ന് ആകുമ്പോഴേക്കും അതി ദരിദ്രരില്ലാത സംസ്ഥാനമായി കേരളം പ്രഖ്യാപിക്കപ്പെടും. കഴിഞ്ഞ ഏഴര വർഷത്തെ ഭരണത്തിലൂടെ 47.8 ശതമാനം അതി ദരിദ്രരെ ദാരിദ്ര്യത്തിന്റെ പടിയിൽ നിന്നും മോചിപ്പിക്കുവാനായി. 64006 കുടുംബങ്ങൾ ആയിരുന്നു പ്രഥമ പരിഗണനയിൽ ഉണ്ടായിരുന്നത്. ഓരോ വർഷം കഴിയുന്തോറും ഈ കണക്കിൽ പുരോഗതി ഉണ്ടായി വരികയാണ്.
രാജ്യത്തെ അതി ദരിദ്രരുടെ അളവ് 25 ശതമാനമാണെങ്കിൽ സംസ്ഥാനത്ത് അത് 0.7 ശതമാനം മാത്രമാണ്. നവകേരളമെന്നാൽ അതി ദരിദ്രരില്ലാത്ത കേരളമെന്നാണ് അർഥം, അതുപോലെ തന്നെ നവ കേരളമെന്നാൽ ഭവനരഹിതരില്ലാത്ത കേരളം എന്നുമർഥം. കഴിഞ്ഞ ഏഴര വർഷം 356108 കുടുംബങ്ങൾക്ക് സർക്കാർ ഭവനങ്ങൾ നിർമിച്ചു നൽകി. ഇതിൽ വെറും മൂന്നിലൊന്നിൽ താഴെ ആളുകൾക്ക് മാത്രമാണ് കേന്ദ്ര വിഹിതമായ എഴുപത്തിരണ്ടായിരം രൂപ കിട്ടിയത്.
എന്നാൽ മുഴുവൻ പേർക്കും നാലുലക്ഷം രൂപയാണ് സംസ്ഥാനം നൽകിയത്. ആദിവാസികൾക്ക് ആറ് ലക്ഷം രൂപയും. നവകേരളം എന്നാൽ ഭൂരഹിതർ ഇല്ലാത്ത കേരളമെന്നും അർഥമുണ്ട്. ഇത്തരത്തിൽ സമസ്ത മേഖലകളിലും വികസനം കൊണ്ടെത്തിക്കുന്ന സർക്കാരിന്റെ പ്രവർത്തനങ്ങൾക്കെതിരെ ചെറിയൊരു പക്ഷം ബഹിഷ്കരണം നടത്തുന്നത് ജനങ്ങൾ അവരെ തിരസ്കരിച്ചതിന്റെ പേരിൽ മനോനില തെറ്റിയത് കൊണ്ട് മാത്രമാണെന്നും മന്ത്രി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.