സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം ഒരു കോടി രൂപയായി വര്‍ധിപ്പിക്കുമെന്ന് പി.രാജീവ്
text_fieldsതിരുവനന്തപുരം: കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രവര്‍ത്തനപുരോഗതി കൈവരിക്കാന്‍ (സ്കെയില്‍ അപ്) കെ.എസ്.ഐ.ഡി.സി വഴി നല്‍കുന്ന ധനസഹായം അന്‍പതു ലക്ഷംരൂപയില്‍ നിന്ന് ഒരു കോടി രൂപയാക്കുമെന്ന് മന്ത്രി പി. രാജീവ്. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കെ.എസ്.ഐ.ഡി.സി സംഘടിപ്പിച്ച സ്കെയില്‍ അപ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഇന്ന് വ്യവസായങ്ങള്‍ക്ക് അനുകൂലമായ എല്ലാ സാഹചര്യങ്ങളുമുണ്ട്. ഇതുപയോഗിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ തയാറാകണം. പുതുതായി തുടങ്ങുന്ന സംരംഭങ്ങളില്‍ മുപ്പതു ശതമാനം പൂട്ടിപ്പോകുന്നുവെന്നാണ് കണക്ക്. ഈ നിരക്ക് കുറച്ചുകൊണ്ടുവരാനാണ് സര്‍ക്കാരിന്റെ ശ്രമം. സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാനായി വിദഗ്ദ്ധസംഘത്തെ കെ.എസ്.ഐ.ഡി.സി തയാറാക്കും. നിര്‍മാണമേഖലയ്ക്ക് പ്രാധാന്യം നല്‍കി നവംബറില്‍ കൊച്ചിയില്‍ സ്റ്റാര്‍ട്ടപ് സംഗമം നടത്തുമെന്നും മന്ത്രി പറഞ്ഞു.
വ്യവസായ വകുപ്പ് ആരംഭിച്ച ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പരിപാടിയില്‍ ആറുമാസംകൊണ്ട് 61350 സംരംഭങ്ങള്‍ തുടങ്ങാനായി. ഇതിലൂടെ 1,35,000ല്‍പരം ആളുകള്‍ക്ക് ജോലി ലഭിച്ചു. കെല്‍ട്രോണുമായി ചേര്‍ന്ന് ആയിരംകോടി രൂപ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിക്കായി പദ്ധതിരേഖ തയാറാക്കിവരികയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ബ്ലഡ്ബാഗ് നിര്‍മാണ കമ്പനിയും കൃത്രിമ പല്ല് നിര്‍മാണ കമ്പനിയും ഉള്‍പ്പെടെ ആഗോളതലത്തില്‍ പ്രധാനപ്പെട്ട ധാരാളം കമ്പനികള്‍ ഇന്ന് കേരളത്തില്‍ വിജയകരമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ആഗോളതലത്തില്‍ ശ്രദ്ധേയരായ ഒട്ടേറെ കമ്പനികള്‍ ഇവിടെ പുതിയ ഓഫീസുകള്‍ തുറക്കുകയാണ്.
കേരളം എല്ലാ ഉല്‍പന്നങ്ങളുടേയും നല്ലൊരു വിപണിയാണ്. 240 കോടി രൂപയുടെ കുപ്പിവെള്ളവും 3000 കോടി രൂപയുടെ തുണിത്തരങ്ങളും വിറ്റുപോകുന്ന ഇവിടെ അതിലേറെയും പുറത്തുനിന്നു വരുന്നവയാണ്. കേരളത്തിന്റെ വിപണിയില്‍ കേരളത്തിന്റെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിനായി ബ്രാന്‍ഡിംഗ് കേരള, മെയ്ഡ് ഇന്‍ കേരള പോലുള്ള ബ്രാന്‍ഡിംഗ് രീതികള്‍ നടപ്പാക്കും. ഇവ സപ്ലൈക്കോ പോലുള്ള വിതരണ ശൃംഖലകളില്‍ പ്രത്യേക വിഭാഗമുണ്ടാക്കി വിറ്റഴിക്കും. ഐ.ടി മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളും സഹായങ്ങളും ഐ.ടി ഇതര സ്റ്റാര്‍ട്ടപ്പുകള്‍ക്കും നല്‍കുകയെന്നതാണ് സര്‍ക്കാര്‍ നയമെന്ന് അദ്ദേഹം പറഞ്ഞു.
വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു. സ്റ്റാർട്ടപ്പ് മിഷൻ സിഇഒ: അനൂപ് അംബിക, ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. സജി ഗോപിനാഥ്, കെഎസ്ഐഡിസി എം.ഡി: എസ്. ഹരികിഷോര്‍, ജനറൽ മാനേജർ അശോക് ലാല്‍ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.