ഒരു ലക്ഷം സംരംഭങ്ങൾ ചരിത്ര നേട്ടമെന്ന് പി.രാജീവ്
text_fieldsകൊച്ചി : ഒരു ലക്ഷം സംരംഭങ്ങൾക്ക് 245 ദിവസങ്ങൾ കൊണ്ട് തുടക്കം കുറിക്കാനായത് ചരിത്രനേട്ടമാണെന്ന് മന്ത്രി പി.രാജീവ്. പൊതു വിദ്യാഭ്യാസ വകുപ്പ് വൊക്കേഷ്ണൽ ഹയർ സെക്കന്ററി വിഭാഗം കരിയർ ഗൈഡൻസ് ആൻ്റ് കൗൺസിലിംഗ് സെല്ലിന്റേയും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും സഹകരണത്തോടെ നടത്തിയ 'വോക്ക് ഓൺ 2023' തൊഴിൽമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംരംഭങ്ങൾ ആരംഭിച്ചതിൽ 38 ശതമാനവും സ്ത്രീ സംരംഭകരാണ്. സംരംഭങ്ങളുടെ എണ്ണം ജനുവരിയിൽ 1.22 ലക്ഷവും മാർച്ചിൽ ഒന്നര ലക്ഷവും ആകും. സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് ഗ്രാമപഞ്ചായത്ത് - നഗര സഭ ഓഫീസുകളിലെ ഇന്റേണുകളുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. സംരംഭങ്ങളിൽ എന്തെങ്കിലും പ്രശ്നങ്ങൾ തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ എം.എസ്.എം.ഇ (മൈക്രോ സ്മോൾ ആന്റ് മീഡിയം എന്റർപ്രൈസസ് )ക്ലിനിക്കുകൾ പ്രയോജനപ്പെടുത്താം.
വൊക്കേഷണൽ ഹയർ സെക്കന്ററി കോഴ്സുകൾ ഏറെ സാധ്യതയുള്ളതാണ്. കാലാനുസൃതമായ മാറ്റങ്ങൾ പാഠ്യപദ്ധതിയിൽ വരുത്തിയാണ് മുന്നോട്ട് പോകുന്നതെന്നും സർക്കാർ പരമാവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വി.എച്ച്.എസ്.സി യിൽ പ്ലസ് ടു തലത്തിൽ അടിസ്ഥാന വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് തൊഴിൽമേള സംഘടിപ്പിച്ചത്. വി.എച്ച്.എസ്.സി പൂർത്തിയാക്കിയ ശേഷം വ്യത്യസ്ത മേഖലകളിൽ ഡിപ്ലോമ കഴിഞ്ഞവർക്കും, ഉന്നത വിദ്യാഭ്യാസം നേടിയവർക്കും മേളയിൽ രജിസ്റ്റർ ചെയ്യുന്നതിന് അവസരം ഒരുക്കിയിരുന്നു.
കളമശ്ശേരി നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. എച്ച് സുബൈർ അധ്യക്ഷത വഹിച്ചു. വി.എച്ച്. എസ്.സി ഡെപ്യൂട്ടി ഡയക്ടർ (ജനറൽ ) ഇ.ആർ മിനി, എറണാകുളം മേഖലാ അസിസ്റ്റന്റ് ഡയറക്ടർ ലിസി ജോസഫ്, എൻ.ഐ.വി.എച്ച്.എസ്.എസ് മാറമ്പള്ളി പ്രിൻസിപ്പൽ ടി.വി മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.