കാൽനൂറ്റാണ്ട് കടന്ന് മന്ത്രി പി. പ്രസാദിന്റെ വ്രതാനുഷ്ഠാനം
text_fieldsചാരുംമൂട്: നോമ്പിന്റെ പുണ്യംനുകർന്ന് കാൽനൂറ്റാണ്ട് കടന്ന് മന്ത്രി പി. പ്രസാദ്. ആത്മബലത്തിന്റെ നോമ്പ് ജീവിതത്തിലുണ്ടാക്കിയ മാറ്റം ഏറെയാണ് കമ്യൂണിസ്റ്റ് നേതാവും മന്ത്രിയുമായ പ്രസാദിന്റെ വേറിട്ട അനുഭവസാക്ഷ്യം. പാലമേൽ മറ്റപ്പള്ളി സുജാലയത്തിൽ പി. പ്രസാദാണ് കമ്യൂണിസ്റ്റ് ആദർശവഴിയെ ജീവിതത്തെ നയിക്കുമ്പോഴും നോമ്പുകാലത്തിന്റെ നന്മയുടെ സ്നേഹം സ്വീകരിക്കുന്നത്. മന്ത്രിയായി തിരക്കായെങ്കിലും പ്രസാദിന് നോമ്പില്ലാത്ത രാഷ്ട്രീയമില്ല. നോമ്പുകാലം തന്റെ ആത്മസമർപ്പണത്തിന്റെ വഴികൂടിയാണ്. വിദ്യാർഥി രാഷ്ട്രീയരംഗത്ത് നേതൃനിരയിൽ പ്രവർത്തിക്കുമ്പോൾ സുഹൃത്തുക്കളുടെ നോമ്പ് അനുഷ്ഠാനത്തിന് പിന്തുണ നൽകിയാണ് ഒപ്പം ചേർന്നത്. പാർട്ടി പരിപാടികളും തെരഞ്ഞെടുപ്പ് അടക്കമുള്ള തിരക്കുപിടിച്ച കാലത്തും നോമ്പ് മുടക്കിയിട്ടില്ല. നോമ്പുനോക്കുന്ന സുഹൃത്തുക്കളുടെ സാമീപ്യവും വായനയിലൂടെ കിട്ടിയ അറിവും ഇതിന് കൂടുതൽ പ്രേരണയായി.
ജില്ലയിലെ ഏറ്റവും വലിയ ജമാഅത്തുകളിൽ ഒന്നിന് സമീപമാണ് ജനിച്ചുവളർന്നത്. നൂറുകണക്കിന് മുസ്ലിം കുടുംബങ്ങളുമായി ഇടപഴകിയുള്ള ജീവിതവും സൗഹൃദങ്ങളുമാണ് വ്രതാനുഷ്ഠാനത്തിലേക്ക് കൂടുതലായി ആകർഷിച്ചത്. ആദ്യകാല കമ്യൂണിസ്റ്റും പഞ്ചായത്ത് അംഗവുമായിരുന്ന പിതാവ് ജി. പരമേശ്വരൻ നായർ വർഷങ്ങൾക്കുമുമ്പ് നൽകിയ പി.ടി. ഭാസ്കരപ്പണിക്കരുടെ ‘ഇസ്ലാമും കമ്യൂണിസ്റ്റുകാരും’ പുസ്തകമാണ് ഇസ്ലാമിനെക്കുറിച്ച് കൂടുതലറിയാൻ പ്രേരിപ്പിച്ചത്.
ഇടപഴകി ജീവിക്കുന്ന സമൂഹത്തിൽ എല്ലാമതങ്ങളെക്കുറിച്ച് പഠിക്കാനും നല്ലവശങ്ങൾ ഉൾക്കൊള്ളാനും തയാറാകണം. സാമ്രാജ്യത്വ വിരുദ്ധസമീപനം സ്വീകരിക്കുന്നതും കമ്യൂണിസവുമായി സമാനതകളുള്ളതുമാണ് ഇസ്ലാം.
പുലർച്ച കുളികഴിഞ്ഞ് വരുമ്പോഴേക്കും ഭാര്യ ലൈന കാപ്പി തയാറാക്കി നൽകും. മന്ത്രി ആയതിനാൽ എല്ലാദിവസവും വീട്ടിൽ തങ്ങാൻ കഴിയാത്തതിനാൽ കൂടെയുള്ളവർ ഇക്കാര്യത്തിൽ സഹായിക്കും. പ്രസാദിന് കൂടുതൽ വായിക്കാനും എഴുതാനും നോമ്പുകാലം പ്രേരകശക്തി കൂടിയാണ്. വീട്ടിലാണെങ്കിൽ സഹപ്രവർത്തകർ ആദിക്കാട്ടുകുളങ്ങരയിലുള്ള പള്ളിയിൽനിന്നും വീടിന് സമീപത്തെ പള്ളിയിൽനിന്നും നോമ്പുതുറക്കാനുള്ള വിഭവങ്ങളുമായി എത്തും. യാത്രയിലാണെങ്കിൽ നോമ്പുതുറക്കാൻ ആവശ്യമുള്ള സാധനങ്ങൾ കരുതിയിരിക്കും.
നോമ്പിലൂടെ അച്ചടക്കം, ചിട്ടയായ ജീവിതശൈലി എന്നിവ രൂപപ്പെടുത്താനും വിശപ്പിന്റെ മാഹാത്മ്യം തിരിച്ചറിയാനും കഴിഞ്ഞു. പ്രലോഭനത്തിൽ വശംവദനാകാതിരിക്കാൻ ഒരുമനുഷ്യന് കഴിയുമോയെന്നുള്ള പരീക്ഷണം കൂടിയാണ് നോമ്പുകാലം. മക്കളായ ഭഗത്, അരുണ അൽമിത്ര എന്നിവരടക്കം കുടുംബത്തിലെ എല്ലാവരുടെയും പിന്തുണയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.