നവകേരള സദസ് ജനാധിപത്യത്തിന്റെ സൗന്ദര്യം നിറഞ്ഞ പുതിയ അനുഭവമെന്ന് പി.രാജീവ്
text_fieldsകൊച്ചി: സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തുന്ന നവകേരള സദസ് ജനാധിപത്യത്തിന്റെ സൗന്ദര്യം നിറഞ്ഞ പുതിയ അനുഭവമാണെന്ന് മന്ത്രി പി രാജീവ്. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ നടത്തുന്ന നിയോജക മണ്ഡലതല ബഹുജന സദസിന്റെ കളമശേരി മണ്ഡലതല സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജനങ്ങളുടെ ക്ഷേമങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കുന്നതിനായി ഒന്നിലധികം മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് അടിസ്ഥാനത്തില്‍ അദാലത്തുകള്‍, മേഖലാതല റിവ്യൂ യോഗങ്ങള്‍ എന്നിവ സംഘടിപ്പിച്ചു. ഇതിന്റെ തുടര്‍ച്ചയായി നവംബര്‍ ഒന്നു മുതല്‍ ഏഴ് വരെ കേരളീയം പരിപാടി സംഘടിപ്പിക്കുകയാണ്. കേരളത്തിന്റെ പാരമ്പര്യം അറിയിക്കുന്ന ഈ പരിപാടി എല്ലാവര്‍ഷവും ഇതേ രീതിയില്‍ സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിന് ശേഷം നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും മന്ത്രിമാരുടെ നേതൃത്വത്തില്‍ നവ കേരള സദസ് സംഘടിപ്പിക്കുന്നത്. നവ കേരള സദസില്‍ കഴിഞ്ഞ കാലങ്ങളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍, ഇനി എന്തൊക്കെയാണ് നേടാനുള്ളത് എന്ന് ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
നമ്മുടെ നാട് പുരോഗതിയുടെ പാതയിലാണ്. അത് കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒന്നിച്ചു പ്രവര്‍ത്തിച്ചതിന്റെ ഫലമാണ്. നവ കേരള സദസിനോട് അനുബന്ധിച്ച് കളമശ്ശേരിയിലെ എറണാകുളം മെഡിക്കല്‍ കോളജില്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കും ക്യാന്‍സര്‍ സെന്ററും ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് വിദേശത്തുനിന്നുള്ള അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഉപകരണങ്ങളാണ് ഇവിടെ രോഗികള്‍ക്കായി ഒരുക്കുന്നത്. കി ഫ്ബി സഹായത്തോടെ കൊച്ചി സര്‍വകലാശാലയില്‍ 255 കോടി രൂപ ചെലവില്‍ ലാബ് സൗകര്യവും ഒരുങ്ങുന്നുണ്ട്.
കൂടാതെ മണ്ഡലത്തില്‍ ഏലൂര്‍ നഗരസഭയില്‍ ഹോമിയോപ്പതി ക്ലിനിക് ആരംഭിക്കും. കരുമാലൂര്‍, കടുങ്ങല്ലൂര്‍, ആലങ്ങാട് പഞ്ചായത്തുകളില്‍ 217 കോടി രൂപ ചെലവില്‍ പുതിയ പൈപ്പിടല്‍ നടപടികള്‍ പുരോഗമിക്കുന്നു. മണ്ഡലത്തില്‍ മികച്ച രീതിയില്‍ നടപ്പിലാക്കിയ ഓപ്പറേഷന്‍ വാഹിനി പദ്ധതി തുടര്‍ന്നും നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. കൃഷിക്ക് ഒപ്പം കളമശേരി പദ്ധതിയുടെ ഭാഗമായി കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ 430 ഏക്കര്‍ തരിശ് ഭൂമി കൃഷിക്കായി ഉപയോഗിക്കാന്‍ സാധിച്ചു.
