കേരളത്തിന്റെ ആദ്യ കയറ്റുമതി നയം രണ്ട് മാസത്തിനുള്ളിലെന്ന് പി.രാജീവ്
text_fieldsകൊച്ചി: സംസ്ഥാനത്തിന്റെ ആദ്യ കയറ്റുമതി നയം രണ്ട് മാസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു. കേരളത്തിലെ കയറ്റുമതി മേഖലയിലുള്ളവരുമായി കൊച്ചിയിൽ നടത്തിയ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ സംസ്ഥാന തലത്തിൽ രൂപീകരിക്കും.
വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടറേറ്റിലും ജില്ലാ വ്യവസായ കേന്ദ്രം ഓഫീസുകളിലും കയറ്റുമതി പ്രോത്സാഹന കാര്യങ്ങൾക്ക് മാത്രമായി നോഡൽ ഓഫീസർമാരെ നിയമിക്കും. കയറ്റുമതിക്കായി കൊമേഴ്സ് മിഷൻ ശക്തിപ്പെടുത്തും. മെഡിക്കൽ ഡിവൈസസ്, ഇലക്ട്രോണിക്സ് മേഖലകളിലെ ആഗോള കമ്പനികളുടെ സ്റ്റോക്ക് യാഡ്, അസംബ്ളിംഗ് സെന്ററുകൾ എന്നിവ കേരളത്തിലേക്ക് എത്തിക്കുന്നതിന് പദ്ധതി തയാറാക്കും.
വിമാനത്താവളങ്ങളോട് ചേർന്ന് കയറ്റുമതി ഉൽപന്നങ്ങളുടെ ഗുണനിലവാര പരിശോധനക്കും സംഭരണത്തിനുമുള്ള കേന്ദ്രങ്ങൾ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കും. സമുദ്രോൽപന്ന കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ആലപ്പുഴയിൽ ഫാക്ടറികളുടെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി ചന്തിരൂരിൽ പുതിയ എഫ്ളുവന്റ് ട്രീറ്റ്മെന്റ് പ്ളാൻറ് സ്ഥാപിക്കാനുള്ള 16 കോടി രൂപയുടെ പദ്ധതിക്ക് സിഡ്ബി ധനസഹായം സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് പി.രാജീവ് പറഞ്ഞു.
എറണാകുളം മാരിയറ്റ് ഹോട്ടലില്‍ കെ.എസ്.ഐ.ഡി.സി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസ്ഥാനത്തെ കയറ്റുമതി മേഖലയിൽ നിന്നുള്ള വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളുമാണ് പങ്കെടുത്തത്. കയര്‍, മറൈന്‍, ഫുഡ്, ഇലക്ട്രോണിക്‌സ് സിസ്റ്റം ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിങ്, അലൂമിനിയം തുടങ്ങി, കേരളത്തിലെ വിവിധ കയറ്റുമതി മേഖലകളില്‍ നിന്നുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.