കൈത്തറി മേഖലയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാനായി വിദഗ്ധ സമിതിയെ നിയോഗിച്ചുവെന്ന് പി.രാജീവ്
text_fieldsതിരുവനന്തപുരം : കൈത്തറി മേഖലയുടെ സാധ്യതകളും പ്രശ്നങ്ങളും പഠിച്ച് റിപ്പോർട്ട് നൽകാനായി വിദഗ്ധ സമിതിയെ നിയോഗിച്ചവെന്ന് മന്ത്രി പി.രാജീവ്. തിരുവനന്തപുരത്ത് ചേർന്ന കൈത്തറി ഉപദേശകസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കൈത്തറി ബ്രാന്റ് രജിസ്ട്രേഷൻ നടപടികൾ വേഗത്തിലാക്കാൻ യോഗം തീരുമാനിച്ചു.
സംസ്ഥാനത്തെ കൈത്തറി മേഖലക്ക് ഉണർവേകുക എന്ന ലക്ഷ്യത്തോടെ കൈത്തറി വകുപ്പിന്റെ നേതൃത്ത്വത്തിൽ ദേശീയ കൈത്തറി മഹോത്സവം സംഘടിപ്പിക്കും. രാജ്യത്തിനകത്തും പുറത്തും നിന്നുമായി ഡിസൈനർമാർ, വ്യാപാരികൾ തുടങ്ങിയവരുൾപ്പെടെ പങ്കെടുക്കുന്ന അതിവിപുലമായ മേളയാക്കി കൈത്തറി മഹോത്സവത്തെ മാറ്റും. സ്ഥലവും തീയതിയും പിന്നീട് തീരുമാനിക്കും.
കൈത്തറി ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നവരുടെ യോഗം പ്രത്യേകമായി വിളിച്ചു ചേർക്കാനും തീരുമാനിച്ചു. കയറ്റുമതി വർധിപ്പിക്കുന്നതിന് സർക്കാർ എല്ലാ പ്രോത്സാഹനവും നൽകും. ഈ വർഷം കൈത്തറി മേഖലക്ക് 56.4 കോടി രൂപയാണ് പദ്ധതി വിഹിതമായി അനുവദിച്ചത്.
കൈത്തറി സ്കൂൾ യൂനിഫോമിനായി 60 കോടി രൂപയും നൽകി. കഴിഞ്ഞ വർഷം 43 ലക്ഷം മീറ്റർ കൈത്തറി യൂനിഫോം ആണ് ഏഴു ലക്ഷം വിദ്യാർഥികൾക്കായി വിതരണം ചെയ്തത്. സ്കൂൾ തുറക്കുമ്പോൾ യൂനിഫോമിന് മാത്രമായി നേരത്തെ നൽകിയിരുന്ന റിബേറ്റ് മറ്റ് തുണിത്തരങ്ങൾക്ക് നൽകുന്ന കാര്യവും പരിഗണിക്കും. യൂണിഫോം കളർ കോഡ് പരിമിതപ്പെടുത്തുന്നതുസംബന്ധിച്ച തീരുമാനം മന്ത്രി തല യോഗത്തിന്റെ പരിഗണനക്ക് അയക്കാനും യോഗം തീരുമാനിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.