നിലവില്‍ 10 ലക്ഷം യാത്രക്കാരുമായി വിജയകരമായി മുന്നേറുന്ന വാട്ടര്‍ മെട്രോ ഏലൂരിലേക്ക് ആരംഭിക്കും. അടുത്ത ഘട്ടത്തില്‍ ആലങ്ങാട് കൂടി വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കും. കോവളം മുതല്‍ ബേക്കല്‍ വരെ നടപ്പിലാക്കുന്ന ദേശീയ ജലപാതയുടെ പൊന്നാനി വരെയുള്ള ആദ്യഘട്ട പ്രവര്‍ത്തനം മാര്‍ച്ച് മാസത്തിന് മുമ്പായി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
കൂടാതെ കൊച്ചി മെട്രോ, ഗിഫ്റ്റ് സിറ്റി പദ്ധതി, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, ടൂറിസം, ദേശീയപാത സയന്‍സ് സിറ്റി, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, സയന്‍സ് പാര്‍ക്ക്, കാര്‍ബണ്‍ ന്യൂട്രല്‍ പാര്‍ക്ക് തുടങ്ങിയ വിവിധ പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്.
കേരളത്തില്‍ ഉണ്ടായ ഈ മാറ്റം ജനങ്ങള്‍ ചര്‍ച്ച ചെയ്യണം. ഈ മാറ്റങ്ങളെ കുറിച്ച് ജനങ്ങളുടെ അഭിപ്രായങ്ങള്‍ അറിയണം. ഏതെല്ലാം മേഖലകളില്‍ മാറ്റം വരണമെന്ന് ചര്‍ച്ച ചെയ്യണം. പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന മേഖലകള്‍ ഏതെല്ലാം എന്ന് കണ്ടെത്തണം തുടങ്ങിയ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാണ് നവ കേരള സദസ് സംഘടിപ്പിക്കുന്നത്. ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ഉചിതമായ തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ നവ കേരള സദസ് വഴി സാധിക്കും. വിവിധ വകുപ്പുകള്‍, സഹകരണ സംഘങ്ങള്‍, കര്‍ഷകര്‍ തുടങ്ങി വിവിധ മേഖലകളെ ഉള്‍ക്കൊള്ളിച്ച് കളമശ്ശേരി മണ്ഡലത്തില്‍ സംഘടിപ്പിക്കുന്ന നവ കേരള സദസ് ചരിത്ര സംഭവവുമായി മാറണമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ മന്ത്രി മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കളമശ്ശേരി ടൗണ്‍ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ മന്ത്രി പി.രാജീവിനെ ചെയര്‍മാനായി തിരഞ്ഞെടുത്തു. ജില്ലാ വ്യവസായ ഓഫീസര്‍ പി.എ നജീബിനെ കണ്‍വീനറായി തിരഞ്ഞെടുത്തു. കൂടാതെ വൈസ് ചെയര്‍മാന്‍ന്മാര്‍, റിസപ്ഷന്‍ കമ്മിറ്റി, പ്രോഗ്രാം കമ്മിറ്റി, സ്റ്റേജ് കമ്മിറ്റി, ഫുഡ് കമ്മിറ്റി, പബ്ലിസിറ്റി കമ്മിറ്റി, വാളന്റീയര്‍ കമ്മിറ്റി തുടങ്ങിയ വിവിധ കമ്മിറ്റിയിലേക്ക് സംഘാടകരെ തിരഞ്ഞെടുത്തു.
ഡിസംബര്‍ എട്ട് വൈകിട്ട് നാലിന് കളമശ്ശേരിയിലെ ആഷിസ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് കളമശ്ശേരി മണ്ഡലതല നവ കേരള സംഘടിപ്പിക്കുന്നത്. കടുങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തില്‍ അധ്യക്ഷത വഹിച്ച സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ഏലൂര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ എ.ഡി സുജില്‍, ജില്ലാ വ്യവസായ ഓഫീസര്‍ പി.എ നജീബ്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, കടുങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തില്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.വി രവീന്ദ്രന്‍, യേശുദാസ് പറപ്പിള്ളി, കരുമാലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.