നെൽകൃഷിക്ക് കൂടുതൽ സാമ്പത്തിക പിന്തുണ ആവശ്യമെന്ന് പി. പ്രസാദ്
text_fieldsതിരുവനന്തപുരം: കേരളത്തിലെ നെൽകൃഷിക്ക് കൂടുതൽ സാമ്പത്തിക പിന്തുണ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ കൃഷി വികാസ് യോജന (ആർ.കെ.വി.വൈ)യിലൂടെ അനുവദിക്കണമെന്ന് മന്ത്രി പി. പ്രസാദ്. കേരളത്തിലെ കാർഷിക മേഖലയിലെ വിവിധ വികസന പ്രവർത്തനങ്ങളെ സംബന്ധിച്ച് കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്രസിങ് തോമറുമായി നേരിട്ട് നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്.
നിലവിൽ ആർ.കെ.വി.വൈ പദ്ധതിയിൽ ലഭിക്കുന്ന മൊത്ത കേന്ദ്ര സഹായത്തിന്റെ 10 ശതമാനം മാത്രമേ നെൽകൃഷിക്ക് അനുവദിക്കുന്നുള്ളൂ. ഈ പരിധി ഉയർത്തി കൂടുതൽ കേന്ദ്ര സഹായം അനുവദിക്കുകയും, അത്തരത്തിൽ കൂടുതൽ നെൽ കർഷകർക്ക് സഹായമെത്തിക്കുവാനും സാധിക്കും. കേരളത്തിലെ നെൽകൃഷിയുടെ പ്രത്യേകതകൾ കണക്കിലെടുത്ത് ഈ ആവശ്യം പ്രത്യേകം പരിഗണിക്കാമെന്ന് കേന്ദ്ര കൃഷിമന്ത്രി സംസ്ഥാനത്തിന് ഉറപ്പ് നൽകി.
സ്മാർട്ട് കൃഷി ഭവൻ, ഡിജിറ്റൽ അഗ്രികൾച്ചർ മിഷൻ എന്നീ പദ്ധതികൾ കേരളത്തിൽ 2022ൽ തന്നെ ആരംഭിച്ചുവെന്നും, കേന്ദ്ര സർക്കാർ ഈ വർഷം നടപ്പാക്കാൻ ആരംഭിച്ച ഡിജിറ്റൽ ക്രോപ്പ് സർവ്വേ, കേരളത്തിന്റെ മൂന്നാം 100ദിന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച കാർഷിക വിവരങ്ങളുടെ ഡിജിറ്റലൈസേഷൻ പദ്ധതിയായ കേരള അഗ്രി-സ്റ്റാക് പദ്ധതിയുമായി സംയോജിപ്പിച്ചു കൊണ്ട് നടപ്പിലാക്കി വരുന്നുവെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു.
കാർഷികോല്പാദന കമീഷണർ ഡോ.ബി. അശോക്, കൃഷി ഡയറക്ടർ കെ.എസ് അഞ്ജു, കാർഷിക വില നിർണയ ബോർഡ് ചെയർമാൻ ഡോ. പി. രാജശേഖരൻ, കൃഷി അഡീഷണൽ ഡയറക്ടർ ജോർജ്ജ് സെബാസ്റ്റ്യൻ എന്നിവർ കേന്ദ്രമന്ത്രിയുമായുള്ള കൂടി കാഴ്ചയിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.